Israel-Iran Conflict Highlights | വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുണ്ട്; എല്ലാം സാധ്യമാക്കി: ട്രംപ്

ഇന്ന് രാവിലെ സെൻട്രൽ-സതേൺ ഇസ്രയേൽ നഗരങ്ങളിലേക്ക് ഏഴ് തവണയായി നിരവധി മിസൈലുകൾ ഇറാൻ തൊടുത്തുവിട്ടെന്ന് ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു.
Donald Trump, Benjamin Netanyahu and Ayathollah Ali Khameni
ആയത്തൊള്ള അലി ഖമേനി, ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹുSource: X/ Donald Trump, Benjamin Netanyahu, Ayathollah Ali Khameni

ബീർഷെബയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടം തകർന്ന് 4 മരണം

ഇറാൻ ഇന്ന് രാവിലെ ആദ്യം തൊടുത്തുവിട്ട രണ്ട് മിസൈലുകളും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാക്കിയില്ലെങ്കിലും, രണ്ടാമത് തൊടുത്തുവിട്ട നാല് മിസൈലുകളിൽ ഒരെണ്ണം ബീർഷെബയിലെ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് മുകളിലാണ് പതിച്ചത്. ഇവിടെ നാല് പേർ മരിക്കുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ രണ്ടു പേരുടെ ആരോഗ്യനില ഗുരുതരമാണ്. കെട്ടിടം തകർന്നതായി ഇസ്രയേൽ സൈന്യത്തെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു.

Donald Trump, Benjamin Netanyahu and Ayathollah Ali Khameni
സമ്പൂർണ വെടിനിർത്തലെന്ന് ട്രംപ്; അവകാശവാദം തള്ളി ഇറാൻ, പ്രതികരിക്കാതെ ഇസ്രയേൽ

സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ്

ഖത്തറിൽ യുഎസ് സൈനിക വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ സമ്പൂർണ വെടിനിർത്തൽ പ്രഖ്യാപിച്ച് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്നും ട്രംപ് അറിയിച്ചു. ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ പ്രാബല്യത്തിലാകുമെന്നാണ് യുഎസ് പ്രസിഡൻ്റ് അവകാശപ്പെടുന്നത്.

നിഷേധിച്ച് ഇറാൻ, പ്രതികരിക്കാതെ ഇസ്രയേൽ

ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം ഇറാൻ നിഷേധിച്ചു. തങ്ങൾ വെടിനിർത്തലിന് ഇല്ലെന്ന് ഇറാൻ സർക്കാർ അറിയിച്ചതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. യുഎസ് ശ്രമിക്കുന്നത് ജനശ്രദ്ധ തിരിച്ചുവിടാനാണെന്നും ട്രംപിൻ്റെ പ്രഖ്യാപനം തെറ്റാണെന്നുമാണ് ഇറാൻ്റെ വാദം. എന്നാൽ ട്രംപിൻ്റെ പ്രഖ്യാപനത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

തുടരെ അപകട സൈറൺ മുഴക്കി ഇസ്രയേൽ

ട്രംപിൻ്റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ അഞ്ചാമതും മിസൈൽ ആക്രമണത്തിൻ്റെ അപകട സൈറൺ മുഴക്കി ഇസ്രയേൽ. ആറ് മണിക്കൂറിനകം ഇറാൻ-ഇസ്രയേൽ സംഘർഷത്തിൽ വെടിനിർത്തൽ ഉടൻ വരുമെന്ന യുഎസ് പ്രസിഡൻ്റ് ട്രംപിൻ്റെ പ്രസ്താവനയോട് ഇസ്രയേൽ നേതൃത്വം പ്രതികരിച്ചിട്ടില്ല. ഇന്ന് രാവിലെ ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിൻ്റെ നേതൃത്വത്തിൽ മന്ത്രിസഭാ യോഗം ചേർന്നിരുന്നു.

ഇറാനിയൻ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു

തെഹ്റാനിലെ ഇസ്രയേൽ ആക്രമണത്തിൽ ഇറാൻ ശാസ്ത്രജ്ഞൻ കൊല്ലപ്പെട്ടു.

നാറ്റോ ഉച്ചകോടി: വിട്ടുനിൽക്കാൻ ജപ്പാനും ദക്ഷിണ കൊറിയയും

നാറ്റോ ഉച്ചകോടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് ജപ്പാനും ദക്ഷിണ കൊറിയയും. ഇറാന് എതിരായ അമേരിക്കൻ ആക്രമണത്തെ തുടർന്നാണ് തീരുമാനം.

