പോരാട്ടം... പ്രതിരോധം, അതിജീവനം; അന്താരാഷ്ട്ര വനിതാ ദിനം

ഗിവ് ടു ഗെയിൻ - 'നേട്ടത്തിനായി നൽകുക' എന്നതാണ് 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം.
പോരാട്ടം... പ്രതിരോധം, അതിജീവനം; അന്താരാഷ്ട്ര വനിതാ ദിനം
Published on
Updated on

മാർച്ച് എട്ട് വനിതാ ദിനം എന്നാൽ ഒരു കലണ്ടർ തീയതിയോ, സ്ത്രീകൾക്കായി ഒരു ദിനമോ മാത്രമല്ല. നൂറ്റാണ്ടുകളായി നടത്തിവരുന്ന പോരാട്ടങ്ങളുടേയും അതിജീവനത്തിത്തിന്റേയും ഓർമ്മപ്പെടുത്തലാണ്. ലോകം തന്നെ ചർച്ച ചെയ്ത നിരവധി അവകാശ സമരങ്ങളുടെ കഥയാണ് ഈ ദിനത്തിന് പറയാനുള്ളത്. സ്ത്രീകൾക്കായി ദിവസമോ? എന്തിന്, ഇപ്പോ സ്ത്രീകൾക്ക് സ്വാതന്ത്ര്യമില്ലേ, അതെന്താ സ്ത്രീകൾക്ക് മാത്രം ഒരു ദിനം തുടങ്ങി നിരവധി ചോദ്യങ്ങള്‍ക്കും മറുപടികള്‍ക്കും ഇടയിലാണ് ഓരോ വര്‍ഷവും അന്താരാഷ്ട്ര വനിതാ ദിനാചരണം കടന്നുപോകുന്നത്. പലപ്പോഴും അതിന്റെ ചരിത്രവും, പ്രാധാന്യവുമൊന്നും സ്ത്രീകള്‍ പോലും അറിയാതെയാണ് ആ ദിവസത്തെ ആചരിക്കുന്നത്.

പോരാട്ടം... പ്രതിരോധം, അതിജീവനം; അന്താരാഷ്ട്ര വനിതാ ദിനം
ആരോഗ്യ പരിശോധന ക്യാമ്പുകള്‍, സ്ത്രീകൾക്ക് സൗജന്യ ചികിത്സ , വികസന പദ്ധതികൾ...; പിറന്നാൾ ദിനത്തിൽ പ്രഖ്യാപനങ്ങളുമായി മോദി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ യുഎസ്സിലെ സോഷ്യലിസ്റ്റ്-തൊഴിലാളി പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ടാണ് വനിതാ ദിനത്തിൻ്റെ ചരിത്രം അടയാളപ്പെടുത്തി തുടങ്ങുന്നത്. മെച്ചപ്പെട്ട തൊഴിൽ സാഹചര്യത്തിനും മെച്ചപ്പെട്ട വേതനം ലഭിക്കുന്നതിനും വോട്ടവകാശത്തിനും വേണ്ടി പോരാടിത്തുടങ്ങിയ കാലമായിരുന്നു. 1908 മാർച്ച് എട്ടിന് തുണിമില്ലുകളിൽ ജോലി ചെയ്തിരുന്ന പതിനായിരക്കണക്കിന് സ്ത്രീകൾ (ഏകദേശം 12,000 മുതൽ 15,000 വരെ സ്ത്രീകൾ) ന്യൂയോർക്കിൽ ഒരു റാലി സംഘടിപ്പിച്ചു. കൂടുതൽ നേരം ജോലിയും തുച്ഛമായ വേതനവും നൽകുന്നതിൽ പ്രതിഷേധം അറിയിച്ചായിരുന്നു റാലി.

