

രാജ്യത്തെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇറാന്റെ മുന്നറിയിപ്പ്. ഖമേനിയെ ആരെങ്കിലും ആക്രമിക്കാന്‍ തയ്യാറായാല്‍ അവരുടെ ലോകം തന്നെ ചുട്ടെരിക്കുമെന്നാണ് മുന്നറിയിപ്പ്. ഖമേനിയുടെ 40 വര്‍ഷം നീണ്ട ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായെന്ന് ട്രംപ് കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ജനറൽ അബോൽഫസൽ ഷെകാർച്ചിയുടെ മുന്നറിയിപ്പ്.
"ഞങ്ങളുടെ നേതാവിനെ ആക്രമിക്കാന്‍ ആരെങ്കിലും കൈ നീട്ടിയാൽ, ആ കൈ ഞങ്ങൾ വെട്ടിമാറ്റുക മാത്രമല്ല, അവരുടെ ലോകം തന്നെ തീയിടുമെന്ന കാര്യം ട്രംപിന് അറിയാം" എന്നാണ് ഇറാന്‍ സായുധസേനാ വക്താവ് ജനറൽ അബോൽഫസൽ ഷെകാർച്ചിയുടെ മുന്നറിയിപ്പ്. നേരത്തെ, ഖമേനിക്കെതിരായ ഏതൊരു ആക്രമണവും യുദ്ധപ്രഖ്യാപനമായി കണക്കാക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനും മുന്നറിയിപ്പ് നല്‍കിയിരുന്നു. പരമോന്നത നേതാവിനെതിരായ ആക്രമണം രാജ്യത്തിനെതിരായ പൂര്‍ണതോതിലുള്ള യുദ്ധത്തിന് തുല്യമാണെന്നായിരുന്നു പെസഷ്‌കിയാന്റെ വാക്കുകള്‍. ഖമേനിയെ വധിക്കാനോ, സ്ഥാനത്തുനിന്ന് നീക്കാനോ ട്രംപ് ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കു പിന്നാലെയായിരുന്നു പെസഷ്‌കിയാന്റെ മുന്നറിയിപ്പ്.
ഇറാനിലെ ഭരണവിരുദ്ധ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷം കൂടുതല്‍ രൂക്ഷമായത്. സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ഭരണകൂടം അടിച്ചമര്‍ത്തുകയാണെന്നും, കൂട്ടക്കൊല നടത്തുകയാണെന്നും ട്രംപ് ആരോപിച്ചിരുന്നു. പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കനത്ത ശിക്ഷാനടപടികള്‍ സ്വീകരിച്ചാല്‍, യുഎസ് ശക്തമായ നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ഖമേനി ഭരണത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ആക്രമണം അഴിച്ചുവിട്ട് ഖമേനി ഇറാനെ എല്ലാത്തരത്തിലും നശിപ്പിച്ചു. രാജ്യം നന്നായി പ്രവര്‍ത്തിക്കാന്‍, പ്രതിഷേധിക്കുന്ന ആളുകളെ കൊന്നൊടുക്കുകയല്ല വേണ്ടത്. ഖമേനിയുടെ 40 വര്‍ഷം നീളുന്ന ഭരണത്തിന് അന്ത്യം കുറിക്കാന്‍ സമയമായിരിക്കുന്നു. ഇറാനില്‍ പുതിയ നേതൃത്വം ഉയര്‍ന്നുവരേണ്ട സമയമായിരിക്കുന്നു എന്നുമാണ് ട്രംപ് യുഎസ് മാധ്യമമായ പൊളിറ്റികോയോട് സംസാരിച്ചത്.
അതേസമയം, രാജ്യത്തെ അശാന്തിക്കും ആക്രമണങ്ങള്‍ക്കും കാരണം ട്രംപാണെന്നാണ് ഖമേനിയുടെ ആരോപണം. രാജ്യത്തെ നഷ്ടങ്ങള്‍ക്കും മരണങ്ങള്‍ക്കുമെല്ലാം കാരണക്കാരന്‍ ട്രംപ് ആണ്. അക്രമാസക്തരായ സംഘത്തെ ഇറാന്‍ ജനതയെ പ്രതിനിധീകരിക്കുന്നവര്‍ എന്ന തരത്തിലാണ് ട്രംപ് ചിത്രീകരിക്കുന്നതെന്നും ഖമേനി അഭിപ്രായപ്പെട്ടിരുന്നു.