

ടെഹ്റാൻ: യുദ്ധം പുനരാരംഭിച്ചാൽ യുഎസിനെ കാത്തിരിക്കുന്നത് വൻ സർപ്രൈസ് എന്ന് ഇറാൻ. വീണ്ടും ആക്രമണം ഉണ്ടായാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടുമെന്ന് വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി മുന്നറിയിപ്പ് നൽകി. കൂടുതൽ യുഎസ് വിമാനങ്ങൾ തകർക്കുമെന്നും അദ്ദേഹം ഭീഷണി മുഴക്കി. ഉടൻ കരാർ ഇല്ലെങ്കിൽ ഇറാൻ ആക്രമിക്കുമെന്നാണ് ഡൊണാൾഡ് ട്രംപിൻ്റെ നിലപാട്.
ഇറാനുമായുള്ള യുദ്ധത്തിൽ കോടിക്കണക്കിന് ഡോളർ വിലയുള്ള ഡസൻ കണക്കിന് വിമാനങ്ങൾ യുഎസിന് നഷ്ടമായെന്ന് സ്ഥിരീകരിക്കുന്ന യുഎസ് കോൺഗ്രഷണൽ റിസർച്ച് സർവീസിൻ്റെ റിപ്പോർട്ട് ഉദ്ധരിച്ചായിരുന്നു അരാഗ്ചിയുടെ എക്സ് പോസ്റ്റ്.
"ഇറാനെതിരെയുള്ള യുദ്ധം തുടങ്ങി മാസങ്ങൾക്ക് ശേഷം, കോടിക്കണക്കിന് ഡോളർ വിലവരുന്ന ഡസൻ കണക്കിന് വിമാനങ്ങൾ നഷ്ടപ്പെട്ടതായി യുഎസ് കോൺഗ്രസ് ഇപ്പോൾ സമ്മതിച്ചിരിക്കുന്നു. ലോകം ഏറെ പുകഴ്ത്തിയ യുഎസിൻ്റെ അത്യാധുനിക എഫ് 35 യുദ്ധവിമാനം ആദ്യമായി വെടിവച്ചിട്ടത് ഞങ്ങളുടെ കരുത്തുറ്റ സായുധ സേനയാണെന്ന് ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുന്നു," അബ്ബാസ് അരാഗ്‌ചി വ്യക്തമാക്കി.
യുഎസ് വീണ്ടുമൊരു യുദ്ധത്തിന് മുതിർന്നാൽ ഇനിയുമേറെ അത്ഭുതങ്ങൾ തങ്ങൾ കരുതിവച്ചിട്ടുണ്ടെന്നും കഴിഞ്ഞ യുദ്ധത്തിൽ നിന്ന് പഠിച്ച പാഠങ്ങളും നേടിയ അറിവുകളും പ്രയോജനപ്പെടുത്തുമെന്നും അരാഗ്‌ചി കൂട്ടിച്ചേർത്തു. ട്രംപ് ഭരണകൂടം ഇറാന് നേരെ ആക്രമണ ഭീഷണി ശക്തമാക്കുന്ന പശ്ചാത്തലത്തിൽ, മേഖലയിൽ വൻ യുദ്ധപ്രതിസന്ധിയാണ് നിലനിൽക്കുന്നത്. ഒരു തരത്തിലുള്ള ഭീഷണികൾക്കും വഴങ്ങില്ലെന്നും ഏത് തരത്തിലുള്ള സൈനിക നീക്കത്തേയും ശക്തമായി നേരിടുമെന്നുമാണ് ഇറാൻ്റെ നിലപാട്.