Israel-Iran Conflict Live | ട്രംപിന്റെ എടുത്തുചാട്ടത്തിന് മറുപടി; ആഗോള എണ്ണ വിപണിയില്‍ ആശങ്ക സൃഷ്ടിക്കുന്ന തീരുമാനവുമായി ഇറാന്‍

ഇറാൻ്റെ ആണവ നിരായുധീകരണം ലക്ഷ്യം വെച്ച് കടുത്ത സൈനിക നടപടികളുമായി യുഎസ് കൂടി രംഗത്തെത്തിയതോടെ മിഡിൽ ഈസ്റ്റിലെ സംഘർഷം നിർണായക വഴിത്തിരിവിലേക്കാണ് എത്തിപ്പെടുന്നത്. ബെഞ്ചമിൻ നെതന്യാഹുവിന് കീഴിലുള്ള ഇസ്രയേലാണ് ആക്രമണം തുടങ്ങിവെച്ചതും ആകാശമാർഗം ഇറാനെ ആക്രമിക്കാൻ യുഎസിന് അനായാസം വഴിയൊരുക്കിയതും. കൃത്യമായ ആസൂത്രണത്തോടെയാണ് ഇരു രാജ്യങ്ങളും ഇറാനെതിരായ സൈനിക നീക്കം ആരംഭിച്ചിരിക്കുന്നതെന്ന് വ്യക്തം.
Donald Trump, Benjamin Netanyahu and Ayathollah Ali Khameni
ആയത്തൊള്ള അലി ഖമേനി, ഡൊണാൾഡ് ട്രംപ്, ബെഞ്ചമിൻ നെതന്യാഹുSource: X/ Donald Trump, Benjamin Netanyahu, Ayathollah Ali Khameni

ലോക സമാധാനത്തിനുള്ള നീക്കമെന്ന് ട്രംപ്

ആദ്യം ഇറാൻ്റെ സൈനിക മേധാവിമാരെ ലക്ഷ്യം വെച്ച് തുടങ്ങിയ ഇസ്രയേലിൻ്റെ ആക്രമണം, പിന്നീട് ഇറാൻ്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനിയെ കൂടി വധിക്കാൻ ലക്ഷ്യമിടുന്നതാണെന്ന് നെതന്യാഹുവും ട്രംപും വ്യക്തമാക്കിയിരുന്നു. മിഡിൽ ഈസ്റ്റിലെ സംഘർഷം ലഘൂകരിക്കുകയാണ് ലക്ഷ്യമെന്നാണ് ഇരു രാജ്യങ്ങളുടെയും വാദം. ഇറാൻ്റെ ആണവ കേന്ദ്രങ്ങൾ ആക്രമിച്ച നടപടിയെ ലോക സമാധാനത്തിനുള്ള നീക്കമെന്നാണ് ട്രംപ് വാദിക്കുന്നത്.

തകർന്നത് ഫോർദോ ആണവ കേന്ദ്രത്തിൻ്റെ ഒരു ഭാഗം മാത്രമോ?

അതേസമയം, ഫോർദോ ആണവ കേന്ദ്രത്തിൻ്റെ ഒരു ഭാഗം മാത്രമാണ് യുഎസ് വ്യോമാക്രമണത്തിൽ തകർന്നതെന്ന് വാർത്താ ഏജൻസിയായ ദി ഇറാനിയൻ തസ്നിം റിപ്പോർട്ട് ചെയ്യുന്നു. ഇറാൻ്റെ സൈനിക ഹെഡ് ക്വാർട്ടേഴ്സായ ഖോമിൻ്റെ (Qom) വക്താവ് സ്ഥിരീകരിച്ചു.

"ഏതാനും മണിക്കൂറുകൾക്ക് മുമ്പ് ഖോമിൻ്റെ വ്യോമ പ്രതിരോധ സംവിധാനങ്ങൾക്ക് മുന്നറിയിപ്പ് ലഭിക്കുകയും, ശത്രുക്കളുടെ ആക്രമണ ലക്ഷ്യങ്ങൾ തിരിച്ചറിയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഫോർഡോ ആണവ കേന്ദ്രത്തിൻ്റെ ഒരു ഭാഗം ശത്രുക്കളുടെ വ്യോമാക്രമണത്താൽ തകർന്നു," കോം പ്രൊവിൻഷ്യൽ ക്രൈസിസ് മാനേജ്‌മെന്റ് ആസ്ഥാനത്തിൻ്റെ വക്താവ് മോർട്ടെസ ഹെയ്ദാരി പറഞ്ഞതായി അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നു.

