
ഇറാനെതിരായ ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് യുഎസ് സേനയുടെ പിന്തുണ ലഭിക്കുന്നുവെന്ന് ആരോപിച്ച് വിദേശകാര്യ മന്ത്രി അബ്ബാസ് അരഖ്ചി. ഇറാന്റെ കൈവശം ഇതിന് ശക്തമായ തെളിവുകളുണ്ടെന്നും യുഎസ് പിന്മാറണമെന്നും വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നല്‍കിയതായും തസ്നിം വാർത്താ ഏജന്‍സി റിപ്പോർട്ട് ചെയ്തു.
ജൂൺ 13 മുതൽ ഇറാന്റെ ആണവ, സൈനിക, സിവിലിയൻ മേഖലകൾ ആക്രമിച്ചുകൊണ്ടിരിക്കുന്ന ഇസ്രയേൽ ഭരണകൂടത്തിനെ പ്രതിരോധിക്കാനും പ്രതികാര നടപടി സ്വീകരിക്കാനുമുള്ള ഇറാന്റെ അവകാശം ഞായറാഴ്ച ടെഹ്‌റാനില്‍ ചേർന്ന വിദേശ സ്ഥാനപതിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലും അരഖ്ചി ആവർത്തിച്ചു. യുഎസിന്റെ പിന്തുണയില്ലാതെ ഇസ്രയേല്‍ ഭരണകൂടത്തിന് ഒറ്റയ്ക്ക് ആക്രമണ നടപടി സ്വീകരിക്കാൻ കഴിയുമായിരുന്നില്ലെന്ന് അരഖ്ചി ഊന്നിപ്പറഞ്ഞു. ഇറാൻ സ്ഥിതിഗതികൾ ശ്രദ്ധാപൂർവ്വം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് സൈന്യം ഇസ്രയേൽ ആക്രമണങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നതിന് ധാരാളം തെളിവുകൾ ഉണ്ടെന്നും അബ്ബാസ് അരഖ്ചി കൂട്ടിച്ചേർത്തു.
തെളിവുകളേക്കാൾ പ്രധാനം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഇസ്രയേലിനുള്ള വ്യക്തമായ പിന്തുണയാണ്. യുഎസ് ഇസ്രായേലി ആക്രമണങ്ങളിൽ പങ്കാളിയാണ്. അവർ ഉത്തരവാദിത്തം ഏറ്റെടുക്കണം," വിദേശകാര്യ മന്ത്രി പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരെയുള്ള ഇസ്രയേൽ ആക്രമണങ്ങളില്‍ യുഎസ് വ്യക്തമായ നിലപാട് പ്രഖ്യാപിക്കുകയും അപലപിക്കുകയും ചെയ്യണമെന്ന് ഇറാന്‍ ആവശ്യപ്പെട്ടു. ഇസ്രയേലിന് നല്‍കുന്ന സഹായങ്ങളില്‍ നിന്ന് യുഎസ് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് അരഖ്ചി അറിയിച്ചു. ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തോടുള്ള യുഎൻ സുരക്ഷാ കൗൺസിലിന്റെ നിസംഗതയെയും വിദേശകാര്യ മന്ത്രി അപലപിച്ചു.
അധിനിവേശ പ്രദേശങ്ങളിലെ സൈനിക, സാമ്പത്തിക ലക്ഷ്യങ്ങളെ ആക്രമിക്കുന്നതിലെ ഇറാന്റെ ലക്ഷ്യം സ്വയം പ്രതിരോധവും ആക്രമണത്തെ ചെറുക്കുകയുമാണെന്ന് അരഖ്ചി പറഞ്ഞു. മിസൈൽ ആക്രമണങ്ങളുടെ ആദ്യ തരംഗത്തിൽ ഇറാൻ ഇസ്രയേൽ ഭരണകൂടത്തിന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുവെന്നും എന്നാൽ ആക്രമണത്തിന്റെ രണ്ടാം ദിവസം സാമ്പത്തിക കേന്ദ്രങ്ങള്‍ ആക്രമിച്ചാണ് തിരിച്ചടിച്ചതെന്നും വിദേശകാര്യ മന്ത്രി വിശദീകരിച്ചു.
ജൂൺ 13ന് പുലർച്ചെയാണ് ഇറാനെതിരെ ഇസ്രയേല്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. ഇറാനിലെ നിരവധി ജനവാസ കേന്ദ്രങ്ങളേയും, ആണവ-സൈനിക കേന്ദ്രങ്ങളേയും ലക്ഷ്യമാക്കിയായിരുന്നു ആക്രമണം. നിരവധി ഉന്നത സൈനിക കമാൻഡർമാർ, ആറ് ഇറാനിയൻ ആണവ ശാസ്ത്രജ്ഞർ, നിരവധി സാധാരണക്കാർ എന്നിവർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതായാമ് പുറത്തുവരുന്ന വിവരം. നൂറു കണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് ഇറാന്‍ പ്രത്യാക്രമണം നടത്തിയത്. പിന്നാലെ ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചും ആക്രമണങ്ങള്‍ നടന്നു.