

ഹേഗ്: കൊസോവോ മുൻ പ്രസിഡൻ്റ് ഹാഷിം താച്ചിന് യുദ്ധക്കുറ്റങ്ങളുടെ പേരിൽ 25 വർഷം തടവു ശിക്ഷ വിധിച്ചു. നെതർലാൻഡിലെ ഹേഗിലുള്ള വിചാരണ കോടതിയാണ് ചരിത്രപരമായ ശിക്ഷ വിധിച്ചത്.
1990-കളിൽ സെർബിയയിൽ നിന്ന് സ്വാതന്ത്ര്യം നേടുന്നതിനായുള്ള കൊസോവോ യുദ്ധകാലത്ത് കൊസോവോ ലിബറേഷൻ ആർമിയുടെ കമാൻഡർ ആയിരിക്കെ, കൊലപാതകം, പീഡനം, നിയമ വിരുദ്ധമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളിൽ പങ്കാളിയായി എന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. യുദ്ധകാലത്ത് 96 രാഷ്ട്രീയ എതിരാളികളെയും സെർബിയൻ സുരക്ഷാ സേനയെ പിന്തുണയ്ക്കുന്നുവെന്ന് സംശയിച്ചവരെയും കൊലപ്പെടുത്തിയതിൽ ഹാഷിം താച്ചിന് പങ്കുണ്ടെന്ന് കോടതി കണ്ടെത്തി.
കൂടാതെ 385 പേരെ നിയമ വിരുദ്ധമായി തടങ്കലിൽ വച്ചതിനും 300-ലധികം ആളുകളെ പീഡിപ്പിച്ചതിനും ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കൊസോവോയിൽ ഹാഷിം താച്ചിനെ ഒരു വലിയ ജനവിഭാഗം സ്വാതന്ത്ര്യസമര നായകനായി കാണുന്നതിനാൽ ഹേഗിലെ കോടതി വിധിക്കെതിരെ കൊസോവോ തലസ്ഥാനമായ പ്രിസ്റ്റീനയിൽ പ്രതിഷേധങ്ങൾ അരങ്ങേറി.
എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ഹാഷിം താച്ചി നിഷേധിച്ചിട്ടുണ്ട്. മൂന്ന് വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് വിധി വന്നത്. കേസിൽ താച്ചിക്കൊപ്പം വിചാരണ നേരിട്ട മറ്റ് കെഎൽഎ നേതാക്കളായ യാകുപ് ക്രാസ്നിഖിക്ക് 25 വർഷവും, കദ്രി വെസേലിക്ക് 18 വർഷവും, റെക്സെപ് സെലീമിക്ക് 13 വർഷവും തടവുശിക്ഷ വിധിച്ചിട്ടുണ്ട്. 2020-ൽ കോടതി കുറ്റപത്രം സമർപ്പിച്ചതിനെ തുടർന്ന് ഹാഷിം താച്ചി കൊസോവോ പ്രസിഡൻ്റ് സ്ഥാനം രാജി വയ്ക്കുകയും കോടതിക്ക് മുന്നിൽ കീഴടങ്ങുകയുമായിരുന്നു.