
യുകെയ്ക്കും കാനഡയ്ക്കും പിന്നാലെ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ച് ഫ്രാന്‍സ് ഉള്‍പ്പെടെ ആറ് രാജ്യങ്ങള്‍ കൂടി രംഗത്ത്. ന്യൂയോര്‍ക്കില്‍വെച്ച് നടക്കുന്ന യുഎന്‍ പൊതു സഭയ്ക്കിടെയിലെ ഉന്നത തല ഉച്ചകോടിയിലാണ് പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്. ഫ്രാന്‍സിന് പുറമെ, അന്‍ഡോറ, ബെല്‍ജിയം, ലക്‌സംബര്‍ഗ്, മാള്‍ട്ട, മൊണാകോ എന്നീ രാജ്യങ്ങളാണ് പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചത്.
നേരത്തെ ഓസ്‌ട്രേലിയ, കാനഡ, പോര്‍ച്ചുഗല്‍, യുകെ തുടങ്ങിയ രാജ്യങ്ങള്‍ പലസ്തീനെ രാഷ്ട്രമായി ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. യുഎസ് പ്രസിഡന്റിന്റെ രണ്ട് ദിവസത്തെ യുകെ സന്ദര്‍ശനം പുരോഗമിക്കുന്നതിനിടെയായിരുന്നു പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കാനൊരുങ്ങുകയാണെന്ന വാര്‍ത്ത പുറത്തുവന്നത്. പിന്നാലെ ഇത് 'ഭീകരതയ്ക്കുള്ള പ്രതിഫലം' ആണെന്ന പ്രസ്താവനയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തി. എന്നാല്‍ ദീര്‍ഘകാല സമാധാന കരാറുണ്ടാക്കാനായി പ്രവര്‍ത്തിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്ന് യുകെ മന്ത്രിമാര്‍ വ്യക്തമാക്കി.
പലസ്തീനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കണമെന്ന ആവശ്യത്തില്‍ വിയോജിപ്പുണ്ടെന്ന് പറഞ്ഞുകൊണ്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും രംഗത്തെത്തിയിരുന്നു. ബ്രിട്ടണില്‍ കെയര്‍ സ്റ്റാര്‍മറുമായുള്ള സംയുക്ത വാര്‍ത്താ സമ്മേളനത്തിനിടെയായിരുന്നു ട്രംപ് തുറന്നടിച്ചത്.
ഉചിതമായ സമയം വന്നതോടെയാണ് നമ്മള്‍ ഇപ്പോള്‍ ഇവിടെ കൂടിയിരിക്കുന്നതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു. ഫ്രാന്‍സ് പല്‌സതീനെ ഒരു സ്വതന്ത്രരാഷ്ട്രമായി അംഗീകരിക്കുന്നതായി പ്രഖ്യാപിക്കുന്നുവെന്നും മാക്രോണ്‍ പറഞ്ഞു.
80 ശതമാനം അന്താരാഷ്ട്ര സമൂഹവും പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമാക്കുന്നതിനെ പിന്തുണയ്ക്കുന്നു. ഐക്യരാഷ്ട്ര സഭയിലെ അംഗങ്ങളായ 193 രാജ്യങ്ങളില്‍ 147 രാജ്യങ്ങളും ഏപ്രിലില്‍ തന്നെ പലസ്തീനിനെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിച്ചിരുന്നു. സ്‌പെയിന്‍, നോര്‍വേ, ഐര്‍ലന്‍ഡ് എന്നീ രാജ്യങ്ഹള്‍ കഴിഞ്ഞ വര്‍ഷം തന്നെ പലസ്തീനിനെ രാജ്യമായി അംഗീകരിച്ചിരുന്നു.