

ബെർലിൻ: കേൾക്കുമ്പോൾ തന്നെ അത്ഭുതപ്പെട്ടു പോകുന്ന സംഭവമാണ് ജർമനിയിലെ പാർക്കിൽ അരങ്ങേറിയത്. മനസ് ശാന്തമാക്കാൻ പാർക്കിലെത്തിയ യുവതി ബെഞ്ചിൽ കുറച്ച് നേരം ഇരുന്നു. ഇതേ സമയം അവിടെ എത്തിയ മുനിസിപ്പൽ അധികൃതർ, അവിടെ കളിക്കുന്ന കുട്ടികൾ അവരുടെതാണോയെന്ന് അന്വേഷിച്ചു. അല്ലെന്ന് യുവതി മറുപടി നൽകിയതോടെ പിഴ ചുമത്തുകയായിരുന്നു.
ജർമനിയിലെ ഗെൽസെൻകിർഷനിലാണ് സംഭവം നടന്നത്. ബെഞ്ചിലിരുന്ന് ബന്ധുവിനെ ഫോണിൽ വിളിച്ചുകൊണ്ടിരുന്ന ഹാന എന്ന യുവതിക്കാണ് അധികൃതർ 2500 രൂപ പിഴ ചുമത്തിയത്. കുട്ടികളില്ലാതെ കളിസ്ഥലത്ത് പ്രവേശിക്കാനും അവിടെ ഇരിക്കാനും അനുമതിയില്ലെന്ന കാര്യം യുവതിക്ക് അറിയില്ലായിരുന്നു.
സംഭവത്തിൽ ഹാന നിരാശ പ്രകടിപ്പിച്ചു. ഉദ്യോഗസ്ഥരുടെ നടപടിയിൽ പ്രദേശവാസികളും അതൃപ്തി പ്രകടിപ്പിച്ചു. 14 വയസും അതിൽ താഴെയുമുള്ള കുട്ടികൾക്കായി മാറ്റിവച്ചിരിക്കുന്ന കളിസ്ഥലങ്ങളിൽ മുതിർന്നവർക്ക് കുട്ടികളോടൊപ്പം മാത്രമേ പ്രവേശിക്കാനാകൂ എന്നാണ് നഗരസഭയുടെ ചട്ടം. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നത് ഉൾപ്പെടെയുള്ള അപകടസാധ്യതകൾ ഒഴിവാക്കാനും കളിസ്ഥലങ്ങളുടെ അനധികൃത ഉപയോഗം തടയാനുമാണ് നിയന്ത്രണങ്ങളെന്നും അധികൃതർ വിശദീകരിച്ചു.