
ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് 'വിനാശകരമായ' തിരിച്ചടി നല്‍കുമെന്ന് ഇറാന്‍. ഇസ്രയേൽ കൈവശം വെച്ചിരിക്കുന്ന മുഴുവൻ പ്രദേശങ്ങളെയും ലക്ഷ്യം വെച്ച് കൂടുതല്‍ മാരകമായ ആക്രമണങ്ങള്‍ നടത്തുമെന്ന് ഇറാന്‍ സായുധ സേന വ്യക്തമാക്കി. ഇസ്രയേൽ അധിനിവേശ പ്രദേശങ്ങൾ വിട്ടുപോകാൻ ജനങ്ങൾക്ക് സേന മുന്നറിയിപ്പും നൽകി.
"വരും ദിവസങ്ങളിൽ നിങ്ങൾക്കുള്ള മുന്നറിയിപ്പുകൾ: അധിനിവേശ പ്രദേശങ്ങൾ വിട്ടുപോകൂ. കാരണം, തീർച്ചയായും അവ ഭാവിയിൽ വാസയോഗ്യമാകില്ല!" ഇസ്രയേലിനെതിരെ ഇറാനിയൻ ആക്രമണങ്ങളുടെ പുതിയ തരംഗം ആരംഭിച്ചതിന് തൊട്ടുപിന്നാലെ, സായുധ സേനയുടെ വക്താവ് കേണൽ റെസ സയ്യദ് പറഞ്ഞു. ഇസ്രയേലിലെ ക്രിമിനല്‍ ഭരണകൂടം ജനങ്ങളെ മനുഷ്യകവചമായി ഉപയോഗിക്കാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും സായുധ സേനയുടെ വക്താവ് നല്‍കി. അണ്ടർഗ്രൗണ്ട് ഷെല്‍ട്ടറുകള്‍ സുരക്ഷിതമല്ലെന്നും ഇസ്രയേലിലെ ജനങ്ങളോട് കേണൽ റെസ സയ്യദ് പറഞ്ഞു.
തുടർച്ചയായ മൂന്നാം ദിവസവും ഇരു രാജ്യങ്ങളും ആക്രമണവും പ്രത്യാക്രമണവും ശക്തമാക്കിയിരിക്കുകയാണ്. ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ റെവല്യൂഷണറി ഗാർഡ്സ് ഇൻ്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മൊഹമ്മദ് കസേമിയും ഉപമേധാവി ജനറൽ ഹസൻ മൊഹാഖിഖും കൊല്ലപ്പെട്ടിരുന്നു. ഇറാൻ്റെ കൂടുതൽ ആണവ ശാസ്ത്രജ്ഞർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇസ്രയേൽ ആക്രമണത്തിൽ ഇതുവരെ 224 പേർ കൊല്ലപ്പെട്ടതായും 1200ലേറെ പേർക്ക് പരിക്കേറ്റതായും ഇറാൻ്റെ ആരോഗ്യമന്ത്രാലയം അറിയിച്ചു. സംഘർഷം രൂക്ഷമായതോടെ തെഹ്റാനിൽ നിന്നും ആളുകൾ ഒഴിഞ്ഞുതുടങ്ങി. 200 കിലോഗ്രാമിലേറെ സ്‌ഫോടക വസ്തുക്കളും 23 ഡ്രോണുകളും ലോഞ്ചറുകളുമായി രണ്ട് മൊസാദ് അംഗങ്ങളെ കൂടി ഇറാന്‍ തെഹ്റാനില്‍ നിന്ന് പിടികൂടിയിട്ടുണ്ട്.
മധ്യ ഇസ്രയേലില്‍ ഇന്നുണ്ടായ ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ മൂന്ന് പേരാണ് കൊല്ലപ്പെട്ടത്. തുറമുഖ നഗരമായ ഹൈഫയിലുണ്ടായ പുതിയ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് ചെറിയ പരിക്കും മൂന്നു പേരെ കാണാനില്ലെന്നുമാണ് വൈനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.