യുഎസിൽ ഇന്ത്യൻ വിദ്യാർഥിയെ പൊലീസ് വെടിവെച്ചു കൊന്നു. തെലങ്കാനയിലെ മഹാബൂബ് നഗറിൽ നിന്നുള്ള മുഹമ്മദ് നിസാമുദ്ദീനാണ് കൊല്ലപ്പെട്ടത്. സെപ്റ്റംബർ 3ന് കാലിഫോർണിയിലെ സാന്താ ക്ലാരയിലാണ് സംഭവം. കത്തി ഉപയോഗിച്ച് അപ്പാർട്ട്മെന്റിലെ സഹ താമസക്കാരെ ആക്രമിച്ചതിനെ തുടർന്നാണ് വെടിവെപ്പ് നടത്തിയത് എന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ വംശവെറിയാണ് പൊലീസ് വെടിവെപ്പിന് പിന്നിൽ എന്നാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.
വീടിനുള്ളിൽ കത്തിക്കുത്തുണ്ടായെന്നുള്ള വിവരം ലഭിച്ചതിന് പിന്നാലെയാണ് പൊലീസ് സ്ഥലത്തെത്തിയത്. സാന്താ ക്ലാരയിലുള്ള അപ്പാർട്ട്മെന്റിലെത്തിയപ്പോൾ മുഹമ്മദ് നിസാമുദ്ദീൻ കത്തിയുമായി നിൽക്കുന്നത് കണ്ടെന്നും പൊലീസ് പറയുന്നു. നിരവധി പരിക്കുകളോടെ കെട്ടിയിട്ട നിലയിലാണ് കൂടെയുണ്ടായിരുന്നയാളെ കണ്ടെത്തിയത്. സഹ താമസക്കാരനും നിസാമുദ്ദീനും തമ്മിലുള്ള തർക്കമാണ് കത്തിക്കുത്തിലേക്ക് നയിച്ചത്. പൊലീസുമായുള്ള ഏറ്റുമുട്ടലിൽ വെടിയേറ്റ പ്രതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഗുരുതരമായി പരിക്കേറ്റ സഹ താമസക്കാരൻ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ സാന്താ ക്ലാര കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസും സാന്താ ക്ലാര പൊലീസ് ഡിപ്പാർട്ട്‌മെന്റും സംയുക്ത അന്വേഷണം നടത്തുകയാണ്. അന്വേഷണത്തിൽ കൂടുതൽ കാര്യത്തിൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ പൊലീസ് സഹായത്തിനായി അഭ്യർഥിച്ചത് നിസാമുദ്ദീനാണെന്നാണ് കുടുംബം പറയുന്നത്. ഫ്ലോറിഡയിലെ ഒരു കോളേജിൽ കമ്പ്യൂട്ടർ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ നിസാമുദ്ദീൻ കാലിഫോർണിയയിലെ സാന്താ ക്ലാരയിലുള്ള ഒരു ടെക് സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. വംശീയ പീഡനം, വേതന തട്ടിപ്പ്, ജോലിയിൽ നിന്ന് തെറ്റായി പിരിച്ചുവിടൽ തുടങ്ങിയ പരാതികൾ നിസാമുദ്ദീൻ നേരത്തെ ഉന്നയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞു. ആരോപണങ്ങളെക്കുറിച്ചും മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു.