

ന്യൂഡല്‍ഹി: ഹിസ്ബുള്ള തലവന്‍ നയീം ഖാസിമിനെ ഇല്ലാതാക്കുമെന്ന് ഇസ്രയേല്‍. തങ്ങളുടെ ലക്ഷ്യങ്ങളുടെ പട്ടികയില്‍ ഉള്ള വ്യക്തിയാണ് നയീം ഖാസിം എന്നാണ് ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സിന്റെ മുന്നറിയിപ്പ്.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തില്‍ പ്രതികാരമായി ഹിസ്ബുള്ള ഇസ്രയേലിനു നേരെയുള്ള ആക്രമണം കടുപ്പിച്ചിരുന്നു. ഇതിനു മറുപടിയായി ഹിസ്ബുള്ള തലവനെ ഇല്ലാതാക്കുമെന്നാണ് ഇസ്രയേലിന്റെ മുന്നറിയിപ്പ്.
വടക്കന്‍ ഇസ്രയേലിലെ ഹൈഫയ്ക്ക് സമീപമുള്ള സൈനിക താവളത്തില്‍ ഹിസ്ബുള്ള റോക്കറ്റ്-ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെ ഇസ്രയേല്‍ ലബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 31 പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ട്.
സെപ്റ്റംബര്‍ 27-ന് ഇസ്രായേല്‍ വധിച്ച ഹസ്സന്‍ നസറള്ളയുടെ പിന്‍ഗാമിയായാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ തലപ്പത്തെത്തിയത്. ഇസ്രയേലിനു നേരെ നടത്തിയ ആക്രമണത്തിന് ഹിസ്ബുള്ള വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഇസ്രയേല്‍ കാറ്റ്‌സ് എക്‌സില്‍ കുറിച്ചത്.
ഖമനേയിയുടെ പാത പിന്തുടരുന്നവര്‍ ആരായാലും അവര്‍ വൈകാതെ പരാജയപ്പെട്ട തിന്മയുടെ അച്ചുതണ്ടിലെ മറ്റുള്ളവര്‍ക്കൊപ്പം നരകത്തിന്റെ ആഴങ്ങളില്‍ എത്തിച്ചേരുമെന്നും കാറ്റ്‌സ് എക്‌സില്‍ കുറിച്ചു. ഒക്ടോബര്‍ 7 ന് മുന്‍പുണ്ടായിരുന്ന വെടിവെപ്പിന്റെ നിയമങ്ങളിലേക്ക് നമ്മള്‍ ഇനി മടങ്ങില്ല. വടക്കന്‍ മേഖലയിലെ താമസക്കാരെയും ഇസ്രായേലിന്റെ പൗരന്മാരെയും പൂര്‍ണ്ണ ശക്തിയോടെ സംരക്ഷിക്കും.
ഹിസ്ബുള്ളയ്‌ക്കെതിരെ ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും താനും എഡിഎഫിന് നിര്‍ദേശം നല്‍കിയതായും കാറ്റ്‌സ് വ്യക്തമാക്കി. ഇറാനെതിരെയുള്ള 'ഓപ്പറേഷന്‍ റോര്‍ ഓഫ് ദി ലയണ്‍' തുടരുമെന്നും ഇറാന്‍ ഭരണകൂടത്തെ തകര്‍ക്കുമെന്നും പോസ്റ്റില്‍ പറയുന്നുണ്ട്. ഇറാനിലെ ജനങ്ങള്‍ക്ക് സര്‍ക്കാരിനെതിരെ തിരിഞ്ഞ് ഭരണം അട്ടിമറിക്കാനുള്ള അവസരം ഒരുക്കുമെന്നാണ് ഇസ്രയേലിന്റെ പ്രഖ്യാപനം.