അർജന്റീന: ഹാന്റാ വൈറസ് സ്ഥിരീകരിച്ച എംവി ഹോണ്ടിയസ് ആഡംബര കപ്പലില്‍ നിന്ന് യാത്രക്കാരെ ഒഴിപ്പിക്കാൻ നടപടി. കാനറി ദ്വീപുകളിലെ ടെനറെഫ് തുറമുഖത്ത് നങ്കൂരമിട്ട കപ്പലില്‍ നിന്ന് അഞ്ചുവീതം ആളുകളെ, ചെറുബോട്ടുകളില്‍ കരയിലേക്കും, അവിടെ നിന്ന് പ്രത്യേകം ബസുകളില്‍ സമീപത്തെ വിമാനത്താവളത്തിലേക്കുമാണ് കൊണ്ടുപോകുന്നത്. ആദ്യ ഘട്ടത്തില്‍ 14 സ്പാനിഷ് പൗരന്മാരെയാണ് ഒഴിപ്പിച്ചത്.
ഇവർ സൈനീക വിമാനത്തില്‍ മാഡ്രിഡിലേക്ക് ക്വാറന്റീനായി പോകും. കപ്പലിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ വിമാനം അയച്ചതായി ജർമനിയും, ഫ്രാന്‍സും, അമേരിക്കയും അടക്കം 7 രാജ്യങ്ങള്‍ അറിയിച്ചു. അതേസമയം, രണ്ട് ഇന്ത്യക്കാർ ഉള്‍പ്പടെ 30 ക്രൂ അംഗങ്ങള്‍ കപ്പലിനൊപ്പം നെതർലന്‍ഡ്സിലേക്ക് പോകുമെന്നാണ് വിവരം. രോഗ ലക്ഷണങ്ങളിലാത്തവരെയാണ് ഒഴിപ്പിക്കുന്നതെന്നും, പൊതുജനങ്ങളുമായി യാതൊരുവിധ സമ്പർക്കവുമുണ്ടാകില്ലെന്നും സ്പെയിന്‍ സർക്കാർ അറിയിച്ചു.
ഏപ്രിൽ ഒന്നിന് അർജന്റീനയിൽനിന്ന് അന്റാർട്ടിക്കയിലേക്ക് വിനോദയാത്രപുറപ്പെട്ട എംവി ഹോൺഡിയസ് കപ്പലിലാണ് ഹാന്റാ വൈറസ് വ്യാപനം ഇണ്ടായത്. മൂന്ന് പേർ മരിക്കുകയും എട്ടുപേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കോവിഡ് മഹാാരിക്ക സമാനമയ സാഹചര്യം ഉണ്ടാകുമോയെന്നാണ് ലോകം ഉറ്റുനോക്കിയത്. എന്നാൽ എലിയില്‍ നിന്നും പകര്‍ന്ന ഈ വൈറസ് കോവിഡിൻ്റെ അത്രയും അപകടകാരിയല്ലെന്നും നിലവിലെ സാഹചര്യം ഭീതിജനകമല്ലെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.
അതേസമയം ഹാൻ്റാ വൈറസ് കേസുകള്‍ കൂടാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. അതിവേഗം മറ്റൊരാളിലേക്ക് പകരുന്ന ഈ വൈറസിന്റെ ഉറവിടം തിരയുകയാണ് ആരോഗ്യ വിദഗ്ധര്‍. യാത്രികര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് നിലവിലെ അവസ്ഥ ആഗോളതലത്തില്‍ ഭീതി സൃഷ്ടിക്കുന്നുണ്ടെങ്കിലും കൃത്യമായ മുന്‍കരുതലുകള്‍ വഴി വൈറസ് ബാധ തടയാനാകുമെന്ന് ആരോഗ്യ വിദഗ്ധര്‍ അറിയിച്ചു.
സൗത്ത് ആഫ്രിക്കയില്‍ സന്ദര്‍ശനത്തിനെത്തിയ ഡച്ച് ദമ്പതികളാണ് വൈറസിൻ്റെ ആദ്യ ഇര. ഏപ്രില്‍ ഒന്നിനാണ് അര്‍ജൻ്റീനയിലെ ഉഷുവയ്യയില്‍ നിന്ന് ദമ്പതികള്‍ കപ്പലില്‍ കയറുന്നത്. വൈറസിൻ്റെ ഉറവിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ലെന്നാണ് അര്‍ജൻ്റീന ആരോഗ്യമന്ത്രാലയം അറിയിച്ചത്. മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്ത രണ്ട് കേസുകൾ ഉൾപ്പെടെ, ആകെ അഞ്ച് കേസുകള്‍ മാത്രമേ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളൂവെന്ന് ലോകാരോഗ്യ സംഘടന അധ്യക്ഷൻ ടെഡ്രോസ് അദനോം ഗബ്രിയേസസ് ജനീവയില്‍ വച്ച് മാധ്യമങ്ങളോട് പറഞ്ഞു. വൈറസിൻ്റെ ഇന്‍ക്യുബേഷന്‍ പിരീഡായി പറയുന്നത് ആറ് ആഴ്ചയാണ്. ഈ സമയത്ത് വൈറസ് പകരാനുള്ള സാധ്യതയും കൂടുതലാണ്.