
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം ഡോക്ക് ചെയ്യുന്നതിന് തൊട്ടുമുമ്പ് ആക്‌സിയം 4 സംഘത്തിന്റെ പ്രതികരണം എത്തി. ബഹിരാകാശത്ത് ചുവടുവെക്കാന്‍ ഒരു കുഞ്ഞിനെ പോലെ താന്‍ പഠിക്കുകയാണെന്നാണ് ശുഭാംശു ശുക്ലയുടെ ആദ്യ പ്രതികരണം. ശൂന്യതയില്‍ പൊങ്ങിക്കിടക്കുന്നത് പോലെ തോന്നിയെന്നും ശുഭാന്‍ശു. സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്ററായി കൊണ്ടുപോയ അരയന്ന പാവയെ സംസാരത്തിനിടെ ശുഭാന്‍ശു ഉയര്‍ത്തിക്കാട്ടി.
'ബഹിരാകാശത്തു നിന്നും നമസ്‌കാരം!' എന്ന് പറഞ്ഞാണ് ഇന്ത്യയുടെ അഭിമാനമായ ശുഭാംശു തുടങ്ങിയത്. 41 ആണ്ടിന് ശേഷമാണ് ഒരു ഇന്ത്യാക്കാരന്‍ ബഹിരാകാശത്ത് എത്തുന്നത്. ഭൂമിയില്‍ നിന്ന് 418 കിലോമീറ്റര്‍ ഉയരത്തില്‍, നാല് ബഹിരാകാശയാത്രികരും മണിക്കൂറില്‍ 17,000 കിലോമീറ്ററിലധികം വേഗതയില്‍ പറന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. വ്യാഴാഴ്ച വൈകുന്നേരം 4.30ന് ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് സാവധാനം താഴ്ന്നിറങ്ങി ഡോക്ക് ചെയ്ത് നിലയത്തിന്റെ ഭാഗമായി മാറും. അതിനുമുമ്പ് ശുഭാന്‍ശു അടക്കം ബഹിരാകാശ യാത്രികരെല്ലാവരും സ്‌പേസ് സ്യൂട്ടുകള്‍ അഴിച്ചുമാറ്റി വിശ്രമിക്കുകയാണ്. ഇതിനിടയിലായിരുന്നു ഭൂമിയിലേക്കുള്ള തത്സമയ വീഡിയോ സന്ദേശം.
'ശൂന്യനിശ്ശബ്ദതയില്‍ ഞാന്‍ പൊങ്ങിക്കിടക്കുന്നു... ഇത് പറഞ്ഞറിയിക്കാന്‍ കഴിയാത്ത അനുഭവമാണ്. അതിശയകരം... ഒപ്പം വിനയാന്വിതവുമായ തോന്നല്‍. ഗുരുത്വാകര്‍ഷണബലമില്ലാത്ത അവസ്ഥയിലേക്ക് ഞാന്‍ ഇപ്പോഴും പൊരുത്തപ്പെടുകയാണ്. നടക്കാന്‍ പഠിക്കുന്ന, ചലിക്കാനും സ്വയം നിയന്ത്രിക്കാനും പഠിക്കുന്ന ഒരു കുഞ്ഞിനെപ്പോലെ എനിക്കെന്നെ തോന്നുന്നു...
ഇതുവരെയുള്ള സമയം രസകരവും അവിശ്വസനീയവുമാണ്, ഇനിയും ഒരുപാട് കാര്യങ്ങള്‍ മുന്നിലുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അടുത്തതായി എന്ത് സംഭവിക്കുമെന്ന് കാത്തിരിക്കുകയാണ്. ഒപ്പം ഈ വലിയ നേട്ടം എത്തിപ്പിടിക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദിയും..'. ശുഭാന്‍ഷു ശുക്ല പറഞ്ഞു.
സീറോ ഗ്രാവിറ്റി ഇന്‍ഡിക്കേറ്ററായി ബഹിരാകാശ യാത്രികര്‍ ഒരു കുഞ്ഞു പാവയെ കരുതാറുണ്ട്. ശുഭാന്‍ഷു ശുക്ല കൊണ്ടുപോയത് ഒരു കുഞ്ഞരയന്നത്തിന്റെ പഞ്ഞിപ്പാവയാണ്. സരസ്വതീ ദേവിയുടെ വാഹനവും അനന്തവിഹായസിലേക്ക് പറക്കുന്ന സങ്കല്‍പ്പവുമായ അരയന്നം അറിവിന്റേയും അനന്തതയുടേയും പ്രതീകമെന്ന് പറഞ്ഞ് ശുഭാന്‍ഷു ഉയര്‍ത്തിക്കാട്ടി. മിഷന്‍ ഡയറക്ടര്‍ പെഗ്ഗി വിറ്റ്‌സണും സഹയാത്രികരായ സ്വാവോസ് ഉസ്നാന്‍സ്‌കി-വിസ്നെവ്സ്‌കിയും ടിബോര്‍ കപുവും പുഞ്ചിരിച്ചു. ലോകം ഡ്രാഗണ്‍ പേടകത്തിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് വൈകുന്നേരം നാലരയ്ക്ക് നടക്കാനിരിക്കുന്ന ചരിത്രപരമായ ഡോക്കിംഗ് കാണാന്‍..