

വാഷിങ്ടൺ: ഇന്ത്യ-യുഎസ് ഇറക്കുമതി തീരുവ യുദ്ധം പുതിയ വഴിത്തിരിവിലേക്ക്. നേരത്തെ യുഎസ് ഇന്ത്യക്ക് മേൽ ചുമത്തിയ തീരുവ 50 ശതമാനത്തിൽ നിന്ന് 15-16 ശതമാനത്തിലേക്ക് കുറയ്ക്കാൻ നിർണായക നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ കുറയ്ക്കുകയാണെങ്കിൽ, ഇന്ത്യയും യുഎസും തമ്മിൽ ഊർജം, കൃഷി എന്നീ മേഖലകളിൽ നിർണായകമായ വാണിജ്യ കരാറിൽ ഏർപ്പെടുമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.
ചൊവ്വാഴ്ച ഇന്ത്യൻ പ്രധാനമന്ത്രിയുമായി ഇക്കാര്യം സംബന്ധിച്ച് ഫോണിൽ സംസാരിച്ചതായി ട്രംപ് വെളിപ്പെടുത്തിയിരുന്നു. ചർച്ചയിൽ വാണിജ്യമായിരുന്നു പ്രധാന അജണ്ടയെന്നും അദ്ദേഹം വെളിപ്പെടുത്തി. ഊർജ മേഖലയും ഇക്കൂട്ടത്തിൽ ചർച്ചാ വിഷയമായെന്നും ട്രംപ് കൂട്ടിച്ചേർത്തു.
റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങിയതിനെ തുടർന്ന് യുഎസ് ഇന്ത്യൻ കയറ്റുമതിയിൽ 25 ശതമാനം അധിക പിഴ ചുമത്തിയിരുന്നു. ഇത് ഏപ്രിലിൽ പ്രഖ്യാപിച്ച 25 ശതമാനം താരിഫിന് പുറമെയായിരുന്നു. നിലവിൽ ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതിയുടെ ഏകദേശം 34 ശതമാനം റഷ്യയാണ് നൽകുന്നത്. അതേസമയം, രാജ്യത്തിൻ്റെ എണ്ണ, വാതക ആവശ്യങ്ങളുടെ ഏകദേശം 10 ശതമാനം അമേരിക്കയിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്.
യുഎസിൽ നിന്നുള്ള ജനിതകമായി വകഭേദം വരുത്താത്ത ചോളവും സോയാമീലും കൂടി ഇന്ത്യൻ മാർക്കറ്റുകളിൽ ഉടൻ വിൽപ്പനയ്ക്ക് എത്തിച്ചേക്കുമെന്നും സൂചനയുണ്ട്. ഈ മാസം നടക്കുന്ന ആസിയാൻ ഉച്ചകോടിയിൽ വച്ച് ട്രംപും മോദിയും തമ്മിലുള്ള മീറ്റിങ്ങിന് ശേഷം വ്യാപാര കരാറുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് വിവരം.