

ടെഹ്‌റാന്‍: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും യുദ്ധ കാഹളം. ഇസ്രയേലിനു നേരെ ഇറാന്‍ നടത്തിയ മിസൈല്‍ ആക്രമണത്തിനു പിന്നാലെ തിരിച്ചടിച്ച് ടെല്‍ അവീവ്. ഏപ്രിലില്‍ പ്രഖ്യാപിച്ച താത്കാലിക വെടിനിര്‍ത്തലിനു ശേഷം ആദ്യമായാണ് ഇറാന്‍ ഇസ്രയേലിനു നേരെ മിസൈല്‍ ആക്രമണം നടത്തുന്നത്. ഇസ്രയേല്‍ വ്യോമതാവളത്തിനു നേരെയാണ് ആക്രമണം.
ആക്രമണത്തിനു പിന്നാലെ സുരക്ഷാ മുന്‍കരുതലിന്റെ ഭാഗായി ഇറാഖും സിറിയയും വ്യോമപാതകള്‍ അടച്ചു. ഇറാഖ് 72 മണിക്കൂറിലേക്കും സിറിയ 12 മണിക്കൂറിലേക്കുമാണ് വ്യോമപാതകള്‍ താല്‍ക്കാലികമായി അടച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയിരുന്നു. ഇതിന് ശക്തമായ മുന്നറിയിപ്പ് എന്ന നിലയിലാണ് മിസൈല്‍ ആക്രമണം എന്ന് ഇറാന്റെ റവല്യൂഷണറി ഗാര്‍ഡ്‌സ് അറിയിച്ചു. ഇസ്രായേല്‍ ആക്രമണം തുടര്‍ന്നാല്‍ മേഖലയിലെ യുഎസ്-ഇസ്രായേല്‍ താവളങ്ങള്‍ക്ക് നേരെ കൂടുതല്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി.
എന്നാല്‍, ഇറാന്റെ മിസൈലുകളെല്ലാം വിജയകരമായി പ്രതിരോധിച്ചുവെന്നാണ് ഇസ്രയേലിന്റെ വാദം. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്റെ ഭാഗത്തു നിന്നുണ്ടായത് ഗുരുതരമായ തെറ്റാണെന്നും ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ഇസ്രയേല്‍ മിലിട്ടറി ചീഫ് ലഫ്റ്റനന്റ് ജനറല്‍ ഇയാല്‍ സമീര്‍ വ്യക്തമാക്കി.
ഇതിനു പിന്നാലെ, തിരിച്ചടിയും ആരംഭിച്ചു. ഇറാനിലെ നജാഫാബാദില്‍ ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായി. ടെഹ്റാനും തബ്രിസിനും പുറമേ ഇസ്രായേല്‍ വ്യോമാക്രമണം നടത്തിയ മൂന്നാമത്തെ പ്രധാന മേഖലയായ ഇസ്ഫഹാന്‍ പ്രവിശ്യയില്‍ പെട്ട സ്ഥലമാണ് നജാഫാബാദ്. ആക്രമണത്തില്‍ ആളപായമുണ്ടായിട്ടില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം.
ഇസ്രായേലിന്റെ വ്യോമാക്രമണത്തിന് തൊട്ടുപിന്നാലെ ആഗോള വിപണിയില്‍ എണ്ണവിലയും കുതിച്ചുയരാന്‍ തുടങ്ങി. ആക്രമണ വാര്‍ത്ത പുറത്തുവന്ന് തൊട്ടടുത്ത മണിക്കൂറില്‍ തന്നെ രാജ്യാന്തര വിപണിയില്‍ ബ്രെന്റ് ക്രൂഡ് വില 3.63 ശതമാനം വര്‍ധിച്ച് ബാരലിന് 96.75 ഡോളറിലെത്തി.
ഇതിന് പുറമെ, യുഎസ് വിപണിയിലെ വെസ്റ്റ് ടെക്‌സസ് ഇന്റര്‍മീഡിയറ്റ് ക്രൂഡ് ഓയില്‍ വിലയും 3.35 ശതമാനം ഉയര്‍ന്ന് ബാരലിന് 93.89 ഡോളറായി. പശ്ചിമേഷ്യയില്‍ യുദ്ധം കൂടുതല്‍ ശക്തമാകുന്നതോടെ എണ്ണ വിതരണം തടസ്സപ്പെടുമെന്ന ആശങ്കയാണ് വില അതിവേഗം ഉയരാന്‍ കാരണമായത്.
അതേസമയം, മേഖലയിലെ സംഘര്‍ഷം വീണ്ടും വഷളാകാതിരിക്കാന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവുമായി ഫോണില്‍ സംസാരിച്ചതായും തിരിച്ചടി നല്‍കരുതെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.