ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സിന് പുതിയ ഇൻ്റലിജൻസ് മേധാവിയെ നിയമിച്ച് ഇറാൻ. ബ്രിഗേഡിയർ ജനറൽ മജീദ് ഹദമി ആണ് ഐആർജിസിയുടെ പുതിയ ഇൻ്റലിജൻസ് മേധാവി. ഇസ്ലാമിക് റവല്യൂഷനറി ഗാർഡ്സ് കോർപ്പറേഷൻ കമാൻഡറായ മേജർ ജനറൽ മുഹമ്മദ് പക്പൂറാണ് പുതിയ ഇൻ്റലിജൻസ് മേധാവിയെ നിയമിച്ചത്.
ഇൻ്റലിജൻസ് മേധാവിയായിരുന്ന മൊഹമ്മദ് കസേമി ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് മജീദ് ഹദമിയെ പുതിയ ഇൻ്റലിജൻസ് മേധാവിയായി നിയമിച്ചത്. മൊഹമ്മദ് കസേമിയോടൊപ്പം റെവലൂഷനറി ഗാർഡ് ഓഫീസർമാരായ ഹസ്സൻ മൊഹാഗെഗും മൊഹ്‌സെൻ ബാഗേരിയും ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, ഇറാൻ ഇസ്രയേൽ സംഘർഷത്തിൽ ഇറാനെ പിന്തുണയ്ക്കുന്ന റഷ്യക്കെതിരെ ആഞ്ഞടിച്ച് യുക്രെയ്ൻ പ്രസിഡൻ്റ് വോളോദിമിർ സെലെൻസ്കി. ഇറാനെ പിന്തുണയ്ക്കുന്ന റഷ്യ കൂടുതൽ കടുത്ത ഉപരോധങ്ങൾ അർഹിക്കുന്നുവെന്ന് സെലെൻസ്കി പ്രതികരിച്ചു. യുക്രെയ്ന് എതിരായി റഷ്യ ഇറാൻ നിർമിത ഷഹദ് മിസൈലുകൾ ഉപയോഗിച്ചത് തെളിവാണ്. ഇറാൻ്റെ ആണവ പദ്ധതി രക്ഷിക്കാൻ ആണ് റഷ്യ ശ്രമിക്കുന്നതെന്നും സെലെൻസ്കി പറഞ്ഞു. യുദ്ധം കയറ്റുമതി ചെയ്യുന്ന സഖ്യങ്ങൾ കുറയുമ്പോൾ റഷ്യയും ദുർബലമാകുന്നു. അക്രമികളായ ഭരണകൂടങ്ങളെ സഖ്യത്തിലായിരിക്കാൻ അനുവദിക്കരുതെന്നും സെലെൻസ്കി കൂട്ടിച്ചേർത്തു.
ഏഴാം ദിവസത്തിലേക്ക് കടന്നിട്ടും ഇസ്രയേൽ - ഇറാൻ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇറാനെതിരെ സൈനിക ആക്രമണം നടത്തണോ വേണ്ടയോ എന്ന കാര്യത്തിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെടുക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. ഇറാനുമായി ഇനിയും ചർച്ചകൾക്ക് സാധ്യതയുണ്ട്. സൈനിക നടപടിക്ക് മുൻപ് നയതന്ത്രശ്രമം തുടരുമെന്ന് ഡൊണാൾഡ് ട്രംപ് പറഞ്ഞതായും വൈറ്റ് ഹൗസ് അറിയിച്ചു.
അതേസമയം, ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ഇസ്രയേലിന് ആരുടെയും സഹായം ആവശ്യമില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിൻ്റെ നിലപാട്. ഇറാൻ്റെ ആണവ ശേഷി നിർവീര്യമാക്കാൻ ഇസ്രയേൽ ഒറ്റയ്ക്ക് പ്രവർത്തിക്കും. ഫോർദോ ഉൾപ്പെടെ ഇറാൻ്റെ എല്ലാ ആണവ കേന്ദ്രങ്ങളും തകർക്കാൻ ഇസ്രയേലിന് ശേഷിയുണ്ട്. അമേരിക്കൻ പിന്തുണ പ്രസിഡൻ്റ് ട്രംപിൻ്റെ തീരുമാനമാണെന്നും നെതന്യാഹു വ്യക്തമാക്കി. ഇറാനിലെ ഭരണമാറ്റമായിരിക്കും അന്തിമ ഫലമെന്നും നെതന്യാഹു പറഞ്ഞു. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനെയിയുടെ വധമാണ് ലക്ഷ്യങ്ങളിലൊന്നെന്ന് കഴിഞ്ഞ ദിവസം ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സും പറഞ്ഞിരുന്നു.
ജനീവയില്‍ യൂറോപ്യന്‍ പ്രതിനിധി സംഘം ഇന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുമായി കൂടിക്കാഴ്ച നടത്തും. ജനീവയിൽ ഫ്രാൻസും, ജർമ്മനിയും സംയുക്തമായി ഇറാനെ ഉൾപ്പെടുത്തി നടത്തുന്ന ചർച്ചയിൽ ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറിയും പങ്കെടുക്കും. ആണവ പദ്ധതിയിലുൾപ്പെടെ നയതന്ത്ര പ്രമേയത്തിലൂന്നിയാവും ചർച്ചകൾ.