ഗാസയിൽ വെടിനിർത്തലിന് വഴിതെളിയുന്നു. പുതിയ വെടിനിർത്തൽ നിർദേശം ഹമാസ് അംഗീകരിച്ചെന്ന് സൂചന. വെടിനിർത്തലിന് തയ്യാറാണെന്ന് ഹമാസ് മധ്യസ്ഥത വഹിക്കുന്ന രാജ്യങ്ങളെ അറിയിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതോടെ 22 മാസത്തിലേറെ നീണ്ട യുദ്ധം അവസാനിച്ചേക്കും.
വെടിനിർത്തലിന് സമ്മതം മൂളിയതായാണ് ഹമാസ് വൃത്തങ്ങൾ വാർത്താ ഏജൻസിയായ എഎഫ്‌പിയോട് പറഞ്ഞത്. "പുതിയ വെടിനിർത്തൽ നിർദേശം, ഒരു ഭേദഗതിയും ആവശ്യപ്പെടാതെ സമ്മതിച്ചുവെന്ന് മധ്യസ്ഥരോട് ഹമാസ് സ്ഥിരീകരിച്ചു," പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഹമാസ് വൃത്തങ്ങൾ എഎഫ്‌പിയോട് പറഞ്ഞു. 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലും രണ്ട് ബാച്ചുകളായി ബന്ദികളെ മോചിപ്പിക്കലും മധ്യസ്ഥർ നിർദേശിച്ചതായും ഒരു പലസ്തീൻ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎഫ്‌പി റിപ്പോർട്ട് ചെയ്യുന്നു.
യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് മുന്നോട്ടുവച്ച ഒരു നിർദേശങ്ങളെ അടിസ്ഥാനമാക്കിയാണ് വെടിനിർത്തൽ കരാർ. 60 ദിവസത്തെ താൽക്കാലിക വെടിനിർത്തലിന്റെ ഭാഗമായി, ഹമാസ് ബന്ദികളാക്കിയ 50 ഇസ്രയേൽ പൗരൻമാരിൽ, ജീവിച്ചിരിപ്പുണ്ടെന്ന് വിശ്വസിക്കുന്ന പകുതിയോളം പേരെ രണ്ട് ഘട്ടങ്ങളിലായി മോചിപ്പിക്കും. ഈ സമയം സ്ഥിരമായ വെടിനിർത്തൽ, ഇസ്രയേൽ സൈന്യത്തെ പിൻവലിക്കൽ എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ നടക്കുമെന്നാണ് സൂചന. എന്നാൽ വിഷയത്തിൽ ഇസ്രയേൽ പ്രതികരിച്ചിട്ടില്ല.
ബന്ദികളെ തിരികെ നൽകുന്നതിന് ഇസ്രയേൽ സർക്കാർ ഹമാസുമായി കരാറിൽ ഒപ്പിടണമെന്ന് ആവശ്യപ്പെട്ട് ലക്ഷക്കണക്കിന് ആളുകളാണ് ടെൽ അവീവിൽ ഒത്തുകൂടിയത്. യുദ്ധം അവസാനിപ്പിക്കാന്‍ ഹമാസുമായി കരാറിലെത്തണമെന്നും ബന്ദികളെ മോചിപ്പിക്കണമെന്നുമാണ് രാജ്യവ്യാപക പ്രതിഷേധത്തില്‍ ആവശ്യപ്പെടുന്നത്. ബന്ദികളുടെ കുടുംബങ്ങളടക്കമുള്ളവരെ പ്രതിനിധീകരിക്കുന്ന സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
22 മാസത്തെ യുദ്ധം അവസാനിപ്പിക്കാൻ ഇസ്രയേൽ സമ്മതിച്ചാൽ മാത്രമേ ബാക്കിയുള്ള ബന്ദികളെ മോചിപ്പിക്കൂ എന്ന് ഹമാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഹമാസ് നിരായുധീകരിക്കപ്പെടുകയും എല്ലാ ബന്ദികളെ വിട്ടയക്കുകയും ചെയ്തതിനുശേഷമേ യുദ്ധം അവസാനിപ്പിക്കൂ എന്നായിരുന്നു നെതന്യാഹുവിൻ്റെ പക്ഷം.