"ഇന്ത്യ ആരുടെ മുന്നിലും തല കുനിക്കില്ല"; ട്രംപിന്റെ താരിഫ് ഭീഷണിക്ക് പുടിന്റെ മറുപടി

സാമ്പത്തിക കണക്കുക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അതിന് രാഷ്ട്രീയ വശമില്ലെന്നും പുടിന്‍.
Vladimir Putin, Donald Trump, Narendra Modi
വ്ളാഡിമിര്‍ പുടിന്‍, ഡൊണാള്‍ഡ് ട്രംപ്, നരേന്ദ്ര മോദിSource: News Malayalam 24X7
Published on

മോസ്കോ: റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നത് അവസാനിപ്പിക്കാന്‍ ഇന്ത്യക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വ്ളാഡിമിര്‍ പുടിന്റെ മറുപടി. ഇത്തരം ആവശ്യങ്ങള്‍ക്കു മുന്നില്‍ ഇന്ത്യ ഒരിക്കലും തല കുനിക്കില്ലെന്നും, ആരുടെ മുന്നിലും അപമാനിതരാകില്ലെന്നും പുടിന്‍ പറഞ്ഞു. സന്തുലിത നിലപാടുള്ള, ബുദ്ധിമാനായ നേതാവാണ് നരേന്ദ്ര മോദിയെന്ന് പ്രകീര്‍ത്തിച്ച പുടിന്‍, റഷ്യയും ഇന്ത്യയും പ്രത്യേക ബന്ധമാണ് തുടരുന്നതെന്നും വ്യക്തമാക്കി. സോചിയിലെ വാൽഡായ് ഡിസ്കഷന്‍ ക്ലബ്ബിന്റെ പ്ലീനറി സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

"തികച്ചും സാമ്പത്തിക കണക്കുക്കൂട്ടലിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യ റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നത്. അതിന് രാഷ്ട്രീയ വശമില്ല. റഷ്യയില്‍ നിന്നുള്ള ഇന്ധന വിതരണം ഇന്ത്യ നിരസിച്ചാല്‍, ചില നഷ്ടങ്ങള്‍ അവരെ ബാധിക്കും. കണക്കുകള്‍ വ്യത്യസ്തമാണ്; എങ്കിലും ഒമ്പത് മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെയായിരിക്കുമെന്ന് ചിലര്‍ പറയുന്നു. റഷ്യന്‍ ക്രൂഡ് ഓയില്‍ നിരസിച്ചില്ലെങ്കില്‍, യുഎസ് ഉപരോധം ഏര്‍പ്പെടുത്തും. അപ്പോഴും അതേ നഷ്ടമുണ്ടാകും. രാഷ്ട്രീയമായി കൂടി വില നല്‍കേണ്ടതുണ്ടെങ്കില്‍ എന്തിന് അത് നിരസിക്കണം?"- പുടിന്‍ ചോദിച്ചു.

Vladimir Putin, Donald Trump, Narendra Modi
ഇറക്കുമതി ചെയ്യുന്ന മരുന്നുകൾക്ക് 100% തീരുവ പ്രഖ്യാപിച്ച് ട്രംപ്; പ്രതിസന്ധിയിലായി ഇന്ത്യൻ മരുന്ന് നിർമാതാക്കൾ

"ഇന്ത്യയെ പോലൊരു രാജ്യത്തെ ജനങ്ങള്‍ രാഷ്ട്രീയ നേതൃത്വമെടുക്കുന്ന തീരുമാനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കും. ആരുടെയും മുന്നില്‍ ഒരു അപമാനവും ഒരിക്കലും അനുവദിക്കയുമില്ല. പ്രധാനമന്ത്രി മോദിയെ എനിക്കറിയാം. അദ്ദേഹവും ഒരിക്കലും ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിക്കില്ല. യുഎസിന്റെ ശിക്ഷാ താരിഫ് കാരണം ഇന്ത്യക്കുണ്ടാകുന്ന നഷ്ടം, റഷ്യയില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയിലൂടെ നികത്തപ്പെടും. മാത്രമല്ല, ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ അത് രാജ്യത്തിന് അന്തസ് നേടിക്കൊടുക്കും. വ്യാപാര പങ്കാളികൾക്കുമേൽ ഉയർന്ന താരിഫ് ചുമത്തുന്നത് ആഗോള വിലക്കയറ്റത്തിന് കാരണമാകും. അത് യുഎസ് ഫെഡറൽ റിസർവിനെ പലിശ നിരക്ക് കൂട്ടാൻ പ്രേരിപ്പിക്കും." -പുടിന്‍ പറഞ്ഞു.

സോവിയറ്റ് കാലം മുതൽ ഇന്ത്യയും റഷ്യയും തമ്മിൽ നിലനിൽക്കുന്ന സവിശേഷ ബന്ധത്തെയും പുടിൻ പ്രസംഗത്തില്‍ അനുസ്മരിച്ചു. പ്രധാനമന്ത്രി മോദി സുഹൃത്താണെന്നും, അദ്ദേഹവുമായുള്ള വിശ്വാസ യോഗ്യമായ ബന്ധത്തിൽ സംതൃപ്തനാണെന്നും പുടിന്‍ കൂട്ടിച്ചേർത്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രത്യേക നയതന്ത്ര പങ്കാളിത്തം ഉടൻ പ്രഖ്യാപിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.

Vladimir Putin, Donald Trump, Narendra Modi
"മോദി മികച്ച പ്രധാനമന്ത്രി, സുഹൃത്ത്, പക്ഷേ..."; പുകഴ്ത്തിയും നിരാശ പങ്കുവച്ചും ട്രംപ്

യുഎന്‍ പൊതുസഭയില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് ഇന്ത്യക്കും ചൈനയ്ക്കുമെതിരെ തിരിഞ്ഞത്. റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിലൂടെ ഇന്ത്യയും ചൈനയും യുക്രെയ്ന്‍ യുദ്ധത്തിന് സാമ്പത്തിക സഹായം ചെയ്യുകയാണെന്നായിരുന്നു ട്രംപിന്റെ ആരോപണം. പിന്നാലെ, റഷ്യയില്‍നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുന്നതിന്റെ പേരില്‍, ഇന്ത്യന്‍ കയറ്റുമതി ഉല്‍പ്പന്നങ്ങള്‍ക്കുള്ള താരിഫ് 25 ശതമാനം കൂടി വര്‍ധിപ്പിക്കുകയും ചെയ്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com