ദോഹ: യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ തിരിച്ചടിയുമായി ഇറാൻ. ഖത്തറിൽ വീണ്ടും ആക്രമണം നടത്തി. ഖത്തറിലെയും യുഎഇയിലെയും യുഎസ് സൈനികത്താവളങ്ങളെ ലക്ഷ്യമിട്ടാണ് ഇറാന്റെ ബാലിസ്റ്റിക് മിസൈലാക്രമണം. യുഎഇയിലെ അബുദാബി, ദുബായ്, ഖത്തറിലെ ദോഹ എന്നിവിടങ്ങളിലാണ് ഇറാൻ മിസൈൽ ആക്രമണം നടത്തിയതെന്നാണ് വിവരം.
അബുദാബിയിലെ ജനവാസ മേഖലയിൽ ഏഷ്യൻ വംശജനായ ഒരു പ്രവാസി കൊല്ലപ്പെട്ടതായി യുഎഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു. മിസൈൽ അവശിഷ്ടങ്ങൾ പതിച്ചാണ് കൊല്ലപ്പെട്ടത്. ദുബായിൽ ശക്തമായ സ്ഫോടന ശബ്ദം കേട്ടതായും ആകാശത്ത് തീഗോളങ്ങൾ കണ്ടതായുമാണ് ദൃക്സാക്ഷികളെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
അതേസമയം, ബഹറൈനിൽ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ ആര്‍ക്കും ജീവഹാനിയോ പരിക്കോ സംഭവിച്ചിട്ടില്ലെന്ന് ബഹറൈന്‍ ഡിഫന്‍സ് ഫോഴ്‌സ് അറിയിച്ചു. എന്നാൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഖത്തര്‍, കുവൈത്ത്, യുഎഇ വ്യോമപാത അടച്ചിട്ടുണ്ട്. മുൻകരുതൽ നടപടികളുടെ ഭാഗമായാണ് വ്യോമപാത താത്കാലികമായി അടയ്ക്കുന്നതെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചത്. അതേസമയം, യുണൈറ്റഡ് അറബ് എമിറേറ്റുകളിലുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ദുബായിലെ ബുർജ് ഖലീഫ പൂർണമായും ഒഴിപ്പിച്ചു. അബുദാബിയിലും ദുബായിലും സ്‌ഫോടനങ്ങളുണ്ടായതിന് പിന്നാലെയാണ് നടപടി.
ഇറാന്റെ ആക്രമണങ്ങളെ അപലപിച്ച് സൗദി രംഗത്തെത്തിയിരുന്നു. യുഎഇ, ബഹ്റൈന്, ഖത്തർ, കുവൈത്ത് എന്നീ രാജ്യങ്ങളിലെ ആക്രമണത്തെയാണ് സൗദി വിദേശമന്ത്രാലയം അപലപിച്ചത്. ഈ രാജ്യങ്ങളുടെ സുരക്ഷയ്ക്കും പരമാധികാരത്തിനും വേണ്ടി സൗദിയുടെ എല്ലാ സന്നാഹങ്ങളും ലഭ്യമാക്കുമെന്നും രാജ്യങ്ങൾക്ക് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായും സൗദി അറേബ്യ അറിയിച്ചു.