

ബെയ്റൂട്ട്: ലബനനൻ സായുധസംഘം ഹിസ്ബുള്ളയുടെ മുതിർന്ന നേതാവിനെ ഇസ്രയേൽ വധിച്ചു. ഞായറാഴ്ച ബെയ്റൂട്ടിൽ നടത്തിയ വ്യോമാക്രമണത്തിലാണ് ഹിസ്ബുള്ള ചീഫ് ഓഫ് സ്റ്റാഫ് ഹൈതം അലി തബതബയി ആണ് കൊല്ലപ്പെട്ടത്. ഹിസ്ബുള്ള സംഘടന ശക്തിപ്പെടുത്താനും ആയുധബലം വിപുലീകരിക്കാനും ചുമതലയുള്ള പ്രധാന നേതാവാണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൽ ആകെ അഞ്ച് പേർ കൊല്ലപ്പെട്ടതായി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിൻ്റെ ഓഫീസ് സ്ഥിരീകരിച്ചു. ആക്രമണത്തിൽ കുറഞ്ഞത് അഞ്ച് പേർ കൊല്ലപ്പെടുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലെബനൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കെട്ടിടത്തിന് നേരെ മൂന്ന് മിസൈലുകൾ പ്രയോഗിച്ചതായി ഔദ്യോഗിക ദേശീയ വാർത്താ ഏജൻസി അറിയിച്ചു.
ഈ മാസം തെക്കൻ ലെബനനിൽ ഇസ്രയേൽ പതിവായി വ്യോമാക്രമണങ്ങൾ നടത്തുന്നുണ്ടെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. അതിർത്തിക്ക് വടക്കുള്ള കുന്നുകളിൽ ഹിസ്ബുള്ളയുടെ സൈനിക പുനരുജ്ജീവനത്തെ തടയുക ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ. ഹിസ്ബുള്ളയെ വേഗത്തിൽ നിരായുധീകരിക്കുന്നതിനായി ലെബനൻ അധികാരികൾക്കും സൈന്യത്തിനും മേൽ സമ്മർദ്ദം വർധിപ്പിക്കുക എന്നതും ഇസ്രയേലിൻ്റെ ലക്ഷ്യമാണ്.
ഈ ആക്രമണത്തിന് മുമ്പ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു മന്ത്രിസഭയെ അഭിസംബോധന ചെയ്തിരുന്നു. ഇസ്രയേൽ നിരവധി മേഖലകളിൽ ഭീകരതക്കെതിരെ പോരാടുന്നത് തുടരുമെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേലിനെ ഭീഷണിപ്പെടുത്താനുള്ള കഴിവ് പുനഃസ്ഥാപിക്കുന്നത് തടയാൻ ആവശ്യമായതെല്ലാം തുടർന്നും ചെയ്യുമെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
ആക്രമണത്തെക്കുറിച്ച് ഇസ്രയേൽ യുഎസിനെ മുൻകൂട്ടി അറിയിച്ചിരുന്നില്ല എന്ന് ഒരു മുതിർന്ന യുഎസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. ആക്രമണം നടന്ന ശേഷമാണ് വിവരം അറിയിച്ചത്. ലെബനനിൽ ഇസ്രയേൽ ആക്രമണം ശക്തമാക്കാൻ പദ്ധതിയിടുന്നതായി ദിവസങ്ങളായി അറിയാമായിരുന്നുവെന്നും യുഎസ് സർക്കാർ പ്രതിനിധി അറിയിച്ചു.