ആയത്തുള്ള അലി ഖമനേയി ഇല്ലാത്ത ഇറാന്‍; ഇല്ലാതായത് യുഎസിനെ വെല്ലുവിളിച്ച നേതാവ്

1989 മുതല്‍ 35 വര്‍ഷം ഇറാന്റെ അവസാന വാക്കായിരുന്ന നേതാവിനെയാണ് യുഎസും ഇസ്രയേലും ഇല്ലാതാക്കിയത്
ആയത്തുള്ള അലി ഖമനേയി ഇല്ലാത്ത ഇറാന്‍; ഇല്ലാതായത് യുഎസിനെ വെല്ലുവിളിച്ച നേതാവ്
Image: X
Published on
Updated on

യുഎസ്, ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി (86) കൊല്ലപ്പെട്ടുവെന്നതിന് സ്ഥിരീകരണം. ഖമനേയിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശവാദ മുന്നയിച്ചതിനു പിന്നാലെയാണ് ഇറാന്റെ സ്ഥിരീകരണം.

ഇറാന്റെ സൈനികം, വിദേശനയം, ജുഡീഷ്യറി എന്നീ നിര്‍ണായക മേഖലകളിലെല്ലാം അന്തിമ തീരുമാനം എടുക്കുന്ന നേതാവാണ് ഇല്ലാതായിരിക്കുന്നത്. യുഎസ്, ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റെ അനന്തരഫലം എന്തായിരിക്കുമെന്ന ആശങ്കയിലാണ് പശ്ചിമേഷ്യയും ലോകവും.

ഖമനേയിയുടെ കൊലപാതകികളെ വെറുതെ വിടില്ലെന്ന് ഇതിനകം തന്നെ ഇറാന്‍ വ്യക്തമാക്കി കഴിഞ്ഞു. കനത്ത തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പും ഇറാന്‍ നല്‍കിയിട്ടുണ്ട്.

ആയത്തുള്ള അലി ഖമനേയി ഇല്ലാത്ത ഇറാന്‍; ഇല്ലാതായത് യുഎസിനെ വെല്ലുവിളിച്ച നേതാവ്
"പ്രതികാരം ചെയ്യാതടങ്ങില്ല"; ഖമനേയിയെ കൊന്നവരെ വെറുതെവിടില്ലെന്ന് ഐആർജിസി

1989 ല്‍ മുന്‍ഗാമി ആയത്തുള്ള റൂഹുള്ള ഖമനേയിയുടെ മരണ ശേഷമാണ് ആയത്തുള്ള അലി ഖമനേയി ഇറാന്റെ പരമോന്നത നേതാവാകുന്നത്. പഹ്ലവി രാജഭരണത്തിന് അന്ത്യം കുറിച്ച വിപ്ലവത്തിന് പിന്നിലെ പ്രത്യയശാസ്ത്ര കരുത്ത് റൂഹുള്ള റൂഹുള്ള ഖമനേയി ആയിരുന്നെങ്കില്‍, ശത്രുക്കള്‍ക്കെതിരെയുള്ള ഇറാന്റെ പ്രതിരോധമായും അതിര്‍ത്തികള്‍ക്കപ്പുറം രാജ്യത്തിന്റെ സ്വാധീനമായും വര്‍ത്തിക്കുന്ന സൈനിക-അര്‍ധസൈനിക സംവിധാനങ്ങളെ രൂപപ്പെടുത്തിയത് ഖമനേയിയായിരുന്നു.

രാജ്യത്തിന്റെ പരമോന്നത നേതാവാകുന്നതിനു മുമ്പ് 1980-കളില്‍ ഇറാഖുമായുള്ള യുദ്ധസമയത്ത് ഇറാന്റെ പ്രസിഡന്റായും ഖമനേയി സേവനമനുഷ്ഠിച്ചിരുന്നു.

36 വര്‍ഷം നീണ്ട ഖമനേയിയുടെ ഭരണത്തിന്‍ കീഴിലാണ് ഇറാന്‍ അമേരിക്കന്‍ വിരുദ്ധ ശക്തിയായി വളര്‍ന്നത്. മിഡില്‍ ഈസ്റ്റിലുടനീളം സൈനിക സ്വാധീനം വ്യാപിപ്പിക്കുന്നതോടൊപ്പം ആഭ്യന്തര സംഘര്‍ഷങ്ങളെ നേരിടുന്നതിലും ഖമനേയി വിജയിച്ചു. ടെഹ്‌റാനിലെ ഔദ്യോഗിക ഓഫീസില്‍ വെച്ചാണ് ഖമനേയി കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരണം.