ആറാമതും മിസൈൽ തൊടുത്തുവിട്ട് ഇറാൻ

സെൻട്രൽ ഇസ്രയേൽ, ഹൈഫ നഗരങ്ങളളെ ലക്ഷ്യമാക്കി ആറാമതും മിസൈൽ തൊടുത്തുവിട്ട് ഇറാൻ.

വെടിനിർത്തൽ ആരംഭിച്ചെന്ന് ഇറാനിയൻ മാധ്യമങ്ങൾ

ഇന്ന് രാവിലെ ഇസ്രയേലിന് നേരെ നിരവധി മിസൈലാക്രമണങ്ങൾ നടന്നതിന് പിന്നാലെ ഇസ്രയേലും ഇറാനും തമ്മിലുള്ള "വെടിനിർത്തൽ ആരംഭിച്ചതായി" ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അൽ ജസീറയാണ് ഈ വാർത്ത ആദ്യം നൽകിയത്.

ഇസ്രയേൽ-ഇറാൻ വെടിനിർത്തൽ നിലവിൽ വന്നെന്ന് ട്രംപ്

ഇസ്രയേലും ഇറാനും തമ്മിലുള്ള വെടിനിർത്തൽ നിലവിൽ വന്നതായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇസ്രയേലിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടായിട്ടില്ല. "വെടിനിർത്തൽ ഇപ്പോൾ പ്രാബല്യത്തിൽ ഉണ്ട്. ദയവായി അത് ലംഘിക്കരുത്," ട്രംപ് തന്റെ സോഷ്യൽ മീഡിയ നെറ്റ്‌വർക്കായ ട്രൂത്ത് സോഷ്യലിലൂടെ അഭ്യർഥിച്ചു.

ഇറാനിയൻ സ്റ്റേറ്റ് ടെലിവിഷൻ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതായി പറഞ്ഞിട്ടുണ്ടെങ്കിലും സർക്കാർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയോയെന്ന് വ്യക്തമല്ല. ബീർഷെബയിലെ ഒരു റെസിഡൻഷ്യൽ കെട്ടിടത്തിൽ ഇറാനിയൻ ബാലിസ്റ്റിക് മിസൈൽ പതിച്ചതോടെ നാല് പേർ കൊല്ലപ്പെട്ടിരുന്നു.

മൂന്ന് മണിക്കൂറിന് ശേഷം വ്യോമപാത തുറന്ന് ഇസ്രയേൽ

ഇറാനിൽ നിന്നുള്ള മണിക്കൂറുകളോളം നീണ്ട മിസൈൽ ആക്രമണത്തെ തുടർന്ന് അടച്ചിട്ടിരുന്ന രാജ്യത്തിൻ്റെ വ്യോമാതിർത്തി അടിയന്തര വിമാന സർവീസുകൾക്കായി വീണ്ടും തുറന്നതായി ഇസ്രയേൽ വിമാനത്താവള അതോറിറ്റി അറിയിച്ചു.

ബീർഷെബ മിസൈലാക്രമണത്തിൽ 20 പേർക്ക് പരിക്ക്

ഇസ്രയേലിലെ ബീർഷെബയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിന് മുകളിലാണ് ഇറാനിയൻ മിസൈൽ പതിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റത് 20 പേർക്ക്. ഇവിടെ നാല് പേർ മരിച്ചിരുന്നു.

വടക്കു പടിഞ്ഞാറൻ ഇറാനെ ആക്രമിച്ച് ഇസ്രയേൽ; 9 മരണം

ഇറാൻ്റെ വടക്കു പടിഞ്ഞാറൻ മേഖലയിൽ ഇസ്രയേലിൻ്റെ വ്യോമാക്രമണത്തിൽ 9 പേർ കൊല്ലപ്പെടുകയും 30ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു.

