
ഇറാന്‍-ഇസ്രയേല്‍ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മകന്റെ വിവാഹ ചടങ്ങ് മാറ്റിവെച്ച് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. നെതന്യാഹുവിന്റെ മകൻ അവ്‌നർ നെതന്യാഹുവിന്റെയും പങ്കാളിയായ അമിത് യാർദേനിയുടെയും വിവാഹം തിങ്കളാഴ്ചയാണ് നടത്താന്‍ തീരുമാനിച്ചിരുന്നത്.
ഹമാസ് ബന്ദിയാക്കിയ ഇസ്രയേലികളെ തിരികെയെത്തിക്കാതെ നെതന്യാഹു കുടുംബം ആഘോഷിക്കുകയാണെന്ന സർക്കാർ വിരുദ്ധ പ്രതിഷേധക്കാരുടെ വിമർശനം വിവാദമായതും വിവാഹം മാറ്റിവയ്ക്കുന്നതിന് കാരണമായി. ഇറാനെതിരെ ആക്രമണങ്ങള്‍ ആരംഭിക്കും മുന്‍പ് തന്നെ ഈ വിവാദം പ്രതിപക്ഷം അടക്കം ഇസ്രയേലില്‍ ഉയർത്തിക്കൊണ്ടുവന്നിരുന്നു. ടെൽ അവീവിന് വടക്കുള്ള കിബ്ബട്ട്സ് യാകുമിലെ റോണിറ്റ്സ് ഫാം എന്ന ആഡംബര ഇവന്റ് ഹാളിലെ വിവാഹ വേദിക്ക് സമീപം പ്രകടനങ്ങൾ സംഘടിപ്പിക്കുമെന്ന് നിരവധി സർക്കാർ വിരുദ്ധ സംഘടനകൾ മുന്നറിയിപ്പും നല്‍കിയിരുന്നു.
സുരക്ഷാ ആശങ്കകൾ നിലനില്‍ക്കുന്നതിനാല്‍, വേദിയുടെ 100 മീറ്റർ ചുറ്റളവിൽ ഇസ്രയേൽ പൊലീസ് ഇരുമ്പ് റോഡ് ബ്ലോക്കുകളും മുള്ളുവേലികളും സ്ഥാപിച്ചിരുന്നു. പൊലീസ് ഹെലികോപ്റ്ററുകൾ ഒഴികെ വേദിയുടെ 1.5 കിലോമീറ്റർ ചുറ്റളവിലുള്ള വ്യോമാതിർത്തി അടച്ചിടുമെന്ന് ഈ ആഴ്ച ആദ്യം തന്നെ അധികൃതർ പ്രഖ്യാപിച്ചിരുന്നു.
വിവാദങ്ങള്‍ക്കിടയിലും മകന്റെ വിവാഹം നെതന്യാഹു വലിയ ആഘോഷമാക്കാനിരിക്കെയാണ് ഇറാനിലെ ആണവ-സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ ആക്രമണങ്ങള്‍ നടത്തിയത്. ഈ ആക്രമണത്തില്‍ ഇറാന്‍ സൈന്യത്തിലേയും ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സ് (ഐആർജിസി) തലവന്മാർ കൊല്ലപ്പെട്ടിരുന്നു. ഇതിനു പിന്നാലെ വലിയ തോതിലുള്ള തിരിച്ചടിയാണ് ഇറാന്‍ നടത്തിയത്.
ഇസ്രയേല്‍ പൊലീസ് പുറത്തുവിടുന്ന വിവരങ്ങള്‍ പ്രകാരം ഇറാന്‍ ആക്രമണങ്ങളില്‍ 10 ഇസ്രയേലികളാണ് കൊല്ലപ്പെട്ടത്. 180ഓളം പേർക്ക് പരിക്കേറ്റു. മിസൈല്‍ ആക്രമണങ്ങളില്‍ തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍പ്പെട്ട ഏഴോളം പേരെ കണ്ടെത്താനിയിട്ടില്ലെന്നും പൊലീസ് പറയുന്നു.
ഇസ്രയേലിന്റെ ആക്രമണങ്ങള്‍ക്ക് പിന്നാലെ യുഎസുമായുള്ള ആണവ ചർച്ചകളും ഇറാന്‍ നിർത്തിവെച്ചിരുന്നു. ഇസ്രയേല്‍ ബോംബിങ്ങുകള്‍ അവസാനിപ്പിക്കാനുള്ള അവസാന മാർഗമായാണ് ഇറാന്‍ ഈ നിടപടി സ്വീകരിച്ചത്. എന്നാല്‍ 'ഓപ്പറേഷന്‍ റൈസിങ് ലയണ്‍' എന്ന് പേരിട്ട ആക്രമണ പരമ്പര തുടരാനാണ് ഇസ്രയേലിന്റെ തീരുമാനം. ഇക്കാര്യം ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിക്കുകയും ചെയ്തു.