

ഗാസയിലെ സാധാരണക്കാരെ ആക്രമിക്കാന്‍ ഹമാസ് പദ്ധതിയിടുന്നുവെന്ന ആരോപണവുമായി യുഎസ്. 'വിശ്വസനീയമായ റിപ്പോര്‍ട്ടുക'ളുടെ അടിസ്ഥാനത്തിലാണ് ആരോപണം ഉന്നയിക്കുന്നതെന്നും ഇത് വെടനിര്‍ത്തല്‍ ലംഘനമായിരിക്കുമെന്നാണ് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അവകാശപ്പെടുന്നത്.
പലസ്തീന്‍ സിവിലിയന്മാര്‍ക്കെതിരായ ആസൂത്രിത ആക്രമണം വെടിനിര്‍ത്തല്‍ കരാറിന്റെ പ്രത്യക്ഷവും ഗുരുതരവുമായ ലംഘനമായിരിക്കുമെന്നും മധ്യസ്ഥ ശ്രമങ്ങളിലൂടെ നേടിയെടുത്ത പുരോഗതിയെ ദുര്‍ബലപ്പെടുത്തുന്നതുമാണെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെൻ്റ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.
ആക്രമണവുമായി ഹമാസ് മുന്നോട്ടുപോകുകയാണെങ്കില്‍ ഗാസയിലെ ജനങ്ങളെ സംരക്ഷിക്കാനും വെടനിര്‍ത്തല്‍ കരാര്‍ നിലനിര്‍ത്തുന്നതിനുമായി നടപടിയെടുക്കുമെന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കിയതിനു പിന്നാലെയാണ് പുതിയ ആരോപണം. ഗാസയിലെ ജനങ്ങളെ ഹമാസ് കൊല്ലുകയാണെന്നും ഇത് തുടര്‍ന്നാല്‍ ഗാസയിലെത്തി ഹമാസിനെ ഇല്ലാതാക്കുമെന്നുമായിരുന്നു ട്രംപ് പറഞ്ഞത്. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ ആരോപണം.
കഴിഞ്ഞയാഴ്ചയാണ് ഇസ്രയേലും ഹമാസും തമ്മില്‍ വെടിനിര്‍ത്തലിനും ബന്ദിമോചനത്തിനുമുള്ള കരാറിലെത്തിയത്. ഇതിനു പിന്നാലെ ഗാസയിലുണ്ടായ ആഭ്യന്തര ആക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്. 'ഞങ്ങള്‍' ഗാസയിലെത്തി ഹമാസിനെ ഉന്മൂലനം ചെയ്യുമെന്ന് പറഞ്ഞ ട്രംപ്, ആരെയാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കിയിട്ടില്ല.
എന്നാല്‍ യുഎസ് സൈന്യം ആയിരിക്കില്ല ഇത് ചെയ്യുന്നതെന്നും, യുഎസ് സൈന്യത്തോട് അത് ചെയ്യാന്‍ താന്‍ ആവശ്യപ്പെടില്ലെന്നും ട്രംപ് പറഞ്ഞതായി ദി മിന്റ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ അത് ചെയ്യാന്‍ വളരെ അടുത്തുള്ള ആളുകളുണ്ട്. അവര്‍ ചെന്നാല്‍ ഈ കാര്യങ്ങള്‍ വളരെ എളുപ്പത്തില്‍ പൂര്‍ത്തിയാക്കുമെന്നും ട്രംപ് പറഞ്ഞതായും റിപ്പോര്‍ട്ട് ചെയ്തു.