അന്ന് ആ റാലിയിൽ ഉയർന്ന സ്ത്രീകളുടെ ശബ്ദം രാജ്യമാകെയും പിന്നീട് ലോകമാകെയും പടർന്നുകയറി. നോർത്ത് അമേരിക്കയിൽ മാത്രമല്ല, യൂറോപ്പിലും അന്ന് മെച്ചപ്പെട്ട തൊഴിൽ സാഹചര്യങ്ങൾക്കായി സത്രീകളുടെ ശബ്ദം ഉയർന്നു. യു.എസ്സില്‍ 1909 ഫെബ്രുവരി 28ന് വനിതാദിനം ആചരിച്ചു. പിന്നീട് 1910ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന സമ്മേളനത്തില്‍, ലോക വനിതാ ദിനം ആചരിക്കണമെന്ന ആവശ്യമുയര്‍ന്നു. തുടര്‍ന്ന്, 1911 മാര്‍ച്ച് 19ന് ജര്‍മ്മനിയും സ്വിറ്റ്സര്‍ലന്‍ഡും ഉള്‍പ്പെടെ രാജ്യങ്ങള്‍ വനിതാ ദിനം ആചരിച്ചു. ജർമ്മനിയിലെ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് പാർട്ടി വനിതാ വിഭാഗം അധ്യക്ഷ ക്ലാര-സെട്കിനിന്‍റെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് 17 രാജ്യങ്ങളിൽനിന്നുള്ള വനിതാ പ്രതിനിധികൾ പങ്കെടുത്ത സമ്മേളനത്തിൽ ഉയര്‍ന്നുവന്ന ആശയത്തിന് അപ്പോൾത്തന്നെ അംഗീകാരം നൽകി.

തൊട്ടടുത്ത വർഷം,1911 മാർച്ച്‌ എട്ടിന്, അന്താരാഷ്ട്രതലത്തിൽ ഈ ദിനം ആചരിച്ചു. 1917 മാർച്ച്‌ എട്ടിന് റഷ്യയിൽ നടത്തിയ വനിതാ ദിന പ്രകടനം , റഷ്യൻ വിപ്ലവത്തിന്റെ ഒന്നാം ഘട്ടമായാണ് കണക്കാക്കപ്പെടുന്നത്. 1975-ൽ ഐക്യരാഷ്ട്ര സഭയാണ് മാർച്ച് എട്ട് അന്താരാഷ്ട്ര വനിതാ ദിനമായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഗിവ് ടു ഗെയിൻ - 'നേട്ടത്തിനായി നൽകുക' എന്നതാണ് 2026 ലെ അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ പ്രമേയം. പരസ്പര സഹകരണത്തിന്റെയും പിന്തുണയുടെയും ശക്തിയെ ഊന്നിപ്പറയുകയാണ് ഈ ആശയത്തിലൂടെ.

പോരാട്ടം... പ്രതിരോധം, അതിജീവനം; അന്താരാഷ്ട്ര വനിതാ ദിനം
മാനസികാരോഗ്യത്തിൽ നമ്മളല്ല; ഇവരാണ് മുൻപന്തിയിൽ!

എത്രമേൽ വേട്ടയാടപ്പെട്ട, ചൂഷണം ചെയ്യപ്പെട്ട വിഭാഗമാണ് സ്ത്രീകളെന്ന ഓർമപ്പെടുത്തലുണ്ട് വനിതാദിനത്തിന്. സാമാന്യം പ്രിവിലേജുള്ള ഏതാനും ഉദാഹരണങ്ങൾ കാണിച്ച് സമർഥിക്കുന്നതിനും അപ്പുറമാണ് സ്ത്രീ ജീവിതത്തിലെ യാഥാർഥ്യങ്ങൾ. അത്തരം ജീവിത യാഥാർഥ്യങ്ങളെ തിരിച്ചറിഞ്ഞ് അതിനോട് പ്രതികരിക്കാൻ ഒരു പറ്റം സ്ത്രീകൾ കാണിച്ച ആർജവമാണ് ഇന്ന് നാം ആഘോഷിക്കുന്ന വനിതാ ദിനം. ആരുടെയും ഔദാര്യത്തില്‍ പിറന്ന ഒന്നല്ലെന്ന് സാരം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com