യുഎസ് ആക്രമണം യുദ്ധത്തിന്റെ തുടക്കം: ഹൂതികള്‍

ഇറാന്‍ ആണവ കേന്ദ്രങ്ങൾക്ക് നേരെ നടന്ന യുഎസിന്റെ ആക്രമണം യുദ്ധത്തിന്റെ തുടക്കമെന്ന് യെമനിലെ ഹൂതികള്‍.

ഒരു ആണവ കേന്ദ്രം നശിപ്പിക്കുന്നത് യുദ്ധത്തിന്റെ അവസാനമല്ല, മറിച്ച് അത് ഒരു തുടക്കമാണെന്ന് യെമനിലെ ഹൂതികളുടെ രാഷ്ട്രീയ ബ്യൂറോ അംഗമായ മുഹമ്മദ് അൽ-ഫറ പ്രതികരിച്ചു. "ആക്രമിച്ചിട്ട് ഓടുന്ന സമയം കഴിഞ്ഞു"വെന്നും അൽ-ഫറ കൂട്ടിച്ചേർത്തു.

ഇസ്രയേലിന്റെ സംഘർഷത്തില്‍ സ്വന്തം നാശത്തിനായാണ് യുഎസ് പ്രവേശിക്കുന്നത്: ഖമേനി

ഇറാന് നേരിടേണ്ടിവരുന്ന ഏതൊരു ദോഷത്തേക്കാളും വളരെ വലുതായിരിക്കും എതിരാളികള്‍ക്ക് സംഭവിക്കുന്ന നാശനഷ്ടങ്ങളെന്ന് ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി. ഇസ്രയേലിന്റെ സംഘർഷത്തില്‍ "സ്വന്തം ഹാനിക്കാണ്" യുഎസ് പ്രവേശിക്കുന്നതെന്നും ഖമേനി വീഡിയോ സന്ദേശത്തില്‍ മുന്നറിയിപ്പ് നല്‍കി.

"ട്രംപും യുഎസും കരുത്തുകാട്ടി"; അഭിനന്ദിച്ച് നെതന്യാഹു

ട്രംപിൻ്റേത് ചരിത്രത്തെ മാറ്റിമറിക്കുന്ന പക്വമായ ഇടപെടലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. "കരുത്ത് നേടുന്നതിലൂടെ മാത്രമെ സമാധാനം പുലരുകയുള്ളൂ (Peace through strength) എന്ന് യുഎസ് പ്രസിഡൻ്റ് ട്രംപും ഞാനും പലപ്പോഴും പറയാറുണ്ട്. ആദ്യം കരുത്താണ് വരുന്നത്, പിന്നീടാണ് സമാധാനം വരിക. ഇന്നലെ രാത്രി ട്രംപും യുഎസും ശരിക്കും കരുത്തുകാട്ടി," നെതന്യാഹു എക്സിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു.

"ഇറാൻ ഭീകരതയുടെ നമ്പർ വൺ സ്പോൺസർ, യുഎസിൻ്റേത് മികവുറ്റ സൈനിക വിജയം"

ഇറാൻ്റെ ആണവ സമ്പുഷ്ടീകരണ ശേഷി തടയുകയും, ഭീകരതയെ സ്പോൺസർ ചെയ്യുന്ന ലോകത്തിലെ ഒന്നാം നമ്പർ രാജ്യം ഉയർത്തുന്ന ആണവ ഭീഷണി അവസാനിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഇന്നലെ രാത്രിയിലെ ആക്രമണങ്ങളുടെ ലക്ഷ്യമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. "ഇന്നലെ രാത്രിയിലെ ഇറാനിലെ യുഎസ് ആക്രമണങ്ങൾ അതിശയകരമായ സൈനിക വിജയമായിരുന്നുവെന്ന് എനിക്ക് ലോകത്തോട് റിപ്പോർട്ട് ചെയ്യാൻ കഴിയും," ട്രംപ് പറഞ്ഞു.

