ഇസ്ലാമാബാദ്: ഇറാന്‍ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞതായി പാകിസ്ഥാനിലെ ഇറാന്‍ പ്രതിനിധി റെസ അമിരി മൊഘദാം. ഇറാനില്‍ ഭരണകൂട വിരുദ്ധ പ്രക്ഷോഭം ശക്തമാകുന്നതിനിടെ, പ്രക്ഷോഭകാരികളെ തൊട്ടാല്‍ ഇറാനെതിരെ നീങ്ങുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അത്തരം ഒരു നടപടിയുണ്ടാകില്ലെന്ന് ഉറപ്പ് ലഭിച്ചതായുള്ള ഇറാന്‍ പ്രതിനിധിയുടെ പ്രസ്താവന.
പാകിസ്ഥാന്റെ ദേശീയ റഹ്ത്തുല്‍ ലില്‍ അലമീന്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് റെസയുടെ പ്രസ്താവന. വ്യാഴാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ ഒരു മണിയോടെയാണ് തനിക്ക് വിവരം ലഭിച്ചതെന്ന് ഇറാനിയന്‍ പ്രതിനിധി പറഞ്ഞതായി പാകിസ്ഥാന്‍ മാധ്യമമായ ദ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു.
ട്രംപ് യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, യുഎസ് താല്‍പ്പര്യങ്ങളെ ലക്ഷ്യമിടരുതെന്നും ഇറാനോട് ആവശ്യപ്പെട്ടതായും റെസ പറയുന്നു. ഇറാനില്‍ അക്രമത്തിന് പ്രേരിപ്പിച്ചതിന് യുഎസ്, പാശ്ചാത്യ മാധ്യമങ്ങളെ റെസ കുറ്റപ്പെടുത്തുകയും ചെയ്തു.
ഇസ്രയേലിന്റെയും യുഎസിന്റെയും ഭീഷണികള്‍ക്കിടയിലും, നിലവില്‍ പ്രതിഷേധങ്ങളൊന്നുമില്ലാതെ സ്ഥിതിഗതികള്‍ 'പൂര്‍ണ്ണമായും നിയന്ത്രണത്തിലാണ്'. വ്യോമാതിര്‍ത്തി താല്‍ക്കാലികമായി അടച്ചിട്ടിരിക്കുന്നതിനാല്‍ ഇറാന്‍ ഏത് ആക്രമണത്തിനും തയ്യാറാണ്.
എന്നാല്‍ ട്രംപും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ജനുവരി ഏഴിന് നടത്തിയ പ്രസ്താവനകള്‍ ഇറാന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് തുല്യമാണെന്നും ഇത് സംഘര്‍ഷം കൂടുതല്‍ രൂക്ഷമായെന്നും റെസ കൂട്ടിച്ചേര്‍ത്തു.