

ഡൽഹി: 30 വർഷമായി എവറസ്റ്റ് കൊടുമുടിയിൽ പർവതാരോഹകരുടെ ലാൻഡ് മാർക്ക് ആയിരുന്ന ഗ്രീൻ ബൂട്ട്സ് ഓർമയാകുന്നു. പച്ച നിറത്തിൽ തിളങ്ങുന്ന ബൂട്ട്സ് ധരിച്ച് എവറസ്റ്റ് കീഴടക്കാനെത്തിയ ഇന്ത്യൻ സൈനികൻ ഡോർജെ മൊറൂപ്പിന് ഒടുവിൽ ജന്മനാട്ടിൽ അന്ത്യവിശ്രമം ഒരുങ്ങുകയാണ്. സെപ്തംബറോടെ മൊറൂപ്പിന്റെ മൃതദേഹം ജന്മനാടായ ലഡാക്കിലെത്തുമ്പോൾ ചരിത്രപരവും വൈകാരികവുമായ നിമിഷത്തിന് കൂടി രാജ്യം സാക്ഷിയാകും.
1996 മെയ് പത്തിന് ഇന്തോ-ടിബറ്റൻ ബോർഡർ പൊലീസിന്റെ ചരിത്രപരമായ എവറസ്റ്റ് പര്യവേഷണത്തിനിടയിലാണ് സൈനികനായ ഡോർജെ മൊറൂപ്പ്, കൊടും തണുപ്പിൽ ഓക്സിജൻ കിട്ടാതെ മരിക്കുന്നത്. എവറസ്റ്റിന്റെ വടക്കുഭാഗത്തുള്ള നോർത്ത് ഈസ്റ്റ് റിഡ്ജിൽ, 8,500 മീറ്റർ ഉയരത്തിലുള്ള ഒരു ചെറിയ ഗുഹയിൽ ഡോർജെ തളർന്നു വീഴുകയായിരുന്നു. 30 വർഷം മുമ്പുണ്ടായ ഹിമപാതത്തിൽ മരിച്ച എട്ട് പർവതാരോഹകരിൽ ഒരാളുടെ മൃതദേഹം മാത്രമേ ലഭിച്ചിരുന്നൂള്ളൂ. എന്നാൽ ഇത് ആരുടേതെന്നതിൽ വ്യക്തത ഉണ്ടായിരുന്നില്ല. തുടർന്ന് 2024ൽ നടത്തിയ ഡിഎൻഎ പരിശോധനയിൽ മൃതദേഹം തിരിച്ചറിഞ്ഞു. ഇതിന് പിന്നാലെ ഡോർജെ മൊറൂപ്പിന്റെ മൃതദേഹം നാട്ടിലേക്ക് തിരികെ എത്തിക്കാനുള്ള നടപടികളിലേക്ക് ഇൻഡോ ടിബറ്റൻ ബോർഡർ പൊലീസ് കടന്നു.
എവറസ്റ്റിലേക്കുള്ള വഴിയിൽ പർവതാരോഹകർക്ക് ലാൻഡ് മാർക്ക് കൂടിയായിരുന്നു ഡോർജെ മൊറൂപ്പ് ധരിച്ചിരുന്ന തിളക്കമുള്ള പച്ച നിറത്തിലുള്ള 'കോഫ്‌ലാക്ക്' ബൂട്ടുകൾ. ഗ്രീൻ ബൂട്ട്സ് എന്ന പേരിൽ ഇവ പ്രശസ്തമായിരുന്നു. ഡോർജെയുടെ മൃതദേഹം മാറ്റുന്നതോടെ ആ അടയാളവും ഓർമയാകും. മൃതദേഹം തിരികെ എത്തിക്കാൻ ചൈനയുടെ സഹായവും ഇന്ത്യക്ക് ആവശ്യമാണ്.
നിലവിൽ ലഭ്യമായ കണക്കുകൾ പ്രകാരം ഏകദേശം 346 പേർക്കാണ് എവറസ്റ്റ് കയറുന്നതിനിടെ ജീവൻ നഷ്ടമായത്. അപകടകരവും ചെലവേറിയതും ആയതിനാൽ മൃതദേഹങ്ങൾ തിരികെ എത്തിക്കാൻ ആരും ശ്രമിക്കാറുമില്ല. അവരിൽ ഒരാളാകാതെ 30 വർഷങ്ങൾക്ക് ഇപ്പുറം ചേതനയറ്റ ഡോർജെ മൊറൂപ്പിന്റെ മൃതദേഹം തിരികെ നാട്ടിലേക്ക് എത്തുകയാണ്. എവറസ്റ്റ് കീഴടക്കാൻ പുറപ്പെട്ട്, അതികഠിനമായ ശൈത്യത്തിൽ ജീവൻ പൊലിഞ്ഞ ഡോർജെ അങ്ങനെ സ്വന്തം മണ്ണിൽ അന്തിയുറങ്ങും.