"സത്യം അതേപടി അറിയിക്കാൻ ഒരിക്കലും മടിച്ചിട്ടില്ല"; ഗാസയില്‍ ഇസ്രയേല്‍ ആക്രമണം, അനസ് അൽ ഷെരീഫ് ഉള്‍പ്പെടെ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു

അൽ ഷിഫാ ആശുപത്രിക്ക് പുറത്തെ മാധ്യമ ക്യാംപിലേക്ക് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്
ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ അനസ് അൽ ഷെരീഫ്, മുഹമ്മദ് ഖുറൈഖ
ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ അനസ് അൽ ഷെരീഫ്, മുഹമ്മദ് ഖുറൈഖ
Published on

ഗാസയിലെ ഇസ്രയേൽ ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു. അൽ ജസീറയുടെ മാധ്യമപ്രവർത്തകരാണ് കൊല്ലപ്പെട്ടത്. അൽ ഷിഫാ ആശുപത്രിക്ക് പുറത്തെ മാധ്യമ ക്യാംപിലേക്ക് ആക്രമണം നടത്തുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

അൽ ജസീറ കറസ്പോണ്ടന്റ് അനസ് അൽ ഷെരീഫ് ഉൾപ്പെടെയുള്ളവരാണ് കൊല്ലപ്പെട്ടത്. അനസിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇസ്രയേൽ സൈന്യം ഏറ്റെടുത്തതായാണ് റിപ്പോർട്ടുകള്‍. ഹമാസിന്റെ സായുധ വിഭാഗത്തിലെ ഒരു യൂണിറ്റിനെ അൽ-ഷെരീഫ് നയിച്ചുവെന്നാണ് ഇസ്രയേല്‍ ആരോപിക്കുന്നത്.

ഗാസയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകർ അനസ് അൽ ഷെരീഫ്, മുഹമ്മദ് ഖുറൈഖ
"വംശഹത്യയുടെ പുതിയ ഘട്ടം"; ഗാസ പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ പദ്ധതിക്കെതിരെ മുസ്ലീം രാഷ്ട്രങ്ങൾ ഐക്യപ്പെടണമെന്ന് തുർക്കി

ഗാസയിലെ പ്രമുഖരായ പത്രപ്രവർത്തകരിൽ ഒരാളായിരുന്നു 28 കാരനായ അനസ് അൽ ഷെരീഫ്. തന്റെ ജീവൻ അപകടത്തിലാണെന്ന ഉത്തമബോധ്യത്തിലാണ് അനസ് ഉള്‍പ്പെടെയുള്ള മാധ്യമപ്രവർത്തകർ ഗാസയില്‍ റിപ്പോർട്ടിങ് നടത്തിയിരുന്നത്. മരിക്കുന്നതിന് തൊട്ട് മുന്‍പായിരുന്നു അനസ് അൽ ഷെരീഫിന്റെ അവസാന റിപ്പോർട്ടിങ്. വടക്കന്‍ ഗാസയിലെ ശക്തമായ ബോംബാക്രമണങ്ങളായിരുന്നു ദൃശ്യങ്ങളില്‍. അനസിനെ ലക്ഷ്യം വെച്ചായിരുന്നു മാധ്യമ ക്യാംപിന് നേരെ നടന്ന ആക്രമണം എന്നാണ് പുറത്തുവരുന്ന വിവരം.

അനസ് ഹമാസിന്റെ ഒരു സായുധ വിഭാഗത്തിന് നേതൃത്വം നല്‍കുന്നുവെന്ന് ഇസ്രയേല്‍ സേന മുന്‍പും പ്രചരിപ്പിച്ചിരുന്നു. ഇസ്രയേല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിച്ച ഘട്ടത്തില്‍ തന്നെ അനസിന്റെ ജീവന് ഭീഷണിയുണ്ടെന്ന് കമ്മറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ് (സിജിപി) മുന്നറിയിപ്പ് നല്‍കിയിരുന്നു.

താന്‍ മരിക്കുകയാണെങ്കില്‍ ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്യാനുള്ള തന്റെ അവസാന സന്ദേശവും അനസ് തയ്യാറാക്കിയിരുന്നു. "വളച്ചൊടിക്കല്‍ ഇല്ലാതെ, സത്യം അതേപടി അറിയിക്കാൻ ഞാൻ ഒരിക്കലും മടിച്ചിട്ടില്ല... നമ്മുടെ കുട്ടികളുടെയും സ്ത്രീകളുടെയും കീറിമുറിച്ച ശരീരങ്ങളോ, ഒന്നര വർഷത്തിലേറെയായി നമ്മുടെ ജനങ്ങൾക്ക് മേൽ നടത്തിയ കൂട്ടക്കൊലകളോ തടയാൻ നടപടിയെടുക്കാൻ അവരെ പ്രേരിപ്പിച്ചില്ല....ചങ്ങലകൾ നിങ്ങളെ നിശബ്ദരാക്കാനോ അതിർത്തികൾ നിങ്ങളെ പിന്നോട്ട് വലിക്കാനോ അനുവദിക്കരുതെന്ന് ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. നമ്മുടെ തട്ടിയെടുക്കപ്പെട്ട മാതൃരാജ്യത്തിന് മുകളിൽ അന്തസ്സിന്റെയും സ്വാതന്ത്ര്യത്തിന്റെയും സൂര്യൻ ഉദിക്കുന്നത് വരെ, നാടിന്റെയും ജനങ്ങളുടെയും വിമോചനത്തിലേക്കുള്ള പാലങ്ങളാകുക," അനസ് കുറിച്ചുവെച്ചു.

അൽ ജസീറ മാധ്യമപ്രവർത്തകരുടെ കൊലപാതകത്തില്‍ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക് അനുശോചനം രേഖപ്പെടുത്തി. ഗാസയില്‍ എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കുമെന്നും മാധ്യമ പ്രവർത്തകർക്ക് അവരുടെ ജോലി സ്വതന്ത്രമായും ഭയമില്ലാതെയും ചെയ്യാൻ കഴിയാന്‍ സാഹചര്യമുണ്ടാക്കണമെന്നും ഡുജാറിക് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com