ഒടുവിൽ പശ്ചിമേഷ്യയിൽ വെള്ളക്കൊടി; വെടിനിർത്തൽ അംഗീകരിച്ച് നെതന്യാഹു

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച വെടിനിർത്തൽ കരാറിനെ അനുകൂലിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇതോടെ പശ്ചിമേഷ്യക്ക് മുകളിലായി ആഴ്ചകളായി മൂടി നിന്നിരുന്ന ഗ്ലോബൽ വാർ എന്ന ആശങ്കയുടെ കരിമ്പടം നീങ്ങുകയാണ്. ഇറാനെതിരായ ആക്രമണമായ 'ഓപ്പറേഷൻ റൈസിംഗ് ലയണി'ലൂടെ എല്ലാ ലക്ഷ്യങ്ങളും ഇസ്രയേൽ നേടിയെന്ന് നെതന്യാഹു മാധ്യമങ്ങളോട് പറഞ്ഞു. ആണവ, ബാലിസ്റ്റിക് മിസൈൽ മേഖലകളിലെ അടിയന്തരാവസ്ഥ നെതന്യാഹു പിൻവലിക്കുകയും ചെയ്തു.

വെടിനിർത്തൽ ലംഘിച്ചോ? വടക്കൻ ഇസ്രയേലിലേക്ക് ഒരു മിസൈൽ അയച്ച് ഇറാൻ

വെടിനിർത്തൽ പ്രഖ്യാപനങ്ങൾക്ക് ഇസ്രയേൽ സന്നദ്ധമാണെന്ന് അറിയിച്ചതിന് പിന്നാലെ വടക്കൻ ഇസ്രയേലിലേക്ക് ഇറാൻ ഒരു മിസൈൽ തൊടുത്തുവിട്ടെന്ന് ഇസ്രയേലി മാധ്യമമായ ദി ടൈംസ് ഓഫ് ഇസ്രയേൽ റിപ്പോർട്ട് ചെയ്തു. വടക്കൻ ഇസ്രയേലിൽ മിസൈൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. അതേസമയം, ഇറാൻ തൊടുത്തുവിട്ട മിസൈൽ ആകാശത്ത് വെച്ച് തന്നെ നശിപ്പിച്ചെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. അതേസമയം, ആളപായമോ നാശനഷ്ടമോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇറാനും വെടിനിർത്തൽ പ്രഖ്യാപിച്ചു

ഇറാനിലെ ഉന്നത സുരക്ഷാ ഏജൻസി ഇസ്രയേലുമായി വെടിനിർത്തൽ പ്രഖ്യാപിച്ചു. ആണവ കേന്ദ്രങ്ങൾക്കുണ്ടായ നാശനഷ്ടം വിലയിരുത്തുമെന്നും അവയുടെ പുനരുദ്ധാരണം നടത്തുമെന്നും ന്യൂക്ലിയർ വകുപ്പ് മേധാവി മൊഹമ്മദ് എസ്ലാമി പറഞ്ഞു.

"സയണിസ്റ്റ് ശത്രുവിനും അവരുടെ നീചരായ പിന്തുണക്കാർക്കും മേൽ യുദ്ധം അവസാനിപ്പിക്കാൻ ഭരണകൂടം തീരുമാനിക്കുകയാണ്" എന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ ഒരു പ്രസ്താവന പുറപ്പെടുവിച്ചു.

ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതായി ഇസ്രയേല്‍

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് രണ്ടര മണിക്കൂറിനുള്ളില്‍ ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചതായി ഇസ്രയേല്‍ പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് ആരോപിച്ചു. ശക്തമായി തിരിച്ചടിക്കാന്‍ ഇസ്രയേല്‍ സേനയ്ക്ക് മന്ത്രി നിര്‍ദേശം നല്‍കുകയും ചെയ്തു. ഇസ്രയേലിലേക്ക് മിസൈലുകള്‍ തൊടുത്തുവെന്നും ഇതിന് മറുപടിയായി തെഹ്‌റാന്റെ ഹൃദയത്തില്‍ തന്നെ ഇസ്രയേല്‍ ആക്രമിക്കുമെന്നുമാണ് പ്രതിരോധ മന്ത്രി ഇസ്രയേല്‍ കാറ്റ്‌സ് പറഞ്ഞത്. ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ പ്രതികരണവുമായി എത്തിയത്.

'ഇറാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് മിസൈല്‍ അയച്ചിട്ടില്ല'

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇറാന്‍ ഇസ്രയേലിലേക്ക് മിസൈലുകള്‍ വിക്ഷേപിച്ചുവെന്ന വാദം തള്ളി ഇറാന്‍. ഇറാന്റെ സായുധ സേനയുടെ ജനറല്‍ സ്റ്റാഫ് ആണ് ഇസ്രയേല്‍ ആരോപണം നിഷേധിച്ചത്.

