

തായ് പോ: ഹോങ്കോങ്ങിലെ ഒരു ഭവന സമുച്ചയത്തിലെ ഏഴ് ബഹുനില അപ്പാർട്ട്മെൻ്റ് കെട്ടിടങ്ങളിൽ ഒരേസമയം തീപടർന്ന് ഉണ്ടായ വൻ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 36 ആയി ഉയർന്നു. നിലവിൽ 279 പേരെ കാണാതായെന്നും അധികൃതർ മാധ്യമങ്ങളെ അറിയിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. തീപടർന്ന ഏകദേശം രണ്ടായിരത്തോളം ഫ്ലാറ്റുകളിലായി 4800ഓളം ആളുകളാണ് താമസിച്ചിരുന്നത്.
ഏതാനും ചിലർ ഇപ്പോഴും കെട്ടിടത്തിൽ കുടുങ്ങിക്കിടക്കുന്നതായി നഗരത്തിലെ അഗ്നിശമന സേനാ അധികൃതർ ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചു. അപകടത്തെ തുടർന്ന് 700ഓളം പേരെ താൽക്കാലിക ഷെൽട്ടറുകളിലേക്ക് മാറ്റി. 128 ഫയർ ട്രക്കുകളും 57 ആംബുലൻസുകളും സ്ഥലത്തെത്തിയാണ് തീ അണച്ചത്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 2.51നാണ് തീപിടിത്തം സംബന്ധിച്ച ആദ്യ വിവരം ഫയർ ഫോഴ്സിന് ലഭിച്ചത്. തായിപോയിലെ വാങ് ഫുക് കോര്‍ട്ടിലാണ് ആദ്യം തീ പൊട്ടിപ്പുറപ്പെട്ടത്. എട്ട് ബ്ലോക്കുകളിലായി 2000ത്തോളം ഫ്‌ളാറ്റുകളുള്ള ഭവന സമുച്ചയമാണ് വാങ്ക ഫുക്. മരിച്ചവരിൽ ഒരു അഗ്നിശമന സേനാംഗവും ഉൾപ്പെടുന്നുണ്ട്.
ഭവന സമുച്ചയത്തിൻ്റെ പുറംഭാഗത്ത് സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമിതികളിലേക്കും നിർമാണ വലകളിലേക്കും പെട്ടെന്ന് തീ പടർന്നതാണ് അപകടത്തിലേക്ക് നയിച്ചത്. തീപിടുത്തത്തിൽ കുടുങ്ങിയ താമസക്കാരിൽ ഭൂരിഭാഗവും പ്രായമായവരാണെന്ന് കരുതുന്നുവെന്ന് തായ്‌പോ ജില്ലാ കൗൺസിൽ അംഗം ലോ ഹിയു-ഫങ് ബുധനാഴ്ച പ്രാദേശിക ടിവി സ്റ്റേഷനായ ടിവിബിയോട് പറഞ്ഞു.