1939 ജുലൈ 15 ന് ഇറാനിലെ മശ്ഹദിലാണ് അലി ജവാദ് ഹുസൈനി ഖമനേയിയുടെ ജനനം. തുര്‍ക്കി വംശജനായ പണ്ഡിതന്‍ സയ്യിദ് ജവാദ് ഖമനേയിയാണ് പിതാവ്. മാതാവ് ഖദീജ മിര്‍ദമാദി. നാലാം വയസില്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് മതപഠനം ആരംഭിച്ചു. 18-ാം വയസ്സില്‍ ഇറാഖിലെ നജാഫിലുള്ള ഷിയാ സെമിനാരിയില്‍ ചേര്‍ന്നു. എന്നാല്‍ ഒരു വര്‍ഷത്തിനുശേഷം പിതാവിന്റെ നിര്‍ബന്ധപ്രകാരം അദ്ദേഹം ഇറാനിലേക്ക് മടങ്ങുകയും, നജാഫിന്റെ എതിരാളിയും ഷിയാ പാണ്ഡിത്യത്തിന്റെ കേന്ദ്രവുമായ ഖൂമില്‍ പഠനം തുടരുകയും ചെയ്തു.

ഖൂമില്‍ വെച്ചാണ് ഖമേനി ആയത്തുള്ള റൂഹുള്ള ഖമേനിയെ കണ്ടുമുട്ടുന്നതും ഷാ മുഹമ്മദ് റെസ പഹ്ലവിക്കെതിരായ രാജഭരണ വിരുദ്ധ വിപ്ലവത്തിന്റെ ഭാഗമാകുന്നതും. 1960-കളിലും 70-കളിലും പലതവണ ജയിലിലായി. ഷാ ഭരണകാലത്തെ രഹസ്യാന്വേഷണ ഏജന്‍സിയായ സവാക്കിന്റെ കസ്റ്റഡിയില്‍ ക്രൂരമായ പീഡനങ്ങള്‍ നേരിട്ടതായി അദ്ദേഹത്തിന്റെ ജീവചരിത്ര രേഖകള്‍ പറയുന്നു.

ആയത്തുള്ള അലി ഖമനേയി ഇല്ലാത്ത ഇറാന്‍; ഇല്ലാതായത് യുഎസിനെ വെല്ലുവിളിച്ച നേതാവ്
ആയത്തുള്ള ഖമനേയി കൊല്ലപ്പെട്ടു; വാര്‍ത്ത സ്ഥിരീകരിച്ച് ഇറാൻ

1979-ല്‍ ഷാ പുറത്താക്കപ്പെട്ടതോടെ റൂഹുള്ള ഖമേനിയുമായുള്ള ബന്ധം കൂടുതല്‍ ശക്തമായി. പതിനായിരക്കണക്കിന് ഇറാനികള്‍ കൊല്ലപ്പെട്ട, ഇറാഖുമായുള്ള യുദ്ധം കൊടുമ്പിരിക്കൊണ്ടിരുന്ന 1981 മുതല്‍ 1989 വരെയുള്ള കാലയളവില്‍ അദ്ദേഹം ഇറാന്റെ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു. 1981 ല്‍ ഖമനേയിക്കെതിരെ വധശ്രമമുണ്ടായി. പള്ളിയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ ടേപ്പ് റെക്കോര്‍ഡറില്‍ ഒളിപ്പിച്ച ബോംബ് പൊട്ടിത്തെറിക്കുകയും, അദ്ദേഹത്തിന്റെ വലതു കൈ തകര്‍ന്നു പോകുകയും ചെയ്തു.

1989 ല്‍ ഖമേനിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ പിന്‍ഗാമിയായി ആയത്തുള്ള ഖമനേയി ആദ്യം പരിഗണിക്കപ്പെട്ടിരുന്നില്ല. ആയത്തുള്ള അക്ബര്‍ ഹാഷിമി റഫ്സഞ്ചാനി ആണ് ഖമേനിയുടെ പേര് നിര്‍ദ്ദേശിച്ചത്.

അധികാരം ഏറ്റെടുത്ത് പത്ത് വര്‍ഷത്തിനുള്ളില്‍ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിനെയും (IRGC) അതിന്റെ ഉന്നത കമാന്‍ഡര്‍മാരെയും രാജ്യത്തെ ഏറ്റവും വലിയ സൈനിക ശക്തിയായി മാത്രമല്ല, ഏറ്റവും വലിയ സാമ്പത്തിക ശക്തിയായും ഖമനേയി വളര്‍ത്തിയെടുത്തു.

ആഭ്യന്തര പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്തുന്നതിനും ഇസ്ലാമിക് റിപ്പബ്ലിക്കിന്റെ വിപ്ലവ പ്രത്യയശാസ്ത്രം ലബനന്‍, ഗാസ, ഇറാഖ്, യമന്‍ തുടങ്ങിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും അവര്‍ അദ്ദേഹത്തെ സഹായിച്ചു.