ഇസ്രയേല്‍ എവിന്‍ ജയിലില്‍ ആക്രമിച്ചത് അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനം- യുഎന്‍

ഇസ്രയേല്‍ ഇറാനിലെ എവിന്‍ ജയില്‍ ആക്രമിച്ചത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് ഐക്യരാഷ്ട്ര സഭ. തിങ്കളാഴ്ചയാണ് ഇസ്രയേല്‍ എവിന്‍ ജയില്‍ അടക്കമുള്ള വിവിധ പ്രദേശങ്ങളില്‍ ആക്രമണം നടത്തിയത്. എന്നാല്‍ ജയില്‍ ആക്രമിച്ച നടപടിയെ യുഎന്‍ റൈറ്റ്‌സ് ഓഫീസ് അപലപിച്ചു. 'എവിന്‍ ജയില്‍ സൈനിക നടപടികളുമായി ഏതെങ്കിലും തരത്തില്‍ ബന്ധപ്പെട്ടതല്ല. അതിനെ ലക്ഷ്യം വെക്കുക എന്ന് പറയുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്,' യുഎന്‍ മനുഷ്യാവകാശ വക്താവ് തമീന്‍ അല്‍ ഖീതാന്‍ ജനീവയിലെ റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. ഇസ്രയേലിനെ പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു വക്താവ് ഇക്കാര്യം പറഞ്ഞത്. ആക്രമണത്തിന് പിന്നാലെ എവിന്‍ ജയിലിലെ തടവുകാരെ തെഹ്‌റാനിലെ മറ്റൊരു പ്രവിശ്യയിലേക്ക് മാറ്റിയതായും ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇനി ഇറാനെ ആക്രമിക്കരുത്; നെതന്യാഹുവിന് ട്രംപിന്റെ മുന്നറിയിപ്പ്

ഇറാനെ ആക്രമിക്കരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനോട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍ ഇറാന്‍ വെടിനിര്‍ത്തല്‍ ലംഘിച്ചതിനാല്‍ ഇറാനെതിരെ തിരിച്ചടിക്കാതിരിക്കാനാവില്ലെന്ന് നെതന്യാഹു ട്രംപിനോട് മറുപടി പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

പ്രഖ്യാപനത്തിനു പിന്നാലെ, ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചതായി ട്രംപ്

വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ഇസ്രയേലും ഇറാനും അത് ലംഘിച്ചതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ടെഹ്‌റാനില്‍ പുതിയ ആക്രമണങ്ങള്‍ പ്രഖ്യാപിച്ച ഇസ്രയേല്‍ നടപടിയില്‍ ട്രംപ് നിരാശ പ്രകടിപ്പിച്ചു. ഇറാനില്‍ ഇനി ബോംബ് ഇടരുത്. വെടിനിര്‍ത്തല്‍ ലംഘിക്കരുത്. പൈലറ്റുമാരെ തിരിച്ചുവിളിക്കണമെന്നും ട്രംപ് ഇസ്രയേലിനോടായി പറഞ്ഞു. ഹേഗില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതിനു പിന്നാലെയാണ് ട്രൂത്ത് സോഷ്യലില്‍ ട്രംപിന്റെ പ്രതികരണം.

'ഇസ്രയേല്‍ ഇറാനെ ആക്രമിക്കില്ല... ഇറാന്‍ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല... ചൈനയ്ക്ക് ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം'

ഇസ്രയേലും ഇറാനും വെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് അതൃപ്തി പരസ്യമാക്കിയതിനു പിന്നാലെ, പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരമായെന്ന് അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇസ്രയേല്‍ ഇറാനെ ആക്രമിക്കാന്‍ പോകുന്നില്ലെന്നാണ് ട്രംപിന്റെ പുതിയ അപ്‍ഡേറ്റ്. ഇറാന്‍ ഒരിക്കലും അവരുടെ ആണവ സൗകര്യങ്ങള്‍ പുനഃനിര്‍മിക്കില്ല. ചൈനയ്ക്ക് ഇനി ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരാം. ഇതൊക്കെ സാധ്യമാക്കാനായത് വലിയൊരു ബഹുമതിയായി കാണുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു. നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഹേഗിലേക്കുള്ള യാത്രയിലാണ് ട്രംപ്.

News Malayalam 24x7
newsmalayalam.com