

ടെഹ്റാന്‍: ഇറാനിലെ മിനാബിലുള്ള സ്കൂളിന് നേരെ നടന്ന മിസൈൽ ആക്രമണത്തിന് ഉത്തരവിട്ടെന്ന് ആരോപിക്കപ്പെടുന്ന രണ്ട് യുഎസ് നാവികസേനാ ഉദ്യോഗസ്ഥർക്ക് നേരെ പരസ്യ ഭീഷണിയുമായി ഇറാൻ. ദക്ഷിണാഫ്രിക്കയിലെ ഇറാൻ എംബസിയാണ് തങ്ങളുടെ ഔദ്യോഗിക എക്സ് ) അക്കൗണ്ടിലൂടെ "ഞങ്ങൾ നിങ്ങളെ കണ്ടെത്തും" എന്ന നാല് വാക്കുകളുള്ള ഭീഷണി സന്ദേശം പങ്കുവെച്ചത്. യുഎസ്എസ് സ്പ്രൂവൻസ് എന്ന യുദ്ധക്കപ്പലിന്റെ കമാൻഡിംഗ് ഓഫീസറായ കമാൻഡർ ലെയ് ആർ. ടേറ്റ്, എക്സിക്യൂട്ടീവ് ഓഫീസറായ ലെഫ്റ്റനന്റ് കമാൻഡർ ജെഫ്രി ഇ. യോർക്ക് എന്നിവരെ 'കുറ്റവാളികൾ' എന്ന് വിശേഷിപ്പിച്ചുകൊണ്ട് എട്ട് മാസം മുൻപ് പങ്കുവെച്ച പോസ്റ്റ് റീഷെയർ ചെയ്തുകൊണ്ടായിരുന്നു പുതിയ മുന്നറിയിപ്പ്.
മിനാബിലെ സ്കൂളിന് നേരെ മൂന്ന് തവണ ടോമാഹോക്ക് മിസൈലുകൾ തൊടുക്കാൻ ഉത്തരവിട്ടത് ഈ ഉദ്യോഗസ്ഥരാണെന്നും, ആക്രമണത്തിൽ 168 നിരപരാധികളായ കുട്ടികൾ കൊല്ലപ്പെട്ടെന്നും ഇറാൻ എംബസിയുടെ പോസ്റ്റിൽ ആരോപിച്ചിരുന്നു. "ഇവർക്ക് സ്വന്തമായി കുട്ടികളില്ലേ?" എന്ന് ചോദിച്ചുകൊണ്ടായിരുന്നു അന്നത്തെ പോസ്റ്റ്. ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥരെ ലക്ഷ്യം വെച്ചാൽ ഇറാൻ പിന്നെ അധികകാലം നിലനിൽക്കില്ലെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ് പുറത്തുവന്ന് തൊട്ടടുത്ത ദിവസമാണ് ഇറാൻ എംബസിയുടെ ഈ പ്രകോപനപരമായ നീക്കം ഉണ്ടായിരിക്കുന്നത്.
ഇതിനിടെ ഇറാനിൽ നിന്നുള്ള തുടർച്ചയായ വധഭീഷണികളെത്തുടർന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിനെ വാഷിംഗ്ടണിലെ വസതിയിൽ നിന്ന് അതീവ സുരക്ഷയുള്ള സൈനിക താവളത്തിലേക്ക് മാറ്റിപ്പാർപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. യുഎസ് സീക്രട്ട് സർവീസിന്റെ കർശന നിർദ്ദേശപ്രകാരമാണ് ഈ സുരക്ഷാ മാറ്റമെന്ന് ബെസെന്റ് വ്യക്തമാക്കി.
2026 ഫെബ്രുവരി 28-ന് ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധത്തിന്റെ തുടക്കത്തിലാണ് മിനാബിലെ ഷജാരെ തയ്യെബെ സ്കൂളിൽ യുഎസ് മിസൈൽ പതിച്ചത്. ഈ ആക്രമണത്തിൽ കുറഞ്ഞത് 123 കുട്ടികൾ ഉൾപ്പെടെ 156 പേർ കൊല്ലപ്പെട്ടിരുന്നു ഇറാന്റെ കണക്കനുസരിച്ച് 168 പേർ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ സംഭവത്തില്‍ സംസാരിക്കവെ, ഇറാന്റെ പരമോന്നത നേതാവിന്റെ പ്രതിനിധിയും മുതിർന്ന നയതന്ത്രജ്ഞനുമായ ആയത്തുള്ള അബ്ദുൾ മജീദ് ഹക്കീം ഇലാഹി, ആക്രമണത്തിൽ വാഷിംഗ്ടൺ ഇതുവരെ മാപ്പ് പറഞ്ഞിട്ടില്ലെന്നും കൊല്ലപ്പെട്ട ചില കുട്ടികളുടെ മൃതദേഹങ്ങൾ ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്നും വികാരാധീനനായി പ്രതികരിച്ചിരുന്നു.
അതേസമയം, ഇതേ ഉച്ചകോടിയിൽ പങ്കെടുത്ത മുൻ സിഐഎ ഡയറക്ടർ, സ്കൂൾ കോമ്പൗണ്ടിലെ ബോംബാക്രമണത്തിന് പിന്നിൽ എഐ സംവിധാനത്തിന്റെ പിഴവല്ലെന്നും, എഐയുടെ ലക്ഷ്യനിർണ്ണയ സഹായത്തോടെ ഒരു മനുഷ്യൻ തന്നെയാണ് അന്തിമ തീരുമാനമെടുത്ത് ട്രിഗർ വലിച്ചതെന്നും വെളിപ്പെടുത്തിയിരുന്നു.