

ടെൽ അവീവ്: സർക്കാർ രൂപീകരണ ദൗത്യം ഗാദി ഐസൻകോട്ടിന് ഔദ്യോഗികമായി കൈമാറി ഇസ്രയേൽ പ്രസിഡൻ്റ് ഐസക് ഹെർസോഗ്. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് സർക്കാർ രൂപീകരണത്തിനുള്ള ഔദ്യോഗിക ചുമതല കൈമാറിയത്. 28 ദിവസങ്ങൾക്കുള്ളിൽ സഖ്യം രൂപീകരിച്ച് ഭൂരിപക്ഷം തെളിയിക്കണമെന്നതാണ് ആവശ്യം. അത് പരാജയപ്പെട്ടാൽ 14 ദിവസം കൂടി നീട്ടി നൽകും.
ഇതിലും പരാജയപ്പെട്ടാൽ നെതന്യാഹുവിൻ്റെ ഊഴമായിരിക്കും. അതും പരാജയപ്പെടുകയാണെങ്കിൽ മറ്റൊരു നേതാവിന് സർക്കാർ രൂപീകരിക്കാൻ പ്രസിഡൻ്റിന് അവസരം നൽകാനാകും. മൂന്നാമതൊരു സ്ഥാനാർത്ഥിക്ക് അവസരം നൽകണമെന്ന് നെസെറ്റിന് ആവശ്യപ്പെടാം. അവർക്ക് ഈ ദൗത്യം പൂർത്തിയാക്കാൻ 14 ദിവസത്തെ സമയം ലഭിക്കും. ഇതെല്ലാം പരാജയപ്പെട്ടാൽ ഇസ്രയേൽ വീണ്ടും തെരഞ്ഞെടുപ്പിലേക്ക് പോകും.
ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം നേടാൻ സാധിക്കാതെ വന്നിരുന്നു. ഇതോടെ പാർട്ടികളുമായി ചർച്ചകൾ നടത്തിയ ശേഷമാണ് രണ്ടാമത്തെ വലിയ കക്ഷിയായ ഐസൻകോട്ടിനെ പ്രസിഡൻ്റ് സർക്കാർ രൂപീകരണത്തിനായി ആദ്യം ക്ഷണിച്ചിരിക്കുന്നത്. പ്രസിഡൻ്റുമായുള്ള ചർച്ചയിൽ അറബ് പാർട്ടികൾ അടക്കം ഐസൻകോട്ടിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇത് പ്രകാരം 67 സീറ്റുകൾ ഐസൻകോട്ട് പക്ഷത്തിനുണ്ട്. നെതന്യാഹു പക്ഷത്തിന് 46 സീറ്റുകളാണുള്ളത്.
ആകെ 120 അംഗങ്ങളുള്ള ഇസ്രയേൽ പാർലമെൻ്റായ നെസെറ്റിൽ ഭൂരിപക്ഷത്തിന് വേണ്ടത് 61 സീറ്റ് ആണെന്നിരിക്കെ ഭരണം പിടിക്കാനാകുമെന്നാണ് പ്രതീക്ഷ. അറബ് പാർട്ടികൾ ഐസൻകോട്ടിനെ പിന്തുണച്ചിട്ടുണ്ടെങ്കിലും ഘടകകക്ഷികൾക്കിടയിൽ ഇത് സംബന്ധിച്ച് ഒരു ധാരണയിലെത്താൻ സാധിച്ചിട്ടില്ല. അതിനാൽ ഐസൻകോട്ടിന് മുന്നിൽ വെല്ലുവിളികൾ ഏറെയുണ്ട്.
പ്രസിഡൻ്റ് ഹെർസോഗിൻ്റെ പ്രഖ്യാപനത്തിന് പിന്നാലെ 'ദേശീയ അടിയന്തര സർക്കാർ ഉണ്ടാക്കാനുള്ള സമയമാണ് ഇപ്പോൾ' എന്ന് ഐസൻകോട്ട് എക്സിലൂടെ പ്രതികരിച്ചു. 'നാം അതിന് യോഗ്യരാണെന്ന് ഉറപ്പാക്കാൻ ഞാൻ സാധ്യമായതെല്ലാം ചെയ്യും' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.