
ഡൽഹി: ട്രംപിന്‍റെ പുതിയ കസ്റ്റംസ് നിയന്ത്രണത്തിൽ അവ്യക്തത തുടരുന്ന സാഹചര്യത്തിൽ യുഎസിലേക്കുള്ള തപാല്‍ സർവീസുകള്‍ താൽക്കാലികമായി നിർത്തിവെക്കാനൊരുങ്ങി ഇന്ത്യ. ഓഗസ്റ്റ് 25 മുതല്‍ യുഎസിലേക്കുള്ള തപാല്‍ സർവീസിന് മുടക്കം നേരിടും.
ഓഗസ്റ്റ് 29ന് പ്രാബല്യത്തില്‍ വരാനിരിക്കുന്ന ട്രംപിന്‍റെ പുതിയ കസ്റ്റംസ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ കടുത്ത തീരുമാനമെന്ന് പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. അന്താരാഷ്ട്ര തപാല്‍ സർവീസുകള്‍ക്കുള്ള ഡ്യൂട്ടി ഫ്രീ ഇളവിലും നികുതി ഈടാക്കുന്നതിലും എക്സിക്യൂട്ടീവ് ഉത്തരവിലുള്ള അവ്യക്തത മൂലമാണ് നടപടി.
പാർസലുകളുടെ കാരിയർ സർവീസ് നടത്തുന്ന യുഎസ് വിമാന കമ്പനികളും തടസമറിയിച്ചിരുന്നുവെന്ന് തപാല്‍ വകുപ്പ് അറിയിച്ചു. അതേസമയം, 100 ഡോളർ വരെ മൂല്യമുള്ള പാർസലുകള്‍ക്ക് തീരുവ ഇളവ് തുടരും. നേരത്തെ 800 ഡോളർ വരെയുള്ള വസ്തുക്കള്‍ക്ക് തീരുവ ഇളവുണ്ടായിരുന്നു.
ഓഗസ്റ്റ് 29 മുതൽ യുഎസിലേക്ക് അയയ്ക്കുന്ന എല്ലാ അന്താരാഷ്ട്ര തപാൽ വസ്തുക്കളും അവയുടെ മൂല്യം പരിഗണിക്കാതെ, രാജ്യത്തിനനുസരിച്ചുള്ള അന്താരാഷ്ട്ര അടിയന്തര സാമ്പത്തിക പവർ ആക്ട് (ഐഇഇപിഎ) താരിഫ് ചട്ടക്കൂട് അനുസരിച്ച് കസ്റ്റംസ് തീരുവയ്ക്ക് വിധേയമായിരിക്കുമെന്ന് പോസ്റ്റൽ വകുപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
2025 ജൂലൈ 30ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച എക്സിക്യൂട്ടീവ് ഉത്തരവ് നമ്പർ 14,324 പ്രകാരം 800 ഡോളർ വരെ വിലയുള്ള ഇറക്കുമതി ചെയ്ത സാധനങ്ങളുടെ നികുതിരഹിത ഇളവ് സർക്കാർ പിൻവലിച്ചിരുന്നു. എന്നിരുന്നാലും, 100 ഡോളർ വരെയുള്ള കത്തുകൾ, രേഖകൾ, സമ്മാന ഇനങ്ങൾ എന്നിവ ഡ്യൂട്ടി രഹിതമായി തന്നെ തുടരും.
ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങിയതിന് പ്രതികാരമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയ്ക്ക് 25 ശതമാനം തീരുവയും 25 ശതമാനം പിഴയും (ആകെ 50%) ചുമത്തിയതിനെ തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിൽ വ്യാപാര സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് തപാൽ വകുപ്പിൻ്റെ പുതിയ നീക്കങ്ങൾ.