വാഷിങ്ടൺ സിറ്റി: മാതാപിതാക്കളെയും മുത്തശിയേയും വെടിവച്ച് കൊന്ന കേസിൽ ഇന്ത്യൻ വംശജനായ 19കാരൻ പിടിയിൽ. ഗൗരവ് ചോപ്രയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി തൻ്റെ പിതാവ് സ്വീര റാം (56), അമ്മ കമലേഷ് റാണി (46), മുത്തശി മിന്ദർ കൗർ (73) എന്നിവരെ വെടിവച്ചു കൊലപ്പെടുത്തിയെന്ന് കെആർജിവി 5 ന്യൂസ് റിപ്പോർട്ട് ചെയ്തു.
സഹോദരന് നേരെയും പ്രതി വെടിയുതിർത്തുവെങ്കിലും അയാൾ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട് ഉടൻ തന്നെ പൊലീസിൽ വിളിച്ച് വിവരം അറിയിച്ചു. തുടർന്ന് സംഭവസ്ഥലത്തെത്തിയ പൊലീസ് അമ്മയും മുത്തശിയും മരിച്ചതായി കണ്ടെത്തി. പിതാവിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
കാറിൽ പിന്തുടർന്ന് എത്തിയാണ് പൊലീസ് പ്രതിയെ കീഴടക്കിയത്. അമിത വേഗതയിൽ സഞ്ചരിച്ച പ്രതിയുടെ കാറിടിച്ച് രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്തു. പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കുകയും ജാമ്യം നിഷേധിക്കുകയും ചെയ്തു. പ്രതി ടെക്സസ് റിയോ ഗ്രാൻഡെ വാലി സർവകലാശാലയിലെ വിദ്യാർഥിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.