തിരിച്ചുവരവിന് ഇനി ദിവസങ്ങൾ മാത്രം ബാക്കി; ബഹിരാകാശത്ത് ഉലുവയും ചെറുപയറും മുളപ്പിച്ച് ശുഭാൻഷു

പരീക്ഷണത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്പെയ്സ് അറിയിക്കുന്നത്.
grows methi and moong seeds at space by India's Shubhanshu Shukla
ശുഭാൻഷുവും സംഘവും Source: X/ ISRO
Published on

അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ തിരിച്ചുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ കാർഷികരംഗത്തെ പരീക്ഷണങ്ങളുമായി ശുഭാൻഷു ശുക്ല. പരീക്ഷണത്തിൻ്റെ ഭാഗമായി ബഹിരാകാശത്ത് ഉലുവയും ചെറുപയറും മുളപ്പിച്ചുവെന്നാണ് ആക്‌സിയം സ്പെയ്സ് അറിയിക്കുന്നത്.

പെട്രി ഡിഷുകളിൽ വിത്തുകൾ സൂക്ഷിക്കുന്നതിൻ്റെയും, മുളയ്ക്കുന്ന വിത്തുകൾ ഒരു സ്റ്റോറേജ് ഫ്രീസറിൽ സീക്ഷിക്കുന്നതിൻ്റെയും ഫോട്ടോ എടുത്തിരുന്നതായി പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. വിത്തുകൾ മുളയ്ക്കുന്നതിനും സസ്യത്തിൻ്റെ വളർച്ചയ്ക്കും ഭൂഗുരുത്വാകർഷണം എങ്ങനെയാണ് സ്വാധീനിക്കുന്നതെന്ന് കണ്ടെത്തുന്നതിനാണ് ഈ പരീക്ഷണം നടത്തുന്നത്.

grows methi and moong seeds at space by India's Shubhanshu Shukla
ബഹിരാകാശ നിലയത്തിൽ നിന്ന് ഭൂമിയെ നിരീക്ഷിച്ച് ശുഭാൻഷു ശുക്ല; ചിത്രങ്ങൾ പുറത്ത്!

ശാസ്ത്രജ്ഞരായ രവികുമാർ ഹൊസമണി, സുധീർ സിദ്ധാപുരെഡ്ഡി എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിന്റെ ഭാഗമാണ് മുളകൾ മുളയ്ക്കുന്നതിനുള്ള പരീക്ഷണം എന്ന് പിടിഐയെ ഉദ്ധരിച്ച് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു. ഹൊസാമണി ധാർവാഡിലെ കാർഷിക ശാസ്ത്ര സർവകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസറും, സിദ്ധാപുരെഡ്ഡി ജോലി ചെയ്യുന്നത് ധാർവാഡിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലുമാണ്.

ഈ സസ്യങ്ങൾ ഭൂമിയിലെത്തിച്ചാൽ സസ്യങ്ങളുടെ ജനിതകശാസ്ത്രം, സൂക്ഷ്മ ജീവികളുടെ ആവാസവ്യവസ്ഥ, പോഷകഗുണങ്ങൾ എന്നിവ സംബന്ധിച്ചുള്ള മാറ്റങ്ങൾ ഗവേഷകർ പരീക്ഷണത്തിന് വിധേയമാക്കുമെന്ന് ആക്സിയം സ്പെയ്സ് ഒരു പ്രസ്താനയിലൂടെ അറിയിച്ചു.

ആക്സിയം-4 ദൗത്യത്തിൻ്റെ ഭാഗമായി ബഹിരാകാശ നിലയത്തിലേക്ക് പോയ ശുഭാൻഷുവിൻ്റെ മടക്കയാത്ര ജൂലൈ 10 ന് ശേഷമായിരിക്കും. ഫ്ലോറിഡ തീരത്തെ കാലാവസ്ഥയെ കൂടി ആശ്രയിച്ചുകൊണ്ട്, ബഹിരാകാശ ദൗത്യം അൺഡോക്ക് ചെയ്യുന്നതിനുള്ള തീയതി നാസ ഉടൻ പ്രഖ്യാപിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

14 ദിവസംകൊണ്ട് 60 പരീക്ഷണങ്ങൾ നടത്തി ഭൂമിയിലേക്ക് മടങ്ങിവരിക എന്നതായിരുന്നു നാല് പേർ ഉൾപ്പെട്ട ആക്സിയം ദൗത്യത്തിൻ്റെ ലക്ഷ്യം. ജൂൺ 26നാണ് ശുഭാന്‍ഷു ശുക്ലയും സംഘവും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്. മിഷൻ കമാൻഡർ പെഗ്ഗി വിറ്റ്സൺ, മിഷൻ സ്പെഷ്യലിസ്റ്റുകളായ പോളണ്ടിൽ നിന്നുള്ള സ്ലാവോസ് ഉസ്നാൻസ്കി വിസ്നിയേവ്സ്കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കപു എന്നിവരാണ് സംഘത്തിലെ മറ്റുള്ളവർ.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com