
ലണ്ടൻ: ഒക്ടോബർ 2ന് ഗാന്ധി ജയന്തി ആഘോഷങ്ങൾ നടക്കുന്നതിന് ഏതാനും ദിവസങ്ങൾക്ക് മുന്നോടിയായി ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിന് നടുവിലുള്ള പ്രശസ്തമായ മഹാത്മാ ഗാന്ധി പ്രതിമ നശിപ്പിച്ച നിലയിൽ. തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് എൻഡിടിവി റിപ്പോർട്ട് ചെയ്തു. സംഭവത്തെ ഇന്ത്യൻ ഹൈക്കമ്മീഷൻ ശക്തമായ ഭാഷയിൽ അപലപിച്ചു. ഇത് ലജ്ജാകരമായ പ്രവൃത്തിയാണെന്നും അഹിംസയുടെ പൈതൃകത്തിന് നേരെയുള്ള ആക്രമണമാണെന്നും ഇന്ത്യൻ ഹൈക്കമ്മീഷൻ വിശേഷിപ്പിച്ചു.
സംഭവം പ്രദേശിക അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും പ്രതിമയുടെ പുനസ്ഥാപനത്തിനായി വേണ്ട ജോലികൾ യഥാസമയം നടക്കുമെന്നും ഹൈക്കമ്മീഷൻ അറിയിച്ചു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി ധ്യാനനിരതനായി ഇരിക്കുന്ന പ്രതിമയുടെ അടിഭാഗത്തായി ഇന്ത്യാ വിരുദ്ധ ചുവരെഴുത്തുകൾ പതിച്ചതായി കണ്ടെത്തിയിട്ടുണ്ട്.
"ലണ്ടനിലെ ടാവിസ്റ്റോക്ക് സ്ക്വയറിലെ മഹാത്മാഗാന്ധിയുടെ പ്രതിമ നശിപ്പിച്ച ലജ്ജാകരമായ പ്രവൃത്തിയിൽ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ അഗാധമായ ദുഃഖവും ശക്തമായി അപലപിക്കുന്നു," ഹൈക്കമ്മീഷൻ പ്രസ്താവനയിൽ പറഞ്ഞു.
"ഇത് വെറുമൊരു പ്രതിമ തകർക്കൽ മാത്രമല്ല. മറിച്ച് അന്താരാഷ്ട്ര അഹിംസാ ദിനത്തിന് മൂന്ന് ദിവസം മുമ്പ് അഹിംസ എന്ന ആശയത്തിനും മഹാത്മാ ഗാന്ധിയുടെ പൈതൃകത്തിനും നേരെയുള്ള അക്രമാസക്തമായ ആക്രമണമാണ്. അടിയന്തര നടപടിക്കായി ഞങ്ങൾ പ്രാദേശിക അധികാരികളുമായി ഇത് ശക്തമായി ഉന്നയിച്ചിട്ടുണ്ട്. കൂടാതെ ഞങ്ങളുടെ സംഘം ഇതിനകം സ്ഥലത്തെത്തി. പ്രതിമ പഴയനിലയിലേക്ക് പുനഃസ്ഥാപിക്കുന്നതിനായി അധികാരികളുമായി ഏകോപിപ്പിച്ച് പ്രവർത്തിക്കുന്നു," ഇന്ത്യൻ ഹൈക്കമ്മീഷൻ കൂട്ടിച്ചേർത്തു.
നാശനഷ്ടങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകൾ അന്വേഷിച്ചു വരികയാണെന്ന് മെട്രോ പൊളിറ്റൻ പൊലീസും പ്രാദേശിക കാംഡൻ കൗൺസിൽ അധികൃതരും അറിയിച്ചു.