കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോണാക്രമണം; ബഹ്‌റെെനിലും ജോർദാനിലും മിസൈൽ ആക്രമണം; ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍

ആക്രമണങ്ങളെ പ്രതിരോധിക്കാൻ എല്ലാ ശേഷിയും ഉപയോഗിക്കുമെന്നും ജിസിസി
കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാൻ്റെ ഡ്രോണാക്രമണം; ബഹ്‌റെെനിലും ജോർദാനിലും മിസൈൽ ആക്രമണം; ജാഗ്രതാ നിര്‍ദേശവുമായി ഖത്തര്‍
Published on
Updated on

കുവൈത്ത് സിറ്റി: യുഎസും ഇസ്രയേലും നടത്തുന്ന സംയുക്ത ആക്രമണത്തിൽ തിരിച്ചടി ശക്തമാക്കി ഇറാൻ. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിൽ നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റതായി കുവൈത്ത് സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. പാസഞ്ചർ കെട്ടിടത്തിന് ചെറിയ തരത്തിലുള്ള നാശനഷ്ടങ്ങൾ ഉണ്ടായതായും അധികൃതർ വ്യക്തമാക്കി. അടിയന്തര നടപടികൾ ഉടൻ ആരംഭിക്കുകയും സ്ഥലം സുരക്ഷിതമാക്കുകയും ചെയ്തിട്ടുണ്ട്. സ്ഥിതി പൂർണമായും നിയന്ത്രണത്തിലാണെന്നും യാത്രക്കാരുടേയും ജീവനക്കാരുടേയും സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നതെന്നും അധികൃതർ അറിയിച്ചു.

ബഹ്‌റെെനിലേയും ഖത്തറിലേയും ജോർദാനിലേയും യുഎസ് സൈനിക താവളത്തിന് നേരേയും ഇറാൻ മിസൈൽ ആക്രമണം നടത്തിയിരുന്നു. ബഹ്‌റെെനിലെ യുഎസിന്റെ അഞ്ചാം കപ്പൽ പടയുടെ ആസ്ഥാനത്തായിരുന്നു ആക്രമണം. ബഹ്റൈനിൽ നിരവധി ജനവാസ കെട്ടിടങ്ങൾക്ക് നേരെയും ആക്രമണമുണ്ടായതായാണ് റിപ്പോർട്ടുകൾ. മനാമയിലെ കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചിട്ടുണ്ട്. ജോർദാനിലെ മുവഫഖ് സാൽതി സൈനിക താവളത്തിന് നേരെയായിരുന്നു ആക്രമണം. 49 ഡ്രോണുകൾ വെടിവെച്ചിട്ടുവെന്നും 13 ബാലിസ്റ്റിക് മിസൈലുകൾ നിർവീര്യമാക്കിയതായും ജോർദാൻ ആർമി വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, ഇറാനിലെ ഫാർസ് പ്രവിശ്യയിലുണ്ടായ ആക്രമണത്തിൽ 15ൽ അധികം പേർ കൊല്ലപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ട്. ലമാര്‍ഡിലെ ജിംനേഷ്യത്തിന് നേരെയാണ് ആക്രമണമുണ്ടായത്. കുട്ടികള്‍ അടക്കം സ്ഥലത്ത് ഉണ്ടായിരുന്നതായാണ് വിവരം. അതിനിടെ ഐക്യരാഷ്ട്രസഭയ്ക്ക് ഇറാന്‍ കത്തയച്ചു. സമാധാനം ഉറപ്പാക്കാന്‍ ഐക്യരാഷ്ട്രസഭയ്ക്ക് ബാധ്യതയുണ്ടെന്നാണ് ഇറാന്‍ കത്തില്‍ പറയുന്നത്. അതേസമയം, ഇറാനിലെ സാഹചര്യം നിരീക്ഷിക്കുകയാണെന്ന് അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി അറിയിച്ചു. ഇതുവരെ റേഡിയേഷന്‍ ആഘാതം ഇല്ല. മേഖലയിൽ സംയമനം പാലിക്കണമെന്നും ഐഎഇഎ അറിയിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com