

മനാമ: ബഹ്റൈനിലെ റിഫ വ്യോമതാവളത്തെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്തി ഇറാൻ. നിലവിൽ ഈ വ്യോമതാവളം യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനമായി പ്രവർത്തിച്ച് വരികയാണ്. ഇതേ തുടർന്ന് ഗൾഫ് രാജ്യത്ത് ഇന്ന് പുലർച്ചെ പൊതുജനങ്ങൾക്കായി അപകട മുന്നറിയിപ്പുകളും സൈറണുകളും മുഴങ്ങിയിരുന്നു. യുഎസ് സഖ്യകക്ഷിയായി പ്രവർത്തിക്കുന്ന ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനത്തെ ആക്രമിക്കാനായാണ് ആറ് ഡ്രോണുകൾ അയച്ചതെന്ന് ഐആർജിസി സ്ഥിരീകരിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മൂന്ന് ദിവസത്തിനുള്ളിൽ ഇത് രണ്ടാം തവണയാണ് ഐആർജിസി ബഹ്റൈനിലെ യുഎസ് റഡാർ സംവിധാനത്തെ ലക്ഷ്യമിട്ടതായി അവകാശപ്പെടുന്നത്. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം ഏകദേശം മൂന്ന് മണിക്കൂറിനുള്ളിൽ രണ്ട് തവണ ആക്രമണ മുന്നറിയിപ്പുകൾ നൽകിയിരുന്നു. ആദ്യ വ്യോമാക്രമണ മുന്നറിയിപ്പ് പുലർച്ചെ 4.30നായിരുന്നു പൊതുജനങ്ങൾക്ക് ലഭിച്ചത്. തലസ്ഥാനമായ മനാമയിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടെങ്കിലും, ലക്ഷ്യത്തിലെത്തും മുമ്പ് വ്യോമ പ്രതിരോധ സംവിധാനങ്ങൾ ആക്രമണങ്ങളെ തടഞ്ഞുവെന്ന് ബഹ്റൈൻ അധികൃതർ പറഞ്ഞു.
ഇന്ന് രാവിലെയുണ്ടായ ഇറാൻ്റെ ഡ്രോൺ ആക്രമണങ്ങൾക്ക് പിന്നാലെ യുദ്ധം പുനരാരംഭിച്ചേക്കുമെന്ന ആശങ്ക നിൽക്കുന്നുണ്ട്. അതേസമയം യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഇറാനെതിരെ ഭീഷണി മുഴക്കുന്നുണ്ടെങ്കിലും തുറന്ന യുദ്ധത്തിലേക്ക് മടങ്ങുന്നതിന് തയ്യാറായിട്ടില്ല. ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള ചർച്ചകൾ ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. യുഎസ് നാവിക ഉപരോധം തുടരുകയും ഹോർമുസ് കടലിടുക്കിൽ ഇറാൻ പിടിമുറുക്കുകയും ചെയ്യുന്നതോടെ ഗൾഫ് മേഖലയിലെ എണ്ണക്കയറ്റുമതിയിൽ പ്രതിസന്ധി തുടരുകയാണ്. ജോർദാൻ, ഈജിപ്ത്, സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളെല്ലാം ഇറാൻ്റെ ആക്രമണത്തെ ശക്തമായി അപലപിക്കുകയും ബഹ്റൈന് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനെതിരായ യുഎസ്-ഇസ്രയേൽ യുദ്ധത്തിൻ്റെ ആദ്യ നാല് മാസങ്ങളിൽ ബഹ്റൈൻ ഉൾപ്പെടെ എട്ട് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളായ കെട്ടിടങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയിരുന്നു. നിരവധി നാശനഷ്ടങ്ങൾ സംഭവിച്ചതായി പെൻ്റഗൺ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, സൗദി അറേബ്യയുടെ പിന്തുണയോടെ ഹൂത്തികൾക്കെതിരെ പോരാടുന്ന യെമൻ സർക്കാർ സേനയായ ബാബ് എൽ മന്ദബ് പ്രദേശത്ത് നിന്ന് പിൻവാങ്ങിയിട്ടുണ്ട്. ഇറാനുമായി സഖ്യം തുടരുന്ന വിമതർക്ക് നിർണായകമായ ഹോർമുസ് കപ്പൽ പാതയിൽ കൂടുതൽ ഇളവുകൾ അനുവദിച്ചിട്ടുണ്ട്.