ടിയാന്‍ജിന്‍: പാകിസ്ഥാനുമായുള്ള അടുത്ത ബന്ധം കാരണം ഇന്ത്യ ആഗോള വേദികളില്‍ പ്രതികാരം ചെയ്യുന്നതായി ആരോപിച്ച് അസർബൈജാന്‍. ഷാങ്ഹായ് സഹകരണ സംഘടനയില്‍ (എസ്‌സിഒ) പൂർണ അംഗത്വം നേടാനുള്ള തങ്ങളുടെ ശ്രമങ്ങളെ ഇന്ത്യ തടസപ്പെടുത്തിയെന്നാണ് അസർബൈജാന്റെ ആരോപണം.
അസർബൈജാന്റെ എസ്‌സിഒ അംഗത്വത്തിന് വിഘാതമാകുക വഴി ഇന്ത്യ "ബഹുരാഷ്ട്ര നയതന്ത്ര" തത്വങ്ങൾ ലംഘിച്ചുവെന്ന് അസർബൈജാൻ മാധ്യമങ്ങൾ ആരോപിച്ചു. ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന് രാജ്യം നല്‍കിയ പിന്തുണയാണ് ഇന്ത്യയുടെ തീരുമാനത്തിന് പിന്നിലെന്നാണ് മാധ്യമ റിപ്പോർട്ടുകള്‍.
ചൈനീസ് നഗരമായ ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിയില്‍ പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായി അസർബൈജാൻ പ്രസിഡന്റ് ഇൽഹാം അലിയേവ് കൂടിക്കാഴ്ച നടത്തി. ഈ വർഷം ആദ്യം ഇന്ത്യയ്‌ക്കെതിരെ നടന്ന സൈനിക സംഘർഷത്തിൽ വിജയിച്ചുവെന്ന പാകിസ്ഥാന്റെ അവകാശവാദത്തെ അംഗീകരിക്കും വിധം അലിയേവ് ഷെരീഫിനെ അഭിനന്ദിച്ചു. ആഗോള വേദികളില്‍ ഇന്ത്യയുടെ പ്രതികാര നടപടികള്‍ നേരിടേണ്ടി വന്നാലും അസർബൈജാന്‍ പാകിസ്ഥാനുമായുള്ള സാഹോദര്യത്തിന് മുൻഗണന നൽകുമെന്നും ഇൽഹാം അലിയേവ് വ്യക്തമാക്കി.
പാക്-അസർബൈജാന്‍ ബന്ധം രാഷ്ട്രീയ, സാംസ്കാരിക മേഖലകളില്‍ വേരൂന്നിയതാണെന്നും അലിയേവ് അവകാശപ്പെട്ടു. ഇരുരാജ്യങ്ങള്‍ക്കും ഇടയില്‍ വ്യാപാര, സാമ്പത്തിക സഹകരണം വികസിപ്പിക്കുന്നതിനെക്കുറിച്ചും ഷെരീഫുമായി അലിയേവ് ചർച്ച ചെയ്തതായാണ് റിപ്പോർട്ട്.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ഓപ്പറേഷൻ സിന്ദൂറിന് ശേഷം അസർബൈജാൻ പാകിസ്ഥാന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിരുന്നു." ഇന്ത്യൻ റിപ്പബ്ലിക്കും ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്ഥാനും തമ്മിലുള്ള സംഘർഷം കൂടുതൽ വഷളാകുന്നതിൽ റിപ്പബ്ലിക് ഓഫ് അസർബൈജാൻ ആശങ്ക പ്രകടിപ്പിക്കുന്നു" എന്ന് പറഞ്ഞുകൊണ്ട് രാജ്യം ഒരു പ്രസ്താവനയും ഇറക്കി. സമീപ വർഷങ്ങളില്‍, പ്രതിരോധം, വ്യാപാരം, പ്രാദേശിക സുരക്ഷാ എന്നീ മേഖലകളില്‍ പാകിസ്ഥാനുമായി അസർബൈജാന്‍ സഹകരണം വികസിപ്പിച്ചിരുന്നു.