ആണവ വികിരണം പുറത്തേക്ക് വന്നിട്ടില്ലെന്ന് ഇറാൻ

അമേരിക്ക ആക്രമിച്ച ആണവ കേന്ദ്രങ്ങളിൽ നിന്ന് ആണവ വികിരണങ്ങൾ പുറത്തേക്ക് വരുന്നില്ലെന്ന് സ്ഥിരീകരിച്ച് ഇറാൻ. യുഎസ് ആക്രമണത്തിന് പിന്നാലെ ഇസ്രയേൽ വ്യോമപാത അടച്ചിട്ടുണ്ട്.

"സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ട ഭീഷണി"; അപലപിച്ച് ഹമാസ്

ഇറാനെതിരായ യുഎസ് അക്രമണത്തെ അപലപിച്ച് ഹമാസ്. "ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്റെ പരമാധികാരത്തിന് എതിരായ യുഎസ് ആക്രമണത്തെ ഇസ്ലാമിക് റെസിസ്റ്റൻസ് മൂവ്‌മെന്റ് (ഹമാസ്) ശക്തമായി അപലപിക്കുന്നു," ഇറാനെതിരായ ഇസ്രയേലിന്റെ ആക്രമണത്തില്‍ യുഎസ് പങ്കുചേർന്നതായി ട്രംപ് പ്രഖ്യാപിച്ചതിന് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ ഹമാസ് പറഞ്ഞു.

യുഎസ് ആക്രമണത്തെ "അന്താരാഷ്ട്ര നിയമത്തിന്റെ നഗ്നമായ ലംഘനവും ആഗോള സമാധാനത്തിനും സുരക്ഷയ്ക്കും നേരിട്ടുള്ള ഭീഷണിയും" എന്നാണ് ഹമാസ് വിശേഷിപ്പിച്ചത്.

ജറുസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങൾ; ഇസ്രയേലിലുടനീളം വ്യോമ മുന്നറിയിപ്പ്

യുഎസ് യുദ്ധവിമാനങ്ങൾ മൂന്ന് ആണവ കേന്ദ്രങ്ങൾ തകർത്തെന്ന് അവകാശപ്പെട്ടതിന് പിന്നാലെ ശക്തമായി തിരിച്ചടിച്ച് ഇറാൻ. ജറുസലേമിലും ടെൽ അവീവിലും സ്ഫോടനങ്ങൾ ഉണ്ടായതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ഇസ്രയേലിലുടനീളം വ്യോമ മുന്നറിയിപ്പ് നിർദേശം നൽകിയിട്ടുണ്ട്.

അതേസമയം, ജോർദാനിലെ പൊതു സുരക്ഷാ ഡയറക്ടറേറ്റ് രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും വ്യോമാക്രമണ സൈറണുകൾ സജീവമാക്കിയിട്ടുണ്ട്.

ഇറാൻ്റെ മിസൈലാക്രമണത്തിൽ 12 പേർക്ക് പരിക്ക്

ഇസ്രയേലിലെ 10 ഇടങ്ങളിൽ റോക്കറ്റുകളും അവശിഷ്ടങ്ങളും പതിച്ചതായി പ്രാഥമിക റിപ്പോർട്ട്. 12 പേർക്ക് പരിക്കേറ്റിട്ടുണ്ട്. 30 ഓളം മിസൈലുകളാണ് വർഷിച്ചതെന്നും റിപ്പോർട്ടുണ്ട്.

ഇസ്രയേലിൽ പരിക്കേറ്റവരുടെ എണ്ണം ഉയരുന്നു

ഇറാന്റെ മിസൈല്‍ ആക്രമണത്തില്‍ ഇസ്രയേലിൽ കുറഞ്ഞത് 20 പേർക്ക് പരിക്കേറ്റതായി രാജ്യത്തെ അടിയന്തര സേവന വിഭാഗത്തെ ഉദ്ധരിച്ച് അരൂട്ട്സ് ഷെവ ഔട്ട്‌ലെറ്റ് റിപ്പോർട്ട് ചെയ്തു.

