

വാഷിങ്ടൺ: ഇസ്രയേലും ലെബനനും തമ്മിലുള്ള പോരാട്ടം ശക്തമായി തുടരവെ ലെബനനിൽ 10 ദിവസത്തേക്ക് വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. യുഎസിൻ്റെ മധ്യസ്ഥതയിൽ ഇന്ന് വാഷിങ്ടണിൽ നടന്ന ചർച്ചയിലാണ് ട്രംപിൻ്റെ നേതൃത്വത്തിൽ വെടിനിർത്തൽ പ്രഖ്യാപനം നടത്തിയത്.
ചർച്ചയിൽ ഇസ്രയേൽ പ്രധാനമന്ത്രിയും ലെബനൻ പ്രസിഡൻ്റും പങ്കെടുത്തു. ഇരു നേതാക്കളേയും വൈറ്റ് ഹൗസിലേക്കും ട്രംപ് ക്ഷണിച്ചിട്ടുണ്ട്. തൻ്റെ നേതൃത്വത്തിന് കീഴിൽ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധം ആണിതെന്നും ട്രംപ് അവകാശപ്പെട്ടു.
ലെബനന് മേല്‍ ഇസ്രായേല്‍ നടത്തുന്ന അതിശക്തമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കുക എന്നതായിരുന്നു ലെബനൻ്റെ പ്രാഥമിക ആവശ്യം. ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയെ കൊലപ്പെടുത്തിയതിലും, 2024 നവംബറില്‍ ഒപ്പുവച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രയേല്‍ തുടര്‍ച്ചയായി ലംഘിക്കുന്നതിനും പ്രതിഷേധിച്ചുള്ള തിരിച്ചടിയാണ് തങ്ങളുടെ ഭാഗത്ത് നിന്നുള്ള ആക്രമണം എന്നായിരുന്നു ഹിസ്ബുള്ളയുടെ വിശദീകരണം.
ഹിസ്ബുള്ളയ്ക്ക് തിരിച്ചടിയായി ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതിനകം രണ്ടായിരം പേരാണ് കൊല്ലപ്പെട്ടത്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഹിസ്ബുള്ളയുടെ സാന്നിധ്യം ഇല്ലാതാക്കി വടക്കന്‍ അതിര്‍ത്തിയില്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇസ്രയേലിൻ്റെ ന്യായം.