

കെയ്റോ: ഈജിപ്തിന്റെ തലസ്ഥാനമായ കെയ്റോയ്ക്ക് സമീപം ജനവാസ മേഖലയിലുണ്ടായ വൻ തീപിടിത്തത്തിൽ 31 പേർ മരിക്കുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബുധനാഴ്ച ഗിസ പ്രവിശ്യയിലെ അൽ വാറാഖ് ജില്ലയിൽ കെയ്റോ റിംഗ് റോഡിലെ തുരങ്കത്തിന് മുകളിലാണ് ദാരുണമായ അപകടമുണ്ടായത്. അപകടത്തിൽ കാറുകളും ബൈക്കുകളുമടക്കം 27 വാഹനങ്ങൾ കത്തി നശിച്ചു.
പെട്രോളിയം ഉൽപ്പന്നങ്ങളുമായി പോവുകയായിരുന്ന സ്വകാര്യ ടാങ്കർ ലോറി നിയന്ത്രണം വിട്ട് മറിയുകയും തുടർന്ന് പൊട്ടിത്തെറിച്ച് തീപിടിക്കുകയുമായിരുന്നു എന്ന് ഈജിപ്ഷ്യൻ പെട്രോളിയം മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും അറിയിച്ചു. അപകടത്തെത്തുടർന്ന് റോഡിലുണ്ടായിരുന്ന മറ്റ് വാഹനങ്ങളിലേക്കും തീ പടർന്നു പിടിച്ചു. പ്രദേശത്ത് കറുത്ത പുകച്ചുരുളുകൾ ഉയർന്നതോടെ പരിഭ്രാന്തി പരന്നു.
അപകടവിവരം അറിഞ്ഞയുടൻ 39 ആംബുലൻസുകളും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ 25 പേരെ സമീപത്തുള്ള മൂന്ന് ആശുപത്രികളിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരിൽ പലരുടെയും നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. അഗ്നിരക്ഷാ സേന തീ പൂർണ്ണമായും നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്.
പ്രദേശത്തെ ആശുപത്രികൾക്ക് ജാഗ്രതാ നിർദേശം നൽകിയതായും പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ചതായും ആരോഗ്യമന്ത്രി ഖാലിദ് അബ്ദുൽ ഗഫാർ വ്യക്തമാക്കി. അപകടത്തിൻ്റെ കൃത്യമായ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുള്ളതായാണ് പ്രാഥമിക വിലയിരുത്തൽ.