ഇറാനിൽ ആണവ ആക്രമണം നടത്തിയാൽ പാകിസ്ഥാൻ ഇസ്രയേലിനെതിരെ ആണവ ആക്രമണം നടത്തുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ മുതിർന്ന ഉദ്യോഗസ്ഥനും ഇറാന്റെ ദേശീയ സുരക്ഷാ കൗൺസിൽ അംഗവുമായ മൊഹ്‌സെൻ റെസായി പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് മൊഹ്‌സെൻ റെസായിയുടെ പരാമർശം.
"ഇസ്രയേൽ ഇറാനിൽ അണുബോംബ് പ്രയോഗിച്ചാൽ, ഇസ്രയേലിൽ ആണവ ആക്രമണം നടത്തുമെന്ന് പാകിസ്ഥാൻ ഞങ്ങൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്," റെസായി പറഞ്ഞു. എന്നാൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ ഈ അവകാശവാദം നിഷേധിച്ചു. നിലവിൽ ഇതുവരെ ഇസ്രയേലിനെതിരെ ആണവായുധങ്ങൾ ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള ഒരു ഔദ്യോഗിക സ്ഥിരീകരണവും പാകിസ്ഥാനിൽ നിന്നും ഉണ്ടായിട്ടില്ല. അതേസമയം, ഇസ്രയേലിനെതിരായ പോരാട്ടത്തിൽ പാകിസ്ഥാൻ ഇറാനൊപ്പം നിൽകുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നു.
നിലവിൽ ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന ഒമ്പത് രാജ്യങ്ങളിൽ ഇസ്രയേലും പാകിസ്ഥാനും ഉൾപ്പെടുന്നുണ്ട്. അതേസമയം, യുദ്ധം ചെയ്യുന്ന ഇറാനും ഇസ്രയേലും തമ്മിലൊരു കരാറുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഇറാൻ യുഎസിനെ ആക്രമിച്ചാൽ മുമ്പൊരിക്കലും കാണാത്തവിധം സായുധ സേനയുടെ മുഴുവൻ ശക്തിയും ഇറാന് മേലെ പതിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.
അമേരിക്കയുടെ നിർണായക ആയുധ വിപണിയായ പാകിസ്ഥാൻ ഇസ്രയേലിന്റെ ആണവ ശക്തിയിൽ ആശങ്ക ഉയർത്തിയിരുന്നു. ഇസ്രയേൽ സൃഷ്ടിക്കുന്ന സംഘർഷങ്ങളെക്കുറിച്ച് പാശ്ചാത്യ ലോകം ആശങ്കപ്പെടണമെന്ന് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് പറഞ്ഞിരുന്നു. ഇസ്രയേലിനെ യുഎസ് സംരക്ഷിക്കുന്നത് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.