

വാഷിങ്ടണ്‍: യുഎസിന് അനുകൂലമായ കരാറിലേക്ക് ഇറാന്‍ അടുക്കുകയാണെന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ പരിഹസിച്ച് ഇറാന്റെ ഔദ്യോഗിക മാധ്യമങ്ങള്‍. യുഎസിന് സൗജന്യമായി എണ്ണയും ഹോര്‍മുസ് കടലിടുക്കില്‍ സ്വതന്ത്ര പ്രവേശനവും നല്‍കുന്ന തരത്തിലുള്ള കരാറിനോട് ഇറാന്‍ അടുത്തു നില്‍ക്കുകയാണെന്ന ട്രംപിന്റെ അവകാശവാദത്തെയാണ് ഇറാന്‍ സ്റ്റേറ്റ് ബ്രോഡ്കാസ്റ്ററായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിംഗ് (ഐആര്‍ഐബി) എക്‌സിലൂടെ പരിഹസിച്ചത്.
യുഎസ് പ്രസിഡന്റ് വെറുതെ ആകാശക്കോട്ടകള്‍ കെട്ടുകയാണെന്ന് പരിഹസിക്കുന്ന പോസ്റ്റില്‍ ഒരു പേര്‍ഷ്യന്‍ പഴഞ്ചൊല്ലും പങ്കുവെച്ചിട്ടുണ്ട്.
'ഒട്ടകം പരുത്തിക്കുരു സ്വപ്നം കാണുന്നു; ചിലപ്പോള്‍ അത് വാരിക്കഴിക്കുന്നു, മറ്റുചിലപ്പോള്‍ ഓരോ മണിയായി തിന്നുന്നു'. അമിതമായ ആഗ്രഹങ്ങളെയും മോഹങ്ങളെയും കുറിച്ചുള്ള പേര്‍ഷ്യന്‍ പഴഞ്ചൊല്ലാണിത്. ഒരാള്‍ തനിക്ക് ഏറ്റവും പ്രിയപ്പെട്ടതോ അല്ലെങ്കില്‍, ലഭിക്കാന്‍ പ്രയാസമുള്ളതോ ആയ ഒന്നിനെ സ്വപ്‌നം കാണുമ്പോള്‍ അത് പല രീതിയില്‍ ആസ്വദിക്കുന്നത് ഭാവനയില്‍ കാണുന്നു എന്നതിനെയാണ് ഈ പഴഞ്ചൊല്ല് അര്‍ഥമാക്കുന്നത്.
ഇറാനുമായി ഉടന്‍ കരാറിലെത്തുമെന്നും അതിലൂടെ യുഎസിന് സൗജന്യമായി എണ്ണയും ഹോര്‍മുസില്‍ സൗജന്യ പ്രവേശനവും എന്ന ട്രംപിന്റെ അവകാശവാദം വെറും വ്യാമോഹം മാത്രമാണെന്നാണ് ഇറാന്റെ പ്രതികരണം. യുഎസും ഇസ്രയേലും ചേര്‍ന്ന് ഫെബ്രുവരി 28ന് കൊലപ്പെടുത്തിയ ഇറാന്റെ മുന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയും നേരത്തേ ട്രംപിനെ പരിഹസിക്കാന്‍ ഈ പേര്‍ഷ്യന്‍ പഴഞ്ചൊല്ല് ഉപയോഗിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് മാധ്യമപ്രവര്‍ത്തകരോട് ഇറാനുമായി സമാധാന കരാറില്‍ ഉടന്‍ എത്തുമെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാന്റെ കൈവശമുള്ള സമ്പുഷ്ട യുറേനിയം യുഎസിന് കൈമാറാന്‍ സമ്മതിച്ചുവെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു.
ഇറാനുമായി കരാറിലെത്തിയാല്‍ ഉടന്‍ അക്കാര്യം പ്രഖ്യാപിക്കുമെന്നും അതുവഴി യുഎസിന് സൗജന്യ എണ്ണയും ഹോര്‍മുസില്‍ സൗജന്യ പ്രവേശനവും ലഭിക്കുമെന്നും എല്ലാം നല്ല രീതിയില്‍ നടക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. മാത്രമല്ല, എണ്ണ വില ഇതുവരെയില്ലാത്ത രീതിയില്‍ കുറയുമെന്നും ട്രംപ് പറഞ്ഞിരുന്നു.
കഴിഞ്ഞ വാരാന്ത്യത്തില്‍ ഇത് സംബന്ധിച്ച് ഇസ്ലാമാബാദില്‍ നടന്ന 21 മണിക്കൂര്‍ നീണ്ട മാരത്തണ്‍ സമാധാന ചര്‍ച്ച പരാജയപ്പെട്ടിരുന്നു. അന്ന് സമ്പുഷ്ട യുറേനിയത്തിന്റെ അവകാശം ടെഹ്റാന്‍ ഉപേക്ഷിക്കാന്‍ വിസമ്മതിച്ചിരുന്നു. ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണം 20 വര്‍ഷത്തേക്ക് മരവിപ്പിക്കാനായിരുന്നു യുഎസിന്റെ നിര്‍ദേശം. എന്നാല്‍ അഞ്ച് വര്‍ഷത്തേക്ക് മാത്രമേ അത് നടപ്പിലാക്കുവാനാകൂ എന്ന് ഇറാന്‍ വ്യക്തമാക്കിയതായി ന്യൂയോര്‍ക്ക് ടൈംസും വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.