"വിമാനം തകരാന്‍ പോകുന്നു"; പൈലറ്റിന്റെ മുന്നറിയിപ്പിന് പിന്നാലെ താഴേക്ക് പതിച്ചു, 9 പേര്‍ക്ക് ദാരുണാന്ത്യം

ഫ്‌ളോറിഡയില്‍ സ്വകാര്യ ജെറ്റ് തകര്‍ന്നു; വിമാനം തീഗോളമായി മാറുന്ന ദൃശ്യങ്ങള്‍ പുറത്ത്
ഫ്‌ളോറിഡയില്‍ തകര്‍ന്നുവീണ് തീപിടിച്ച സ്വകാര്യ ജെറ്റ് വിമാനം
Published on: 
Updated on: 

തലാഹസി: ഫ്‌ളോറിഡയില്‍ സ്വകാര്യ ജെറ്റ് വിമാനം തകര്‍ന്ന് ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം. ടെക്‌സസിലെ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട വിമാനമാണ് നിലംപതിച്ച് കത്തിയമര്‍ന്നത്. മോശം കാലാവസ്ഥയെ തുടര്‍ന്നാണ് അപകടം എന്നാണ് സൂചന.

വിമാനം കുത്തനെ താഴേക്ക് പതിച്ച് തീഗോളമായി മാറുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ജനവാസ മേഖലയില്‍ വാഹനങ്ങള്‍ക്ക് തൊട്ടടുത്ത് റോഡിലേക്കാണ് വിമാനം പതിച്ചത്. അപകടത്തില്‍ പ്രദേശവാസികള്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ല.

റോഡ് സൈഡില്‍ ഒരു മിസൈല്‍ പതിക്കുന്നത് പോലെയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ഞായറാഴ്ച പ്രദേശത്ത് കനത്ത മഴയായിരുന്നു. അമിത മഴയെത്തുടര്‍ന്ന് തിങ്കളാഴ്ച ഉച്ചവരെ പ്രളയ മുന്നറിയിപ്പ് നിലവിലുണ്ടായിരുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു.

ടെക്‌സസിലെ ഓസ്റ്റിന്‍-ബര്‍ഗ്‌സ്‌ട്രോം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ബഹാമാസിലേക്ക് പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം 35,000 അടി ഉയരത്തില്‍ കിഴക്കോട്ട് സഞ്ചരിക്കുമ്പോള്‍ കനത്ത കാറ്റും ഐസ് മഴയും പൈലറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 2,000 അടി ഉയരത്തിലേക്ക് പോകാന്‍ അനുവാദം ചോദിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പെട്ടെന്ന് വിമാനം കുത്തനെ താഴേക്ക് പതിക്കുകയായിരുന്നു. വിമാനം അപകടത്തിലാണെന്ന് പൈലറ്റ് മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയായിരുന്നു അപകടം. വിമാനം തകരാന്‍ പോകുന്നുവെന്നാണ് പൈലറ്റ് അവസാനമായി പറഞ്ഞത്. അപകടത്തിന് മിനിറ്റുകള്‍ക്ക് മുമ്പ് വിമാനത്തില്‍ ഐസ് അടിഞ്ഞുകൂടുന്നുണ്ടെന്നും 700 അടിയോളം ഉയരത്തില്‍ വിമാനം കുലുങ്ങുന്നുണ്ടെന്നും പൈലറ്റ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.