ഖമനേയിയുടെ പിന്‍ഗാമിയായി ആരേയും പ്രഖ്യാപിക്കേണ്ട; അധികാരം ഉടന്‍ കൈമാറണം: റെസ പഹ്ലവി

പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പഹ്ലവി
റെസ പഹ്ലവി
റെസ പഹ്ലവി
Published on
Updated on

ന്യൂഡല്‍ഹി: ഇറാന്റെ അധികാരം എത്രയും വേഗം കൈമാറണമെന്നാവശ്യപ്പെട്ട് മുന്‍ ഇറാന്‍ ഷായുടെ മകന്‍ റെസ പഹ്ലവി. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ പിന്‍ഗാമിയെ തീരുമാനിക്കാനുള്ള എല്ലാ ശ്രമവും പരാജയപ്പെടുമെന്നും പിന്‍ഗാമിയായി വരുന്ന ആര്‍ക്കും നിയമസാധുത ഉണ്ടായിരിക്കില്ലെന്ന് പഹ്ലവി എക്‌സ് പോസ്റ്റിലൂടെ പറഞ്ഞു.

ഖമനേയിയുടെ പിന്‍ഗാമിയായി ആരെ തീരുമാനിച്ചാലും, അത് മുജ്തബയായാലും ഹസനായാലും ശരി, അവര്‍ക്ക് നിയമസാധുത ഉണ്ടായിരിക്കില്ല. ഖൊമേനിയുടേയുംമ ഖമനേയിയുടേയും രക്തരൂക്ഷിതമായ ചരിത്രത്തിലെ കൂട്ടുപ്രതികളായി മാത്രമേ അവര്‍ പരിഗണിക്കപ്പെടുകയുള്ളൂവെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു.

ഇസ്ലാമിക് റിപ്പബ്ലിക് ഭരണകൂടം തകര്‍ന്നു കൊണ്ടിരിക്കുകയാണെന്നും ഏക ബദല്‍ പരിവര്‍ത്തനം മാത്രമാണെന്നും എക്‌സ് പോസ്റ്റില്‍ പറയുന്നു. അക്രമരഹിതമായി ഉടന്‍ ഭരണം കൈമാറണമെന്നും ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമങ്ങളെ പിന്തുണക്കണമെന്നും റെസ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്.

റെസ പഹ്ലവി
ഇറാനിയൻ കപ്പൽ ആക്രമണം ശ്രീലങ്ക മാത്രമല്ല, ഇന്ത്യൻ മഹാസമുദ്രത്തിലെ അയൽരാജ്യങ്ങളും ഗൗരവമായി കാണേണ്ട കാര്യം: നമൽ രാജപക്സ

1979-ലെ ഇസ്ലാമിക് വിപ്ലവത്തിന് മുമ്പ് ഇറാന്‍ ഭരിച്ചിരുന്ന മുഹമ്മദ് റെസ പഹ്ലവി ഷായുടെ മകനാണ് റെസ പഹ്ലവി. നിലവില്‍ യുഎസില്‍ പ്രവാസ ജീവിതം നയിക്കുന്ന അദ്ദേഹം, ഇറാനിലെ ഭരണം മാറണമെന്ന് ആഗ്രഹിക്കുന്ന പ്രതിപക്ഷ ഗ്രൂപ്പുകളുടെ പ്രധാന മുഖമാണ്. ഖമനേയി കൊല്ലപ്പെട്ടതിനു പിന്നാലെ ട്രംപിന് നന്ദി പറഞ്ഞും റെസ രംഗത്തെത്തിയിരുന്നു.

ഖമനേയിയുടെ പിന്‍ഗാമിയായി മകന്‍ മുജ്തബ ഖമനേയി എത്തുമെന്ന് സൂചനകളുണ്ട്. ഇതിനിടയിലാണ് റെസയുടെ പോസ്റ്റ്. നിലവിലെ ഭരണകൂടം തകര്‍ന്നാല്‍ രാജ്യം അരാജകത്വത്തിലേക്ക് പോകാതിരിക്കാന്‍ 'പരിവര്‍ത്തന ഘട്ടം' വേണമെന്നാണ് റെസയുടെ ആവശ്യം.

എന്നാല്‍ ഒരു കുടുംബവാഴ്ചയിലേക്ക് രാജ്യം വീണ്ടും പോകുന്നത് ഇറാനിലെ പല വിഭാഗങ്ങളും എതിര്‍ക്കുന്നുണ്ട്.

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്ന രീതി

ഇറാന്‍ ഭരണഘടനയനുസരിച്ച് അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് ആണ് പുതിയ നേതാവിനെ തിരഞ്ഞെടുക്കേണ്ടത്. 88 മതപണ്ഡിതന്മാര്‍ അടങ്ങുന്ന സമിതി രഹസ്യ വോട്ടെടുപ്പിലൂടെയാണ് നേതാവിനെ തീരുമാനിക്കുക.

ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സ് ആരെ പിന്തുണയ്ക്കുന്നു എന്നത് നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ നിര്‍ണായകമാകും. രാജ്യത്തിനകത്ത് പ്രതിഷേധങ്ങള്‍ ശക്തമായാല്‍, താരതമ്യേന മിതമായ നിലപാടുള്ള ഒരാളെ നേതാവാക്കാന്‍ ഭരണകൂടം നിര്‍ബന്ധിതരായേക്കാം. പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്നത് വരെ പ്രസിഡന്റ്, ജുഡീഷ്യറി തലവന്‍, ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗം എന്നിവരടങ്ങുന്ന സമിതിക്കായിരിക്കും ഭരണചുമതല.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com