നമ്മള്‍ സാമ്പത്തികമായി മുന്നേറുമ്പോള്‍, അവര്‍ ആഗോളമായി കടമെടുത്ത് കൂപ്പുകുത്തുന്നു; യുഎന്നില്‍ പാകിസ്ഥാനെതിരെ ഇന്ത്യ

ഇന്ത്യ സുരക്ഷയിലും സാമൂഹ്യ, സാമ്പത്തിക കാര്യങ്ങളിലും മുന്നേറുമ്പോള്‍ ഇസ്ലാമാബാദ് ഇപ്പോഴും ഭീകരവാദത്തിലും മതഭ്രാന്തിലും നിരന്തരമായ കടമെടുപ്പിലും വീണു കിടക്കുകയാണ്
ഇന്ത്യയുടെ യുഎൻ അംബാസിഡർ പർവഥനേനി ഹരിഷ്
ഇന്ത്യയുടെ യുഎൻ അംബാസിഡർ പർവഥനേനി ഹരിഷ്Source: X
Published on

യുഎന്‍ രക്ഷാസമിതി യോഗത്തില്‍ പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ഇന്ത്യ. ഇന്ത്യ സാമ്പത്തികമായി മുന്നേറുമ്പോള്‍ കടംവാങ്ങി നശിക്കുകയാണ് പാകിസ്ഥാന്‍ എന്ന് ഇന്ത്യയുടെ യുഎന്‍ അംബാസിഡര്‍ പര്‍വഥനേനി ഹരിഷ് പറഞ്ഞു. ഇന്ത്യ സുരക്ഷയിലും സാമൂഹ്യ, സാമ്പത്തിക കാര്യങ്ങളിലും മുന്നേറ്റം ഉണ്ടാക്കുമ്പോള്‍ ഇസ്ലാമാബാദ് ഇപ്പോഴും ഭീകരവാദത്തിലും മതഭ്രാന്തിലും നിരന്തരമായ കടമെടുപ്പിലും വീണു കിടക്കുകയാണെന്ന് ഹരിഷ് വിമര്‍ശിച്ചു.

ഇന്ത്യ പക്വമായ ജനാധിപത്യരാജ്യമായി പുരോഗതിയും അഭിവൃദ്ധിയും വികസന മാതൃകകളും വാഗ്ദാനം ചെയ്യുമ്പോള്‍ അയല്‍രാജ്യമായ പാകിസ്ഥാന്‍ ഇതിന് വിപരീതമായ, ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

'ബഹു രാഷ്ട്രീയതയിലൂടെയും തര്‍ക്കങ്ങളുടെ സമാധാനപരമായ പരിഹാരങ്ങളിലൂടെയും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും പ്രോത്സാഹിപ്പിക്കുക' എന്ന വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ സംഘടിപ്പിച്ച ഓപ്പണ്‍ ഡിബേറ്റിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യ വളരെ ഉത്തരവാദിത്തത്തോടെ കാര്യങ്ങള്‍ ചെയ്യുന്നു. യുഎന്നിന്റെ സ്ഥാപക അംഗം കൂടിയാണ് ഇന്ത്യ. സമാധാനവും അഭിവൃദ്ധിയും കൈവരിക്കുന്നതിനായി യുഎന്നുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന രാജ്യം കൂടിയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യ ആഗോള സാമ്പത്തിക മുന്നേറ്റത്തില്‍ ചുവടുറപ്പിക്കുമ്പോള്‍ പാകിസ്ഥാന്‍ ഐഎംഎഫ് പോലുള്ള അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് പണം കടമെടുത്തുകൊണ്ടിരിക്കുകയാണ്. ഭീകരവാദത്തോട് സന്ധിയില്ലാതിരിക്കുക എന്നത് ധാര്‍മിക മൂല്യമായി ഉയര്‍ത്തേണ്ടതും ബഹുമാനിക്കപ്പെടേണ്ടതുമാണെന്നും അദ്ദേഹം പറഞ്ഞു.

ഏപ്രില്‍ 22ന് നടന്ന പഹല്‍ഗാം ആക്രമണത്തെക്കുറിച്ചും ഇന്ത്യ യുഎന്നില്‍ സംസാരിച്ചു. 26 നിരപരാധികളുടെ ജീവനാണ് പാകിസ്ഥാന്‍ ഭീകരവാദികള്‍ കൊലപ്പെടുത്തിയതെന്നും ഇതിനെതിരെ ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂറിലൂടെ പാകിസ്ഥാനിലെ ടെറര്‍ ക്യാംപുകള്‍ ലക്ഷ്യമാക്കി ആക്രമണം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com