ബ്രസീലിയ: 13 വയസുകാരി നദിയിൽ ചാടിയെന്ന പരാതിയെത്തുടർന്ന് നടത്തിയ റിപ്പോർട്ടിങ്ങിനിടെ അമ്പരന്ന് റിപ്പോർട്ടർ. നദിയിലൂടെ നടന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് ലെനിൽഡോ ഫ്രാസാവോയ്ക്ക് ദുരനുഭവം ഉണ്ടായത്. നദിയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നതിനിടെ കാലിൽ എന്തോ തട്ടിയതായി തോന്നുകയും അവിടെ നിന്ന് പെട്ടെന്ന് ചാടി മാറുന്നതും ദൃശ്യങ്ങളിൽ നിന്നും കാണാൻ സാധിക്കും.
ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, വടക്കുകിഴക്കൻ ബ്രസീലിലെ ബകാബലിലെ മെയാരിം നദിയിലാണ് സംഭവം നടന്നത്. പെൺകുട്ടി അവസാനമായി കണ്ട സ്ഥലത്ത് റിപ്പോർട്ടിനിങ്ങിന് ഇറങ്ങിയ റിപ്പോർട്ടർക്ക് കാലിൽ എന്തോ തടയുന്നതായി തോന്നി. ഉപരിതലത്തിനടിയിൽ എന്തോ ഒന്ന് തൻ്റെ കാലിൽ ഉരസുന്നതായി അയാൾ തൻ്റെ സഹപ്രവർത്തകരോട് പറഞ്ഞു.
ഫ്രസാവോയുടെ റിപ്പോർട്ടിങ്ങിന് പിന്നാലെ ഫയർഫോഴ്‌സും മുങ്ങൽ വിദഗ്‌ധരും കാണാതായ പെൺകുട്ടി റൈസയ്‌ക്കായി തിരച്ചിൽ പുനരാരംഭിച്ചു. റിപ്പോർട്ടർ ചിത്രീകരിച്ച അതേ സ്ഥലത്ത് നിന്നാണ് ഒടുവിൽ അവരുടെ മൃതദേഹം കണ്ടെത്തിയത്. സുഹൃത്തുക്കളോടൊപ്പം നീന്താൻ ഇറങ്ങിയ റൈസ മുങ്ങിമരിക്കുകയായിരുന്നു. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ മരണകാരണം ആകസ്മികമായ മുങ്ങിമരണമാണെന്ന് സ്ഥിരീകരിച്ചിരുന്നു.