പരമോന്നത നേതാവെന്ന നിലയില്‍ അദ്ദേഹത്തിന്റെ രാഷ്ട്രീയ അധികാരത്തിന് നേരിടേണ്ടി വന്ന ആദ്യത്തെ യഥാര്‍ത്ഥ വെല്ലുവിളി 1997-ല്‍ പരിഷ്‌കരണവാദിയായ പ്രസിഡന്റ് മുഹമ്മദ് ഖാതമി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ്. കൂടുതല്‍ സാമൂഹിക സ്വാതന്ത്ര്യങ്ങള്‍ക്കായി വാദിച്ച നേതാവാണ് ഖാതമി. ഇറാന്റെ രാഷ്ട്രീയ ചരിത്രത്തിലെ പരിഷ്‌കരണവാദത്തിന്റെ മുഖമായാണ് ഖാതമി അറിയപ്പെടുന്നത്.

സ്വാതന്ത്ര്യത്തിനും മാറ്റത്തിനും വേണ്ടിയുള്ള നീക്കങ്ങള്‍ തെരുവുകളിലെ പ്രതിഷേധങ്ങളായി മാറിയപ്പോഴെല്ലാം 1999, 2009, 2019, 2022 വര്‍ഷങ്ങളിലും കഴിഞ്ഞ രണ്ട് മാസങ്ങളിലും കൊലപാതകങ്ങളിലൂടെയും കൂട്ട അറസ്റ്റുകളിലൂടെയുമാണ് ഖമേനി പ്രതികരിച്ചത്.

2003-ല്‍ അമേരിക്കയുടെ ഇറാഖ് അധിനിവേശ സമയത്ത്, അമേരിക്കന്‍ സൈന്യത്തെ ലക്ഷ്യം വയ്ക്കുന്നതിനായി സമാന ചിന്താഗതിയുള്ള ഷിയാ മിലിഷ്യകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ വിദേശ വിഭാഗമായ ഖുദ്സ് ഫോഴ്‌സിനെ അദ്ദേഹം ചുമതലപ്പെടുത്തി.

2015-ല്‍ അമേരിക്കയുമായും മറ്റ് യൂറോപ്യന്‍ ശക്തികളുമായും ജെസിപിഒഎ എന്ന ആണവ കരാറില്‍ ഒപ്പിട്ടതിലൂടെ ഖമനേയി തന്റെ പ്രായോഗിക വശവും പ്രകടിപ്പിച്ചു. ഉപരോധങ്ങള്‍ നീക്കുന്നതിന് പകരമായി ഇറാന്റെ ആണവ പരിപാടികള്‍ പരിമിതപ്പെടുത്തുന്നതായിരുന്നു കരാര്‍. എന്നാല്‍ 2018-ല്‍ ട്രംപ് ഈ കരാറില്‍ നിന്ന് പിന്മാറിയതോടെ, അമേരിക്കയെ വിശ്വസിക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടി ഖമനേയി തന്റെ അമേരിക്കന്‍ വിരുദ്ധ നിലപാടുകള്‍ കൂടുതല്‍ കടുപ്പിച്ചു.

കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങളാണ് ഖമനേയിയുടെ അധികാര കാലയളവില്‍ നേരിടേണ്ടിവന്ന വലിയൊരു വെല്ലുവിളി. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ടെഹ്റാനില്‍ നടന്ന ചെറിയ പ്രതിഷേധങ്ങളായി തുടങ്ങിയ പ്രതിഷേധം പിന്നീട് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമായി മാറുകയായിരുന്നു. ട്രംപ് പ്രക്ഷോഭത്തെ പിന്തുണക്കുകയും ഖമനേയി അടിച്ചമര്‍ത്തല്‍ ആരംഭിക്കുകയും ചെയ്തതോടെ പ്രക്ഷോഭം രാജ്യവ്യാപകമായി.

ഇറാനില്‍ പ്രസിഡന്റിനും മുകളിലാണ് പരമോന്നത നേതാവിന്റെ സ്ഥാനം. 1979ലെ വിപ്ലവത്തിനു ശേഷം പരമോന്നത നേതാവിന്റെ പദവിയിലെത്തിയ രണ്ടാമത്തെ വ്യക്തിയാണ് ഖമനെയി. 1989 മുതല്‍ 35 വര്‍ഷം ഇറാന്റെ അവസാന വാക്കായിരുന്ന നേതാവിനെയാണ് യുഎസും ഇസ്രയേലും ഇല്ലാതാക്കിയത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com