ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ മോചിപ്പിച്ചതായി ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം.
ഗ്രേറ്റ തുന്‍ബര്‍ഗിനെ തടഞ്ഞുവെച്ച് ഒരു ദിവസത്തിന് പിന്നാലെയാണ് അവരെ മടക്കി അയച്ചതായി ഇസ്രയേൽ അറിയിച്ചത്. നാടുകടത്തൽ സ്ഥിരീകരിച്ചതിന് പിന്നാലെ ഗ്രേറ്റ തുന്‍ബര്‍ഗിനെ ടെൽ അവീവിൽ നിന്ന് ഫ്രാൻസിലേക്കുള്ള വിമാനത്തിൽ കയറ്റിവിട്ടതായി ഇസ്രയേൽ അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ, ഗ്രെറ്റ തുൻബർഗ് ഇസ്രയേലിൽ നിന്ന് ഫ്രാൻസ് വഴി സ്വീഡനിലേക്ക് വിമാനത്തിൽ പുറപ്പെട്ടുവെന്ന് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം പറയുകയും അവർ ഒരു വിമാനത്തിൽ ഇരിക്കുന്നതിന്റെ ഒരു ഫോട്ടോ പോസ്റ്റ് ചെയ്യുകയും ചെയ്തുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തു.
അവരോടൊപ്പം തടവിലാക്കപ്പെട്ട ആറ് ഫ്രഞ്ച് പൗരന്മാരിൽ അഞ്ച് പേർ നാടുകടത്തൽ ഉത്തരവുകളിൽ ഒപ്പിടാൻ വിസമ്മതിച്ചതായും ഇനി അവർക്കെതിരെ ജുഡീഷ്യൽ നടപടികൾ സ്വീകരിക്കുമെന്നും ഫ്രാൻസ് അറിയിച്ചു.
യൂറോപ്യൻ പാർലമെൻ്റ് അംഗം റിമാ ഹസൻ്റെ എക്സ് പോസ്റ്റ് വഴിയാണ് ഗ്രെറ്റ തുന്‍ബർഗ് ഉൾപ്പെട്ട കപ്പൽ ക്രൂവിനെ ഇസ്രയേൽ കസ്റ്റഡിയിലെടുത്ത വിവരം പുറംലോകമറിയുന്നത്. പലസ്തീന്‍ അനുകൂല സംഘടനയായ ഫ്രീഡം ഫ്ലോട്ടില്ല കൊയിലേഷന്റെ (എഫ്എഫ്‌സി) നേതൃത്വത്തിലാണ് സന്നദ്ധ പ്രവർത്തകരുടെ സഹായക്കപ്പല്‍ ഗാസയിലേക്ക് പുറപ്പെട്ടത്.
ഫ്രീഡം ഫ്ലോട്ടില്ലയിലെ ക്രൂവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടതായും ഇസ്രയേൽ സൈന്യം പുലർച്ചെ രണ്ട് മണിയോടെ അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് ഇവരെ അറസ്റ്റ് ചെയ്തതായും റിമ ഹസൻ്റെ ഔദ്യോഗിക ടീം എക്സ് പോസ്റ്റിലൂടെയാണ് അറിയിച്ചു. സെലിബ്രിറ്റികളുടെ സെൽഫി യോട്ട്" എന്നാണ് ഇസ്രയേല്‍ വിദേശകാര്യ മന്ത്രി ഈ കപ്പലിനെ വിശേഷിപ്പിച്ചത്.
ഗ്രെറ്റ തുന്‍ബർഗും സാമൂഹിക പ്രവർത്തകരുള്‍പ്പെടെ 12 പേരാണ് ഗാസയിലെ ജനങ്ങൾക്ക് സഹായമുറപ്പിക്കാൻ കപ്പലിൽ യാത്ര തിരിച്ചത്. ഗാസയിലെ വഷളാകുന്ന മാനുഷിക പ്രതിസന്ധി ഉയർത്തിക്കാട്ടുക എന്നതാണ് ദൗത്യത്തിൻ്റെ ലക്ഷ്യമെന്നായിരുന്നു ഇവർ അഭിപ്രായപ്പെട്ടത്.
കപ്പൽ തടഞ്ഞതിന് പിന്നാലെ ദൗത്യം നിയമവിരുദ്ധവും പ്രകോപനപരവുമാണെന്നാണ് ഇസ്രയേൽ വിദേശകാര്യ മന്ത്രാലയം എക്സിൽ കുറിച്ചത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി കപ്പൽ ലക്ഷ്യസ്ഥാനത്ത് എത്താൻ അനുവദിക്കില്ലെന്ന മുന്നറിയിപ്പും ഇസ്രയേൽ നൽകിയിരുന്നു.