''ഖത്തറിനെതിരെ നടന്നത് ക്രൂരമായ ആക്രമണം, പ്രത്യാഘാതം നേരിടേണ്ടി വരും''; ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഇറാനും ഗള്‍ഫ് രാജ്യങ്ങളും

ക്രൂരമായ ആക്രമണമാണ് ഇതെന്നും ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും സൗദി വ്യക്തമാക്കി.
''ഖത്തറിനെതിരെ നടന്നത് ക്രൂരമായ ആക്രമണം, പ്രത്യാഘാതം നേരിടേണ്ടി വരും''; ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഇറാനും ഗള്‍ഫ് രാജ്യങ്ങളും
Published on

ഖത്തറിനെതിരായ ആക്രമണങ്ങളെ അപലപിച്ച് ഇറാനും യുഎനും സൗദി അറേബ്യ അടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളും. ഖത്തറിന് സമ്പൂര്‍ണ പിന്തുണ അറിയിച്ച സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേലിന്റെ ആക്രമണത്തെ ശക്തമായി അപലപിച്ചു. ക്രൂരമായ ആക്രമണമാണ് ഇതെന്നും ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനമാണിതെന്നും സൗദി വ്യക്തമാക്കി. ആക്രമണത്തിന് ഇസ്രയേല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പ് നല്‍കി.

അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമാണ് ഖത്തറില്‍ നടന്നതെന്ന് ഇറാനും വ്യക്തമാക്കി. പശ്ചിമേഷ്യയ്ക്കും അന്താരാഷ്ട്ര സമൂഹത്തിനും നേര്‍ക്കുള്ള ഗുരുതര വെല്ലുവിളിയായി ആക്രമണത്തെ കാണണമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മയില്‍ ബഗായി പറഞ്ഞു.

''ഖത്തറിനെതിരെ നടന്നത് ക്രൂരമായ ആക്രമണം, പ്രത്യാഘാതം നേരിടേണ്ടി വരും''; ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ഇറാനും ഗള്‍ഫ് രാജ്യങ്ങളും
ഖത്തറിലെ ആക്രമണം യുഎസ് അറിവോടെ? സമ്പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് നെതന്യാഹു; ട്രംപിന്റെ അറിവോടെയെന്ന് ഇസ്രയേലി മാധ്യമങ്ങള്‍

സഹോദര രാജ്യമായ ഖത്തറിനൊപ്പം നിലകൊള്ളുന്നുവെന്ന് യുഎഇ പറഞ്ഞു. അറബ് ഗള്‍ഫ് രാജ്യങ്ങളുടെ സുരക്ഷയില്‍ ഐക്യത്തോടെ നിലകൊള്ളുമെന്നും യുഎഇ വ്യക്തമാക്കി. ജോര്‍ദാനും ആക്രമണത്തെ ശക്തമായി അപലപിച്ചു. ഖത്തറിന്റെ സുരക്ഷയാണ് ജോര്‍ദാന്റെ സുരക്ഷ. ഇസ്രയേലിന്റെ ഭീരുത്വ നടപടിയെ അപലപിക്കുന്നതായും ജോര്‍ദാന്‍ വ്യക്തമാക്കി. ഖത്തറിലെ ഇസ്രയേല്‍ അക്രമത്തെ അപലപിച്ച് യു എന്‍ ജനറല്‍ സെക്രട്ടറി രംഗത്തെത്തി. അതേസമയം എല്ലാ മധ്യസ്ഥ ശ്രമങ്ങളും അവസാനിപ്പിച്ചതായി ഖത്തര്‍ അറിയിച്ചു.

അതേസമയം ആക്രമണത്തെക്കുറിച്ച് അമേരിക്കയ്ക്ക് അറിവുണ്ടായിരുന്നുവെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രണ്ട് ദിവസം മുമ്പ് ട്രംപ് ഹമാസിന് ഒരു ''അവസാന മുന്നറിയിപ്പ്'' നല്‍കുകയും ചെയ്തിരുന്നു. ആക്രമണത്തിന് മുമ്പ് ട്രംപിനെ ഇസ്രയേല്‍ ആക്രമണം സംബന്ധിച്ച് അറിയിച്ചിരുന്നുവെന്ന് രണ്ട് യുഎസ് ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

എന്നാല്‍ ഖത്തറിലെ വ്യോമാക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്രയേല്‍ രംഗത്തെത്തി. ആക്രമണം ഒറ്റയ്ക്ക് നടപ്പാക്കിയെന്നാണ് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്. ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത്, ഇസ്രയേല്‍ തന്നെ നടപ്പാക്കിയതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നാണ് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞത്.

'ഹമാസിന്റെ ഉന്നത ഉദ്യോഗകസ്ഥരെ ലക്ഷ്യം വെച്ച് നടത്തിയ സമ്പൂര്‍ണ സ്വതന്ത്ര ഇസ്രയേലി ഓപ്പറേഷനാണ് ഇന്ന് നടന്നത്. ഇസ്രയേല്‍ തന്നെ മുന്‍കൈ എടുത്ത്, ഇസ്രയേല്‍ തന്നെ നടപ്പാക്കിയ ആക്രമണത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഇസ്രയേല്‍ തന്നെ ഏറ്റടുക്കുന്നു,' എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സില്‍ കുറിച്ചു.

ദോഹയിലെ കത്താറ പ്രവിശ്യയിലാണ് പ്രധാനമായും ഇസ്രയേല്‍ വ്യോമാക്രമണം ഉണ്ടായത്. ഐഡിഎഫ്, ഷിന്‍ബെറ്റ് വിഭാഗങ്ങളുടെ സംയുക്ത ദൗത്യമാണെന്നാണ് ഇസ്രയേല്‍ പ്രസ്താവനയിലൂടെ അറിയിച്ചത്.

ഹമാസ് പൊളിറ്റിക്കല്‍ വിഭാഗം നേതാക്കള്‍ താമസിക്കുന്ന കെട്ടിടത്തിലും ആക്രമണം നടത്തിയെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. മുതിര്‍ന്ന ഹമാസ് നേതാവ് കൊല്ലപ്പെട്ടുവെന്നും ഐഡിഎഫ് അവകാശപ്പെട്ടു. മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി ഹമാസ് ചീഫ് ഖലീല്‍ അല്‍ ഹയ്യ ഉള്‍പ്പെടെയുള്ളവര്‍ ദോഹയില്‍ ഉണ്ട്. ഈ സാഹചര്യത്തിലാണ് ആക്രമണം നടത്തിയെതന്നാണ് ഇസ്രയേല്‍ നടത്തുന്ന വിശദീകരണം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com