

'പാകിസ്ഥാനും, ഉത്തര കൊറിയയും, ചൈനയും ആണവായുധ പരീക്ഷണങ്ങൾ സജീവമായി നടത്തുന്നു. പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്ന അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രസ്താവനയ്ക്ക് പിന്നാലെ എല്ലാവരും ഉറ്റുനോക്കിയിരുന്നത് അമേരിക്ക 30 വർഷങ്ങൾക്ക് ശേഷം ആണവ പരീക്ഷത്തിനൊരുങ്ങുകയാണോ എന്നായിരുന്നു. എന്നാൽ അതിന് വിശദീകരണവുമായി എത്തിയിരിക്കുകയാണ് യുഎസ് ഊർജകാര്യ സെക്രട്ടറി ക്രിസ് റൈറ്റ്.
'ആണവ പരീക്ഷണങ്ങൾ ഇപ്പോൾ നടത്തുവാൻ ഉദ്ദേശിക്കുന്നില്ല. സിസ്റ്റം ടെസ്റ്റുകൾ മാത്രമേ നടത്തുന്നുള്ളൂ. ഇപ്പോൾ നടത്തുവാനുദ്ദേശിക്കുന്നത് നോൺ ക്രിട്ടിക്കൽ പരീക്ഷണങ്ങളാണ്'- ക്രിസ് റൈറ്റ് വ്യക്തമാക്കി.
ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു അമേരിക്കയും ആണവപരീക്ഷണം നടത്താൻ പോവുകയാണെന്ന ട്രംപിൻ്റെ പ്രസ്താവന.
'റഷ്യ, ചൈന, ഉത്തരകൊറിയ, പാകിസ്ഥാൻ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾ ആണവ പരീക്ഷണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ അവരാരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. പക്ഷേ, നമ്മൾ വ്യത്യസ്തരാണ്. നമ്മൾ അതിനെക്കുറിച്ച് സംസാരിക്കാൻ പോവുകയാണ്. വടക്കൻ കൊറിയയും, പാകിസ്ഥാനുമെല്ലാം ഇത് പരീക്ഷിക്കുന്നുണ്ട്. ആണവ പരീക്ഷണം നടത്താത്ത ഒരേയൊരു രാജ്യമാകാൻ ഞാൻ ആഗ്രഹിക്കുന്നില്ല' എന്നായിരുന്നു ട്രംപിൻ്റെ പ്രസ്താവന.
ലോകത്തെ 150 തവണ തകർക്കാൻ ആവശ്യമായ ആണവായുധങ്ങൾ നമ്മുടെ പക്കലുണ്ടെന്നും ട്രംപ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച അവകാശപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അമേരിക്ക വീണ്ടും ആണവ പരീക്ഷണത്തിനൊരുങ്ങുകയാണോ എന്ന സംശയം ബലപ്പെടുന്നതിനിടെയാണ് ഊർജകാര്യ സെക്രട്ടറി തന്നെ വിശദീകരണവുമായി എത്തിയിരിക്കുന്നത്.