ആണവ നിർവ്യാപന കരാറിൽ നിന്ന് ഇനി ഇറാന് പിന്മാറാം: ഇറാനിയൻ എംപി

ഫോർദോ, നതാൻസ്, ഇസ്ഫഹാൻ എന്നിവിടങ്ങളിലെ ഇറാന്റെ ആണവ കേന്ദ്രങ്ങളിൽ യുഎസ് ആക്രമണങ്ങൾ നടത്തിയതിന് ശേഷം, ആണവ നിർവ്യാപന കരാറിന്റെ ആർട്ടിക്കിൾ 10 പ്രകാരം ഇറാന് ഇപ്പോൾ കരാറിൽ നിന്ന് പിന്മാറാനുള്ള നിയമപരമായ അവകാശമുണ്ടെന്ന് ഇറാനിയൻ എംപിയും വിദേശകാര്യ നയ സമിതി തലവനുമായ അബ്ബാസ് ഗോൾറൂ പറഞ്ഞു.

'സംഘര്‍ഷം ലഘൂകരിക്കണം, നയതന്ത്ര മാര്‍ഗം സ്വീകരിക്കണം': ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി മോദി

ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷം അയവില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഇറാനുമായി ആശങ്ക പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാനുമായി മോദി ഫോണില്‍ സംസാരിച്ചു. സമീപകാല സംഘര്‍ഷങ്ങളില്‍ ആശങ്ക അറിയിച്ചതിനൊപ്പം, സംഘര്‍ഷം ലഘൂകരിക്കാന്‍ നയതന്ത്ര മാര്‍ഗം സ്വീകരിക്കണമെന്ന ഇന്ത്യയുടെ നിലപാട് ആവര്‍ത്തിച്ചതായും മോദി എക്സില്‍ കുറിച്ചു.

യുഎസ് ആക്രമിച്ച ആണവകേന്ദ്രങ്ങള്‍ക്കു ചുറ്റും റേഡിയേഷന്‍ തോത് ഉയര്‍ന്നിട്ടില്ലെന്ന് ഐ.എ.ഇ.എ

യുഎസ് ആക്രമിച്ച ഇറാനിലെ ആണവ കേന്ദ്രങ്ങളുടെ പരിസരങ്ങളില്‍ റേഡിയേഷന്‍ (off-site radiation) തോത് വര്‍ധിച്ചിട്ടില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ സമിതി (ഐ.എ.ഇ.എ). നിലവിലെ സാഹചര്യമാണ് സമിതി അറിയിച്ചത്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതനുസരിച്ച് വിലയിരുത്തല്‍ അപ്‌ഡേറ്റ് ചെയ്യുമെന്നും സമിതി അറിയിച്ചു.

ട്രംപിന്റെ എടുത്തുചാട്ടത്തിന് ഇറാന്റെ മറുപടി

ഇറാന്റെ സൈനിക നീക്കത്തിനൊപ്പം യുഎസും ചേര്‍ന്നതിനു പിന്നാലെ കടുത്ത നടപടിയുമായി ഇറാന്‍. ഹോര്‍മൂസ് കടലിടുക്ക് അടയ്ക്കാനാണ് ഇറാന്റെ തീരുമാനം. തീരുമാനത്തിന് ഇറാനിയന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കിയതായി ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ച് ഇറാനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാന്‍ പരമാധികാരി ആയത്തൊള്ള അലി ഖമേനിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത്. പേര്‍ഷ്യന്‍ ഗള്‍ഫിനെയും ഗള്‍ഫ് ഓഫ് ഒമാനെയും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് ഹോര്‍മൂസ് കടലിടുക്ക്. ഇത് അടയ്ക്കുന്നത് 40 ശതമാനത്തോളം എണ്ണകപ്പലുകളുടെയും, ചരക്ക് കപ്പലുകളുടെയും ഗതാഗതത്തെ ബാധിക്കും. ആഗോള എണ്ണ വിപണിയില്‍ തന്നെ ആശങ്ക സൃഷ്ടിക്കുന്നതാണ് ഇറാന്റെ തീരുമാനം.

News Malayalam 24x7
newsmalayalam.com