ഇസ്രയേലുമായുള്ള സമാധാന കരാര്‍ ലംഘിച്ചാല്‍ ഹമാസിനെ തുടച്ചുനീക്കുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹമാസിനെതിരെ യുഎസ് സൈന്യം ഇടപെടില്ല. ഇസ്രയേലിനോട് പറഞ്ഞാല്‍, രണ്ട് മിനിറ്റില്‍ അവര്‍ ആക്രമണം നടത്തും. എന്നാല്‍ ഇപ്പോഴത് ചെയ്യുന്നില്ല. വെടിനിര്‍ത്തല്‍ പാലിക്കാന്‍ ഹമാസിന് അവസരം നല്‍കുകയാണെന്നും ട്രംപ് പറഞ്ഞു.
"അവര്‍ നന്നാകുമെന്നും, നന്നായി പെരുമാറുമെന്നുമുള്ള ഒരു കരാര്‍ ഹമാസുമായി ഞങ്ങള്‍ ഉണ്ടാക്കി. അവര്‍ അങ്ങനെ ആകുന്നില്ലെങ്കില്‍, ഞങ്ങള്‍ പോകും അവരെ തുടച്ചുനീക്കും. അവര്‍ക്ക് അത് അറിയാം. എന്നാല്‍, ഹമാസിനെതിരെ യുഎസ് സൈന്യം ഇടപെടില്ല. ഗാസയിലെ അന്താരാഷ്ട്ര സ്ഥിരത സേനയില്‍ ചേരാന്‍ ഡസന്‍കണക്കിന് രാജ്യങ്ങള്‍ താല്‍പ്പര്യപ്പെടുന്നുണ്ട്. ഞാൻ പോകാൻ ആവശ്യപ്പെട്ടാൽ ഇസ്രയേൽ സൈന്യം രണ്ട് മിനിറ്റിനുള്ളിൽ ഗാസയിലേക്ക് പോകും. പക്ഷേ ഇപ്പോൾ ഞങ്ങൾ അങ്ങനെ പറഞ്ഞിട്ടില്ല. ഹമാസിന് ചെറിയൊരു അവസരം നൽകും, അക്രമം കുറച്ചുകൂടി കുറയുമെന്ന് പ്രതീക്ഷിക്കാം. പക്ഷേ ഇപ്പോള്‍, നിങ്ങള്‍ക്ക് അറിയാവുന്ന പോലെ അവർ അക്രമാസക്തരായ ആളുകളാണ്" – ട്രംപ് പറഞ്ഞു.
ഹമാസ് രണ്ട് സൈനികരെ വധിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ സേന കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ട്രംപ് ഹമാസിനെതിരെ കനത്ത മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, സമാധാന കരാര്‍ ലംഘിച്ച് ഇസ്രയേല്‍ ഗാസയില്‍ ആക്രമണം തുടരുകയാണ്. കുട്ടികൾ ഉൾപ്പെടെ നൂറോളം പേര്‍ കഴിഞ്ഞദിവസങ്ങളിലായി കൊല്ലപ്പെട്ടിരുന്നു. സഹായ വിതരണത്തെ ഉള്‍പ്പെടെ അത് ബാധിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍, കരാര്‍ ലംഘനത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ മാത്രം തലയില്‍ കെട്ടിവയ്കുന്ന തരത്തിലാണ് ട്രംപിന്റെ പ്രസ്താവന.