
ഇസ്രയേൽ തടഞ്ഞുവെച്ച സന്നദ്ധപ്രവർത്തകരുടെ കപ്പൽ അഷ്ദോദ് തുറമുഖത്ത് നങ്കൂരമിട്ടതായി റിപ്പോർട്ട്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ് ഉൾപ്പെടെ കപ്പലിലുണ്ടായിരുന്ന 12 പേരും സുരക്ഷിതരാണെന്നും ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയതായും ഇസ്രയേൽ വിദേശ്യകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രയേൽ കപ്പൽ തടഞ്ഞതിന് ശേഷം യാത്രക്കാരിൽ ആരുമായും ബന്ധപ്പെടാൻ അനുവദിച്ചില്ലെന്നും 19 മണിക്കൂറായി അവരെക്കുറിച്ച് ഒരു വിവരവുമില്ലെന്നും ഗാസയിലേക്കുള്ള യാത്ര സംഘടിപ്പിച്ച മാനുഷിക സംഘടനകളുടെ കൂട്ടായ്മയായ ഫ്രീഡം ഫ്ലോട്ടില്ല പറഞ്ഞു.
ഇന്നലെ പുലർച്ചയോടെയാണ് ഇസ്രയേൽ ആക്രമണത്തിൽ ദുരിതത്തിലായ ഗാസയിലെ ജനതയ്ക്ക് സഹായവും പിന്തുണയുമായി തിരിച്ച സന്നദ്ധപ്രവർത്തകരുടെ കപ്പൽ ഇസ്രയേൽ തടഞ്ഞത്. പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബർഗ്, യുറോപ്യൻ പാർലമെന്റ് അംഗം റിമ ഹസൻ ഉൾപ്പെടെ 12 പേരായിരുന്നു കപ്പലിലുള്ളത്. സംഘത്തെ തടഞ്ഞുവച്ചത് സ്ഥിരീകരിച്ചുകൊണ്ടുള്ള വിവരങ്ങൾ പുറത്ത് വന്നതിന് ശേഷം ലൈഫ് ജാക്കറ്റ് ഇട്ട് കൈകൾ ഉയർത്തി സംഘം കപ്പലിൽ ഇരിക്കുന്ന ചിത്രം റിമ ഹസ്സൻ ഉൾപ്പെടെയുള്ളവർ എക്സിൽ പങ്കുവെച്ചിരുന്നു. പിന്നാലെ ഗ്രെറ്റയേയും മറ്റ് സന്നദ്ധപ്രവർത്തകരേയും തിരിച്ചയയ്ക്കുമെന്ന് ഇസ്രയേൽ വ്യക്തമാക്കിയിരുന്നു.
ഗാസയിലേക്ക് പുറപ്പെട്ട സെലിബ്രിറ്റികളുടെ ഷോ ഇവിടെ അവസാനിക്കുകയാണെന്നാണ് ഇസ്രയേൽ പ്രതികരിച്ചത്. എന്നാൽ കപ്പൽ പിടിച്ചെടുത്ത് ഇസ്രയേൽ തങ്ങളെ തട്ടിക്കൊണ്ടുപോയെന്നാണ് ഗ്രെറ്റ തുൻബർഗ് പറഞ്ഞത്. ഗാസയിൽ എത്തിച്ചേരാൻ എഫ്എഫ്സി നടത്തുന്ന രണ്ടാമത്തെ ശ്രമമാണിത്. ആദ്യ ദൗത്യം മാള്‍ട്ട തീരത്ത് ഡ്രോണ്‍ ആക്രമണത്തെത്തുടര്‍ന്ന് നിര്‍ത്തിവയ്ക്കുകയായിരുന്നു.